മാധ്യമ പ്രവർത്തകരുടെ പെൻഷൻ 15,000 രൂപയായി വർദ്ധിപ്പിക്കും; വീണ്ടും വമ്പൻ പ്രഖ്യാപനവുമായി നിതീഷ് കുമാർ

എക്സ് പോസ്റ്റിലൂടെയാണ് നിതീഷ് കുമാറിൻ്റെ പ്രതികരണം

dot image

പട്ന: ബിഹാറിൽ അം​ഗീകൃത മാധ്യമ പ്രവർത്തകർക്ക് നൽകി വരുന്ന പെൻഷൻ തുകയിൽ വർദ്ധന വരുത്തുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ബിഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നിതീഷ് കുമാറിൻ്റെ പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം. ബിഹാർ പത്രകർ സമ്മാൻ പെൻഷൻ പദ്ധതി പ്രകാരം, യോഗ്യരായ എല്ലാ പത്രപ്രവർത്തകർക്കും പ്രതിമാസം 6,000 രൂപയ്ക്ക് പകരം 15,000 രൂപ പെൻഷൻ നൽകാൻ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് നിതീഷ് കുമാർ അറിയിച്ചത്.

ഈ പദ്ധതി പ്രകാരം പെൻഷൻ ലഭിക്കുന്ന പത്രപ്രവർത്തകർ മരിച്ചാൽ, അവരുടെ ആശ്രിതരായ ഭർത്താവിനോ ഭാര്യക്കോ ആജീവനാന്ത കാലത്തേയ്ക്ക് പ്രതിമാസം 3,000 രൂപയ്ക്ക് പകരം 10,000 രൂപ പെൻഷൻ നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നിതീഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. എക്സ് പോസ്റ്റിലൂടെയാണ് നിതീഷ് കുമാറിൻ്റെ പ്രതികരണം.

ജനാധിപത്യത്തിൽ മാധ്യമപ്രവർത്തകർ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും നിതീഷ് കുമാർ പോസ്റ്റിൽ പറയുന്നുണ്ട്. ജനാധിപത്യത്തിന്റെ നാലാമത്തെ തൂണാണ് അവർ, സാമൂഹിക വികസനത്തിൽ അവർക്ക് ഒരു പ്രധാന പങ്കുണ്ട്. പത്രപ്രവർത്തകർക്ക് നിഷ്പക്ഷമായി പത്രപ്രവർത്തനം നടത്താനും വിരമിച്ചതിനുശേഷം മാന്യമായ ജീവിതം നയിക്കാനും കഴിയുന്ന തരത്തിൽ തുടക്കം മുതൽ തന്നെ അവരുടെ സൗകര്യങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചുവരുന്നുവെന്നും നിതീഷ് വ്യക്തമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി നേരത്തെ സമാനമായ പ്രഖ്യാപനങ്ങൾ നിതീഷ് കുമാർ നടത്തിയിരുന്നു. സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയുടെ തുക വർദ്ധിപ്പിച്ചുവെന്ന പ്രഖ്യാപനമായിരുന്നു ഇതിൽ പ്രധാനം. വൃദ്ധർ, ഭിന്നശേഷിക്കാർ, വിധവകൾ എന്നിവരുടെ പ്രതിമാസ പെൻഷൻ 400 രൂപയിൽ നിന്ന് 1100 രൂപയായി ഉയർത്തുമെന്നായിരുന്നു പ്രഖ്യാപനം. 125 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്നും നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു. 2025 ഓഗസ്റ്റ് 1 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് പ്രഖ്യാപനം. ജൂലൈയിലെ ബില്ലിൽ നിന്ന് തന്നെ ഉപഭോക്താക്കൾക്ക് അതിന്റെ ആനുകൂല്യങ്ങൾ ലഭിച്ചുതുടങ്ങുമെന്നും വ്യക്തമാക്കപ്പെട്ടിരുന്നു.

സംസ്ഥാനത്തെ എല്ലാ സർക്കാർ ജോലികളിലും 35 ശതമാനം തസ്തികൾ ബിഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന് ജൂലൈ എട്ടിന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു. 'സംസ്ഥാന സർക്കാർ സേവനങ്ങളിലെ എല്ലാ വിഭാഗങ്ങളിലേക്കും, തലങ്ങളിലേക്കും, തരങ്ങളിലേക്കും നേരിട്ടുള്ള നിയമനങ്ങളിൽ ബിഹാറിലെ സ്ഥിര താമസക്കാരായ വനിതകൾക്ക് മാത്രമായി 35% സംവരണം ഏർപ്പെടുത്തും' എന്നായിരുന്നു നിതീഷ് കുമാറിൻ്റെ പ്രഖ്യാപനം. 'പൊതു സേവനങ്ങളിൽ എല്ലാ തലങ്ങളിലും വകുപ്പുകളിലും സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനാണ് സർക്കാരിന്റെ ശ്രമം. കൂടുതൽ സ്ത്രീകൾ തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കുകയും ബിഹാറിലെ ഭരണത്തിലും ഭരണനി‍‍ർ‌വ്വഹണത്തിലും വലിയ പങ്ക് വഹിക്കുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യ'മെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തിരുന്നു. പട്നയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈകൊണ്ടത്.

സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പുതിയ ബിഹാർ യൂത്ത് കമ്മീഷന്റെ രൂപീകരണവും നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു. ബിഹാറിലെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനും, അവരെ പരിശീലിപ്പിക്കുന്നതിനും, അവരെ ശാക്തീകരിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നതിനായി ബിഹാർ യൂത്ത് കമ്മീഷൻ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചുവെന്നായിരുന്നു നിതീഷ് കുമാറിൻ്റെ പ്രഖ്യാപനം.

Content Highlights: Journalists in Bihar will now get 15,000 pension every month Nitish Kumar make a big announcement

dot image
To advertise here,contact us
dot image