
റായ്പൂർ: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നീതിപൂർണ്ണമായ ഇടപെടൽ വേണമെന്നതാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ഛത്തീസ്ഗഡിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത തലങ്ങളിലെല്ലാം ബിജെപി സംസ്ഥാന നേതൃത്വം ബന്ധപ്പെടുന്നുണ്ട്. ഛത്തീസ്ഗഡിൽ മറ്റൊരു സാഹചര്യമാണ്. നീതിപൂർണ്ണമായ ഇടപെടൽ ഉറപ്പുവരുത്താനാണ് എത്തിയത്. അതിനുവേണ്ട എല്ലാ കാര്യങ്ങളും ചെയ്യുമെന്നും അനൂപ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. എല്ലാ നിലയ്ക്കും നീതി ഉറപ്പാക്കാൻ ബിജെപി ശ്രമിക്കും. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയെ ആദ്യം തന്നെ കാണും. സഭാ നേതൃത്വങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അനൂപ് കൂട്ടിച്ചേർത്തു.
ഓരോ സംസ്ഥാനത്തെയും സാഹചര്യം വ്യത്യസ്തമാണ്. എന്താണ് വസ്തുതയെന്നതിൽ അന്വേഷണം പുരോഗമിക്കട്ടെ. എല്ലാരീതിയിലും നീതി ഉറപ്പാക്കുകയാണ് വേണ്ടത്. അതിന് ബിജെപിക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരമാണ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി രാവിലെ ഛത്തീസ്ഗഡിലെത്തിയത്. ഛത്തീസ്ഗഡ് സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം സഭാനേതൃത്വവുമായി അനൂപ് ആന്റണി ചർച്ച നടത്തിയേക്കും.
ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ. നാരായൻപുർ ജില്ലയിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്നത്. 19 മുതൽ 22 വയസ്സുള്ളവരായിരുന്നു ഇവർ.
റെയിൽവെ സ്റ്റേഷനിലെത്തിയ ബജ്റംഗ്ദൾ പ്രവർത്തകർ ഇവർ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു.
തുടർന്ന് കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും ചെയ്തു. കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോവുകയാണെന്ന് പെൺകുട്ടികൾ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കൾ ജോലിക്ക് പോവാൻ നൽകിയ അനുമതി പത്രവും തിരിച്ചറിയൽ കാർഡുകളും പെൺകുട്ടികൾ ഹാജരാക്കി. തങ്ങൾ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെൺകുട്ടികൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ ബജ്‌റംഗ്ദളോ റെയിൽവെ പൊലീസോ തയ്യാറായില്ലെന്നാണ് ആരോപണം.
കന്യാസ്ത്രീകളുടെ അറസ്റ്റിനെ പിന്തുണച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ സായ് രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. പെൺകുട്ടികളെ മതം മാറ്റാനുള്ള ശ്രമം നടന്നുവെന്നും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവതരമായ വിഷയമാണിതെന്നുമായിരുന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി പ്രതികരണം. എല്ലാ മതങ്ങളിലെയും സമുദായങ്ങളിലെയും ആളുകൾ ഐക്യത്തോടെ ജീവിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. മനുഷ്യക്കടത്ത് വഴി ആളുകളെ മതം മാറ്റാൻ ശ്രമം നടക്കുന്നുണ്ടായിരുന്നുവെന്നും പെൺകുട്ടികളുടെ സുരക്ഷായുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയ നിറം നൽകരുതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു. ബജ്‌റംഗ്ദളിനെ പിന്തുണച്ചായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടന വിരുദ്ധമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പ്രതികരിച്ചിരുന്നു. ബജ്‌റംഗ്ദൾ ആരോപണമാണ് ശരിയെന്ന് മുഖ്യമന്ത്രി പറയുമ്പോൾ ഇതിൽ വലിയ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആഭ്യന്തരമന്ത്രിയും ഒരക്ഷരം മിണ്ടുന്നില്ലെന്നും ബിജെപി സംഘം ഛത്തീസ്ഗഡിൽ പോകുന്നത് പ്രഹസനമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
അതേസമയം, കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ സംഭവസമയത്തെ പ്രതികരണം നിർണ്ണായകമാവുകയാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങൾ പോയതെന്നും ആരുടേയും നിർബന്ധം ഉണ്ടായിട്ടില്ലെന്നും പ്രാദേശിക മാധ്യമപ്രവർത്തകയോട് ഒരു പെൺകുട്ടി പറയുന്നത് റിപ്പോർട്ടറിന് ലഭിച്ചു. തങ്ങൾ ക്രൈസ്തവ വിശ്വാസികളാണ് എന്നും പെൺകുട്ടി പറയുന്നുണ്ട്. കന്യാസ്ത്രീകൾക്കെതിരായ കേസിൽ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. പാചക ജോലിക്കായാണ് സിസ്റ്റർമാർക്കൊപ്പം പോയതെന്നും പെൺകുട്ടി വ്യക്തമാക്കുന്നുണ്ട്. മതപരിവർത്തനം ഉണ്ടായിട്ടില്ലെന്ന് കൂടെയുണ്ടായിരുന്ന യുവാവും പറയുന്നുണ്ട്. മാതാപിതാക്കളുടെ സമ്മതത്തോടെയാണ് യാത്ര തിരിച്ചതെന്നും പെൺകുട്ടി പറയുന്നുണ്ട് എന്നാൽ ഈ ആരോപണങ്ങളെ നിരാകരിക്കുന്നതാണ് സംഭവസമയത്ത് പെൺകുട്ടി നടത്തിയ പ്രതികരണം.
Content Highlights: anoop antony on th arrest of nuns at Chhattisgarh