
അഹമ്മദാബാദ്: ഇലക്ഷൻ കമ്മീഷനെതിരെ തെരഞ്ഞെടുപ്പ് കൃത്രിമത്വ ആരോപണങ്ങൾ തുടർന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കമ്മീഷൻ ക്രിക്കറ്റ് കളിക്കിടയിൽ ആളെ പറ്റിക്കുന്ന അമ്പയറെപ്പോലെയാണെന്നും 2017ലും 2022ലും ഗുജറാത്തിൽ കോൺഗ്രസിനെ തോൽപ്പിച്ചുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ആനന്ദ് ജില്ലയിൽ ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രിദിന ട്രെയിനിങ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി.
'വർഷങ്ങളായി ഗുജറാത്തിൽ കോൺഗ്രസ് തെറ്റായ തീരുമാനത്താൽ പുറത്താക്കപ്പെട്ട ഒരു ക്രിക്കറ്ററെപ്പോലെയായിരുന്നു. നിരന്തരമായി അങ്ങനെ പുറത്താക്കപ്പെടുമ്പോൾ ഇതത്ര ശരിയല്ല എന്ന് തോന്നും. 2017ലും 2022ലും വോട്ടർ ലിസ്റ്റിൽ കൃത്രിമം കാണിക്കുന്ന, പറ്റിക്കുന്ന ഒരു അമ്പയർ കാരണമാണ് നമ്മൾ തോറ്റത്'; എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കോൺഗ്രസ് പ്രവർത്തകർ സിംഹങ്ങളെപ്പോലെയാണെന്നും, നമ്മുടെ ഗർജനം തിരികെപ്പിടിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇലക്ഷൻ കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളാണ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസങ്ങളിൽ ഉന്നയിച്ചത്. കർണാടകയിൽ തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചുവെന്നും മഹാരാഷ്ട്രയിലും ഒത്തുകളിയുണ്ടായെന്നും രാഹുൽ ആരോപിച്ചിരുന്നു. എന്നാൽ രാഹുലിന്റെ പരാതികൾ എഴുതിനൽകണമെന്ന് പറഞ്ഞ കമ്മീഷൻ ആരോപണങ്ങൾ കൂടിയതോടെ രാഹുലിനെ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. രാഹുലിന്റെ ആരോപണങ്ങൾ അടിസ്ഥാനവിരുദ്ധമെന്നും തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും കമ്മീഷൻ പറഞ്ഞിരുന്നു.
Content Highlights: Rahul alleges election commission is like a cheating empire