'സ്വന്തം ഇഷ്ടപ്രകാരമാണ് പോയത്, ക്രൈസ്തവ വിശ്വാസികൾ'; സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ പ്രതികരണം

കന്യാസ്ത്രീകൾക്കെതിരായ കേസിൽ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ചേർത്തിരിക്കുന്നത്

dot image

റായ്പുർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ കൂടെയുണ്ടായിരുന്ന പെൺകുട്ടിയുടെ സംഭവസമയത്തെ പ്രതികരണം നിർണ്ണായകമാകുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങൾ പോയതെന്നും ആരുടേയും നിർബന്ധം ഉണ്ടായിട്ടില്ലെന്നും പ്രാദേശിക മാധ്യമപ്രവർത്തകയോട് ഒരു പെൺകുട്ടി പറയുന്നത് റിപ്പോർട്ടറിന് ലഭിച്ചു. തങ്ങൾ ക്രൈസ്തവ വിശ്വസികളാണ് എന്നും പെൺകുട്ടി പറയുന്നുണ്ട്. കന്യാസ്ത്രീകൾക്കെതിരായ കേസിൽ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. പാചക ജോലിക്കായാണ് സിസ്റ്റർമാർക്കൊപ്പം പോകുന്നതെന്നും പെൺകുട്ടി വ്യക്തമാക്കുന്നുണ്ട്. മതപരിവർത്തനം ഉണ്ടായിട്ടില്ലെന്ന് കൂടെയുണ്ടായിരുന്ന യുവാവും പറയുന്നുണ്ട്. മാതാപിതാക്കളുടെ സമ്മതത്തോടെയാണ് യാത്രതിരിച്ചതെന്നും പെൺകുട്ടി പറയുന്നുണ്ട് എന്നാൽ ഈ ആരോപണങ്ങളെ നിരാകരിക്കുന്നതാണ് സംഭവസമയത്ത് പെൺകുട്ടി നടത്തിയ പ്രതികരണം.

സംഭാഷണം ഇങ്ങനെ

പ്രാദേശിക മാധ്യമപ്രവർത്തക: നിർബന്ധിച്ചാണോ കൊണ്ടുപോകുന്നത്

പെൺകുട്ടി: അല്ല, ഒരു നിർബന്ധവും ഉണ്ടായിട്ടില്ല

പ്രാദേശിക മാധ്യമപ്രവർത്തക: പുറത്തുനിന്നുള്ളവർ ഇവിടെ വന്ന് ജോലി ചെയ്യുമ്പോൾ നിങ്ങൾ പുറത്തേക്ക് പോകുന്നു.

പെൺകുട്ടി: ഒരു നിർബന്ധവും ഉണ്ടായിട്ടില്ല മാഡം

പ്രാദേശിക മാധ്യമപ്രവർത്തക: ഒന്നും ഒളിച്ചു വയ്ക്കേണ്ട, തുറന്നുപറയൂ..

പെൺകുട്ടി: സത്യമായും ആരും നിർബന്ധിച്ചിട്ടില്ല

പ്രാദേശിക മാധ്യമപ്രവർത്തക: പിന്നെ എന്താണ് സംഭവിച്ചത്

പെൺകുട്ടി: ഇഷ്ടമുണ്ടെങ്കിൽ വരാൻ ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതാണ്

മാധ്യമപ്രവർത്തക: ബൂഡാ ദേവനെ( ആദിവാസി ഹിന്ദു ദൈവം) നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?

പെൺകുട്ടി: ഇല്ല, ഞങ്ങൾ വിശ്വസിക്കുന്നില്ല

മാധ്യമപ്രവർത്തക: നിങ്ങളുടെ മാതാപിതാക്കൾ വിശ്വസിക്കുന്നുണ്ടോ?

പെൺകുട്ടി: ഇല്ല, ആരും വിശ്വസിക്കുന്നില്ല

മാധ്യമപ്രവർത്തക: പിന്നെ നിങ്ങൾ ആരെയാണ് വിശ്വസിക്കുന്നത്?

പെൺകുട്ടി: 5വർഷമായി ഞങ്ങൾ യേശുവിനെയാണ് വിശ്വസിക്കുന്നത്.

ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ. ഇരുവരും ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.

കേസിൽ സിസ്റ്റർ പ്രീതി ഒന്നാം പ്രതിയും സിസ്റ്റർ വന്ദന രണ്ടാം പ്രതിയുമാണ്. ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഇവരുവർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടുത്ത് എന്നീ കുറ്റങ്ങൾ ചുമത്തിയതായാണ് എഫ്ഐആറിൽ പറയുന്നത്. ഛത്തീസ്ഗഡിൽ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്.

Content Highlights: we didnt went forcefully, says women on chhatisgarh religious conversion issue

dot image
To advertise here,contact us
dot image