'മോദിയോടുള്ള വിരോധം ഹിന്ദിയോടുള്ള തുറന്ന വിരോധത്തിലേക്ക് മാറുന്നു'; ഭാഷാവിവാദത്തിൽ പവൻ കല്യാൺ

ഭാഷ ഒന്നിപ്പിക്കാനാകണമെന്നും, ഭിന്നിപ്പിക്കാനാകരുതെന്നും പവൻ കല്യാൺ പറഞ്ഞു

dot image

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള വിരോധം ഹിന്ദി ഭാഷയോടുള്ള തുറന്ന വിരോധത്തിലേക്ക് മാറുന്നുവെന്ന് ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേന നേതാവുമായ പവൻ കല്യാൺ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തത്തിലാണ് പവൻ കല്യാണിന്റെ പ്രതികരണം. എന്നാൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനോട് താൻ യോജിക്കുന്നില്ലെന്നും പക്ഷെ രാജ്യത്തിന്റെ അഖണ്ഡതയോട് വിട്ടുവീഴ്ചയില്ലെന്നും പവൻ കല്യാൺ കൂട്ടിച്ചേർത്തു.

ഹിന്ദി അടിച്ചേൽപ്പിക്കരുതെന്ന് പറയുമ്പോൾ തന്നെ, ഹിന്ദി ഭാഷ പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണെന്നും പവൻ കല്യാൺ ചൂണ്ടിക്കാണിച്ചു. 'നമ്മൾ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുകയാണ്. തെലങ്കാനയിൽ പോലും ഉറുദു സംസാരിക്കുന്ന നിരവധി ജനങ്ങളുണ്ട്. അവരെല്ലാം ഒരുമിച്ച് തന്നെയല്ലേ കഴിയുന്നത്. എന്തുകൊണ്ടാണ് ഭാഷ ഇത്ര വിവാദമാകുന്നത് എന്നെനിക്ക് മനസിലാകുന്നില്ല'; പവൻ കല്യാൺ പറഞ്ഞു.

'എന്നെ ഒരാളും ഇംഗ്ലീഷ് പഠിപ്പിച്ചിട്ടില്ല. ആവശ്യമെന്ന് തോന്നിയപ്പോൾ ഞാൻ തനിയെ പഠിച്ചതാണ്. ഞാൻ തമിഴ്‌നാട്ടിൽ വളർന്നയാളാണ്. അവിടെയുള്ളപ്പോൾ എനിക്ക് തമിഴ് പഠിക്കേണ്ടി വന്നു. അത് ആരും നിർബന്ധിച്ചതുകൊണ്ടല്ല, അത്യാവശ്യമായതുകൊണ്ടാണ്. അതുപോലെയാകണം ഹിന്ദിയും'; പവൻ കല്യാൺ പറഞ്ഞു. ഭാഷ ഒന്നിപ്പിക്കാനാകണമെന്നും, ഭിന്നിപ്പിക്കാനാകരുതെന്നും പവൻ കല്യാൺ കൂട്ടിച്ചേർത്തു.

Content Highlights: Pawan Kalyan says Hatred for Modi being transferred onto Hindi

dot image
To advertise here,contact us
dot image