'ധൻകറിനെ മോദിയും മന്ത്രിമാരും ഭീഷണിപ്പെടുത്തി രാജി വെപ്പിച്ചു' ആരോപണവുമായി ടിഎംസി

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ അടുത്ത ഉപരാഷ്ട്രപതിയാക്കാനാണ് പദ്ധതിയെന്നും കല്യാണ്‍ ബാനര്‍ജി ആരോപിച്ചു

dot image

ന്യൂഡല്‍ഹി: മുന്‍ ഉപരാഷട്രപതിയായ ജഗദീപ് ധന്‍കറിന്റെ രാജിക്ക് പിന്നില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാരുടെയും സമ്മര്‍ദ്ദമാണെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി കല്യാണ്‍ ബാനര്‍ജി. രാജിവെച്ചില്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്ന് ധന്‍കറിനെ ഭീഷണിപ്പെടുത്തിയെന്നാണ് ടിഎംസിയുടെ ആരോപണം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ അടുത്ത ഉപരാഷ്ട്രപതിയാക്കാനാണ് പദ്ധതിയെന്നും കല്യാണ്‍ ബാനര്‍ജി ആരോപിച്ചു.

'ജഗ്ദീപ് ധന്‍കറിനെ ഭീഷണിപ്പെടുത്തിയാണ് രാജി വെപ്പിച്ചത്. അന്നേ ദിവസം രാത്രി 9മണിക്കുള്ളില്‍ രാജി വെച്ചില്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്നാണ് അവര്‍ പറഞ്ഞത്. ഇതേ പോലെ തന്നെയാണ് മുന്‍പ് ഇലക്ഷന്‍ കമ്മീഷണറും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജി വെച്ചിരുന്നു. രാജ്‌നാഥ് സിങ്ങിനെ ഉപരാഷ്ട്രപതിയാക്കാനാണ് അടുത്ത പദ്ധതിയെന്നാണ് വിവരം' കല്യാണ്‍ ബാനര്‍ജി വ്യക്തമാക്കി.

Also Read:

ജൂലൈ 21 നാണ് ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചത്. അപ്രതീക്ഷിതമായായിരുന്നു രാജി പ്രഖ്യാപനം. 'ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരം ഞാൻ രാജിവെക്കുന്നു. ഇതുവരെ നൽകിയ പിന്തുണയ്ക്ക് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഴുവൻ പാർലമെന്റംഗങ്ങൾക്കും നന്ദി പറയുന്നു. ആരോഗ്യം അനുവദിക്കാത്തതിനാൽ മാറിനിൽക്കുന്നു', രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനയച്ച രാജി കത്തിൽ ധൻകർ പറഞ്ഞു.

എന്നാല്‍ ധന്‍കറിന്റെ രാജിക്കു പിന്നിലെ കാരണം ചോദിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം രാജ്യസഭ നിയന്ത്രിച്ചതും പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തതും ധന്‍കറായിരുന്നു. വൈകുന്നേരം അഞ്ചുമണിവരെ താന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നെന്നും പുറത്തുവരുന്ന വിവരങ്ങള്‍ക്കുമപ്പുറം രാജിക്കു പിന്നില്‍ കാരണങ്ങളുണ്ടെന്നുമാണ് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞത്.

ജസ്റ്റിസ് യശ്വന്ത് വര്‍മയെ കുറ്റവിചാരണ ചെയ്യാനുളള പ്രമേയ നോട്ടീസ് രാജ്യസഭയില്‍ സ്വീകരിച്ചതിനെച്ചൊല്ലി കേന്ദ്രസര്‍ക്കാരുമായുണ്ടായ തര്‍ക്കമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നാണ് നോട്ടീസ് ലഭിച്ചതെന്നും 63 അംഗങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ട്, അതേ വിഷയത്തില്‍ പ്രമേയ നോട്ടീസ് ലോക്‌സഭയിലും ലഭിച്ചിട്ടുണ്ടെങ്കില്‍ രണ്ട് സഭാധ്യക്ഷന്മാരും ചേര്‍ന്നാണ് തുടര്‍നടപടി സ്വീകരിക്കുകയെന്നും ജഗ്ദീപ് ധന്‍കര്‍ സഭയില്‍ പറഞ്ഞിരുന്നു. രാത്രി ഒന്‍പതു മണിയോടെ രാജിപ്രഖ്യാപനം പുറത്തുവന്നു.

Content Highlights- 'Modi and ministers threatened Dhankar into resigning' TMC

dot image
To advertise here,contact us
dot image