
മുംബൈ: ഗാസയിലെ വംശഹത്യയ്‌ക്കെതിരെ പ്രതിഷേധിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐഎം സമര്‍പ്പിച്ച ഹര്‍ജി തള്ളി ബോംബെ ഹൈക്കോടതി. ആസാദ് മൈതാനത്തില്‍ സംഘടിപ്പിക്കാനിരുന്ന പ്രതിഷേധം മുംബൈ പൊലീസ് നിഷേധിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയിരിക്കുന്നത്. ആയിരക്കണക്കിന് മൈലുകള്‍ അകലെയുള്ള പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ഇന്ത്യയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ കേന്ദ്രീകരിക്കണമെന്ന വിചിത്ര വാദമാണ് കോടതി ഉന്നയിച്ചത്. ജസ്റ്റിസുമാരായ രവീന്ദ്ര ഘുഗെ, ഗൗതം അന്‍ഖഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
'നമ്മുടെ രാജ്യത്തിന് ആവശ്യമായ പ്രശ്‌നങ്ങളുണ്ട്. നിങ്ങളെല്ലാവരും ഹ്രസ്വദൃഷ്ടിക്കാരാണ്. ഗാസയിലെയും പലസ്തീനിലെയും പ്രശ്‌നത്തേയാണ് നിങ്ങള്‍ നോക്കുന്നത്. നമ്മുടെ രാജ്യത്തെ നോക്കൂ. ദേശസ്‌നേഹികളാകൂ. ഇത് ദേശസ്‌നേഹമല്ല', കോടതി പറഞ്ഞു. മാലിന്യം തള്ളല്‍, മലിനീകരണം, വെള്ളപ്പൊക്കം തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് പാര്‍ട്ടി ശ്രദ്ധകേന്ദ്രീകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
'ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയാണ് നിങ്ങളുടേത്. മാലിന്യം തള്ളല്‍, മലിനീകരണം, വെള്ളപ്പൊക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കൂ, ഞങ്ങള്‍ ഒരു ഉദാഹരണം പറഞ്ഞുവെന്നേ ഉള്ളൂ. ഇതിലൊന്നും നിങ്ങള്‍ പ്രതിഷേധിക്കുന്നില്ല, പക്ഷേ ആയിരം മൈലുകള്‍ അപ്പുറമുള്ള പ്രശ്‌നങ്ങളിലാണ് പ്രതിഷേധിക്കുന്നത്', കോടതി പറയുന്നു.
സിപിഐഎമ്മിന്റെ നയം രാജ്യത്തിന്റെ വിദേശനയത്തില്‍ നിന്നും വ്യത്യസ്തമാണെന്ന് പറഞ്ഞ കോടതി ഇത്തരം പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയുള്ള നയതന്ത്രമായ പ്രത്യാഘാതങ്ങളെ കുറിച്ചും മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുടെ വിദേശനയത്തിലെ ആശങ്ക ചൂണ്ടിക്കാണിച്ച് ഗാസയിലെ വംശഹത്യയില്‍ പ്രതിഷേധിക്കുന്നതിനായി ഓള്‍ ഇന്ത്യാ സോളിഡാരിറ്റി ഓര്‍ഗനൈസേഷന്‍ നല്‍കിയ അനുമതിയാണ് ജൂണ്‍ 17ന് മുംബൈ പൊലീസ് തള്ളിയത്. ഇതിനെതിരെയായിരുന്നു സിപിഐഎം ഹൈക്കോടതിയെ സമീപിച്ചത്.
Content Highlights: Bombay High Court rejects CPIM plea for permission to hold rally against Gaza genocide