'ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍ പെരുമാറുന്നത് ഏകാധിപത്യ രീതിയിൽ'; എം എ ബേബി

ബിജെപി നേതാക്കള്‍ പറയുന്നത് കടുത്ത അസംബന്ധമാണെന്നും എം ബേബി മാധ്യമങ്ങളോട് പറഞ്ഞു

dot image

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍ പെരുമാറുന്നത് ഏകാധിപത്യ രീതിയിലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഒരു തെറ്റും ചെയ്യാത്ത കന്യാസ്ത്രീമാരെ ജയിലില്‍ അടച്ചുവെന്നും ബിജെപി നേതാക്കള്‍ പറയുന്നത് കടുത്ത അസംബന്ധമാണെന്നും എം ബേബി മാധ്യമങ്ങളോട് പറഞ്ഞു.

ഏകാധിപത്യരീതിയിലാണ് ഛത്തീസ്ഗഡില്‍ ബിജെപി സര്‍ക്കാര്‍ പെരുമാറുന്നത്. പ്രതിനിധി സംഘങ്ങളെ കാണാന്‍ കന്യാസ്ത്രീമാരെ അനുവദിക്കുന്നില്ലായെന്നും ക്രിസ്മസ് അടുക്കുമ്പോള്‍ കേക്കുമായി ചെന്ന് ചില തട്ടിപ്പുകള്‍ ബിജെപിക്കാര്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, അറസ്റ്റിലാക്കപ്പെട്ട കന്യാസ്ത്രീകളെ കാണാന്‍ ദുര്‍ഗ് ജയില്‍ ഭരണകൂടം സിപിഐ (എം), സിപിഐ, കേരള കോണ്‍ഗ്രസ് (എം) നേതാക്കളുടെ സംഘത്തിന് അനുമതി നിഷേധിച്ച സംഭവത്തില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അപലപിച്ചു. സുതാര്യത, ഉത്തരവാദിത്തം, വ്യക്തികളുടെ അവകാശങ്ങള്‍ എന്നിവ അടിച്ചമര്‍ത്താനുള്ള ഈ ശ്രമം ന്യായീകരിക്കാനാവാത്തതാണെന്നും കന്യാസ്ത്രീകളുടെ അറസ്റ്റ് മതസ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തുകയും ന്യൂനപക്ഷ സമൂഹങ്ങളെ ഉപദ്രവിക്കുകയും ചെയ്യുന്ന വിശാലമായ ഒരു മാതൃകയുടെ ഭാഗമാണെന്നും പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു

കുറിപ്പിന്റെ പൂര്‍ണരൂപം

വ്യാജ കുറ്റങ്ങള്‍ ചുമത്തി ഛത്തീസ്ഗഢ് ജിആര്‍പി അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളെ കാണാന്‍ ദുര്‍ഗ് ജയില്‍ ഭരണകൂടം സിപിഐ (എം), സിപിഐ, കേരള കോണ്‍ഗ്രസ് (എം) നേതാക്കളുടെ സംഘത്തിന് അനുമതി നിഷേധിച്ചതിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു. സുതാര്യത, ഉത്തരവാദിത്തം, വ്യക്തികളുടെ അവകാശങ്ങള്‍ എന്നിവ അടിച്ചമര്‍ത്താനുള്ള ഈ ശ്രമം ന്യായീകരിക്കാനാവാത്തതാണ്.
സിപിഐ (എം) നേതാവ് ബൃന്ദ കാരാട്ട്, എംപിമാരായ കെ രാധാകൃഷ്ണന്‍, എ എ റഹിം; സിപിഐ നേതാവ് ആനി രാജ, എംപി പി പി സുനീര്‍; കേരള കോണ്‍ഗ്രസ് (എം) നേതാവും എംപിയുമായ ജോസ് കെ മാണി എന്നിവരടങ്ങുന്ന സംഘത്തിന് ഇന്ന് അറസ്റ്റിലായ കന്യാസ്ത്രീകളെ കാണാന്‍ അനുമതി നിഷേധിച്ചു. നേരത്തെ തന്നെ രേഖാമൂലമുള്ള അനുമതി തേടിയെങ്കിലും, നിസ്സാരമായ കാരണങ്ങളാല്‍. ശക്തമായ പ്രതിഷേധത്തിന് ശേഷമാണ് നാളെ കന്യാസ്ത്രീകളെ കാണാന്‍ അവര്‍ക്ക് അനുമതി ലഭിച്ചത്.
തടങ്കലില്‍ വച്ചവരുടെ അവസ്ഥ സന്ദര്‍ശിക്കാനും വിലയിരുത്താനും രാഷ്ട്രീയ നേതാക്കള്‍ക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കും ആദ്യം അനുമതി നിഷേധിച്ചത്, ഉചിതമായ നടപടിക്രമങ്ങളോടും മനുഷ്യാവകാശങ്ങളോടും സംസ്ഥാനം കാണിക്കുന്ന അവഗണനയെ കൂടുതല്‍ അടിവരയിടുന്നു. അന്വേഷണത്തെ അടിച്ചമര്‍ത്താനും വിയോജിപ്പിന്റെ ശബ്ദങ്ങളെ നിശബ്ദമാക്കാനും ലക്ഷ്യമിട്ടുള്ള ഇത്തരം നടപടികള്‍ ജനാധിപത്യ തത്വങ്ങള്‍ക്ക് നേരെയുള്ള നേരിട്ടുള്ള ലംഘനമാണ്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരുകളുടെ സ്വേച്ഛാധിപത്യ സ്വഭാവത്തെ ഇത് അടിവരയിടുന്നു.
കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ അടിസ്ഥാനരഹിതവും അവരുടെ മൗലികാവകാശങ്ങളുടെ കടുത്ത ലംഘനവുമാണ്. കന്യാസ്ത്രീകളുടെ അറസ്റ്റ് ഒരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് മതസ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തുകയും ന്യൂനപക്ഷ സമൂഹങ്ങളെ ഉപദ്രവിക്കുകയും ചെയ്യുന്ന വിശാലമായ ഒരു മാതൃകയുടെ ഭാഗമാണ്. ബജ്റംഗ്ദളിന്റെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന ഈ അറസ്റ്റില്‍ ഒരു മാതൃകയുണ്ട്. നമ്മുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതുപോലെ, സ്വതന്ത്രമായും സമാധാനപരമായും സ്വന്തം വിശ്വാസം ആചരിക്കാനുള്ള അവകാശം എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടണം.

Content Highlights- 'BJP government in Chhattisgarh is behaving in a dictatorial manner'; MA Baby

dot image
To advertise here,contact us
dot image