
ലഖ്നൗ: വെസ്റ്റ് ആർക്ടിക്ക രാജ്യത്തിന്റെ പേരിൽ ഉത്തർപ്രദേശിൽ വ്യാജ എംബസി പ്രവർത്തിപ്പിച്ചിരുന്ന അംബാസഡറെ പിടികൂടി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വെസ്റ്റ് ആർക്ടിക്കയുടെ ‘ബാരൺ’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹർഷവർധൻ ജെയിൻ എന്നയാളെയാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പിടികൂടിയത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു എന്ന പേരിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഹവാല ഇടപ്പാട് വഴി കളളപ്പണം വെളുപ്പിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ഇയാളെന്നും ആരോപണമുണ്ട്. ഏഴ് വർഷമായി വ്യാജ എംബസി ഗാസിയാബാദിൽ പ്രവർത്തിക്കുന്നതായാണ് വിവരം.
എംബസി പ്രവർത്തിച്ചിരുന്ന സ്ഥലത്ത് നിന്ന് വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകളുളള ആഡംബര കാറുകളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓഫീസിൽ നിന്ന് വ്യാജ പാസ്പോർട്ടുകൾ, 34 രാജ്യങ്ങളുടെ സ്റ്റാമ്പുകൾ, 44 ലക്ഷം രൂപ, വിദേശ കറൻസി എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഗാസിയാബാദിൽ ഒരു ഇരുനില കെട്ടിടം വാടകയ്ക്കെടുത്താണ് എംബസി പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിനുളളിൽ ഹർഷവർധൻ രാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റു പ്രമുഖർ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ മോർഫ് ചെയ്ത് ഉപയോഗിച്ചിരുന്നു.
Content Highlights: UP Man Ran Fake Embassy in Ghaziabad For 7 years