
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി ഒമര്‍ അബ്ദുളള. ജമ്മു കശ്മീരില്‍ എത്രയും വേഗം സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും കേന്ദ്രം ഇത് നേരത്തെ വാഗ്ദാനം ചെയ്തിരുന്നതാണെന്നും ഒമര്‍ അബ്ദുളള പറഞ്ഞു. സംസ്ഥാനപദവി പുനഃസ്ഥാപിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനായി നിയമം കൊണ്ടുവരണമെന്നാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടത്.
സ്വതന്ത്ര ഇന്ത്യയില്‍ ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി തരംതാഴ്ത്തുന്നത് മാതൃകാപരമല്ലെന്നും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം കോണ്‍ഗ്രസ് ഓര്‍മിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കളുടെ സംയുക്ത കത്തില്‍ പറയുന്നു. പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്‍ഡ്യാ സഖ്യം ജമ്മു കശ്മീര്‍ സംസ്ഥാന പദവി വിഷയം ഉന്നയിച്ചേക്കുമെന്ന് വ്യക്തമാക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെയും ഖര്‍ഗെയുടെയും കത്ത്. ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം ലഡാക്കിലെ ജനങ്ങള്‍ക്ക് ഭരണഘടനാപരമായ ഉറപ്പുകള്‍ നല്‍കണമെന്നും കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
'കഴിഞ്ഞ അഞ്ചുവര്‍ഷമായി ജമ്മു കശ്മീരിലെ ജനങ്ങള്‍ പൂര്‍ണ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നു. അവരുടെ ആവശ്യം നിയമാനുസൃതവും ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതാണ്'- കത്തിൽ പറയുന്നു. 2019 ഓഗസ്റ്റ് 5-നാണ് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും എടുത്തുകളഞ്ഞത്. അതിനുപിന്നാലെ ഉചിതമായ സമയത്ത് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആവര്‍ത്തിച്ചുപറഞ്ഞിരുന്നു.
Content Highlights: Omar Abdullah thanks Rahul Gandhi for writing to PM about jammu kashmir statehood