
ന്യൂഡൽഹി: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്റെ വാദത്തിൽ ബിജെപിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്. വരാനിരിക്കുന്ന ലോക്‌സഭയുടെയും രാജ്യസഭയുടെയും പാർലമെന്റ് സമ്മേളനത്തിൽ ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമായ മറുപടി നൽകണമെന്ന് ജയറാം രമേശ് പറഞ്ഞു. രാജ്യം അത് അറിയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശ വാദം ആവർത്തിച്ച് ട്രംപ് കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. വ്യാപാര ചർച്ചകളെ മുൻനിർത്തിയാണ് വെടിനിർത്തൽ ചർച്ചകൾക്ക് അന്തിമ തീരുമാനമെടുത്തതെന്നും ട്രംപ് പറഞ്ഞിരുന്നു. യുദ്ധം പരിഹരിക്കുന്നതു വരെ ഞങ്ങൾ നിങ്ങളോട് വ്യാപാരത്തെക്കുറിച്ച് സംസാരിക്കില്ലെന്ന് ഇരു നേതാക്കളോടും പറഞ്ഞു. അതവർ കേട്ടു. ഇരുവരും മികച്ച നേതാക്കളായിരുന്നുവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. 30 വർഷമായി റുവാണ്ടയ്ക്കും കോംഗോയ്ക്കും ഇടയിലുണ്ടായിരുന്ന സംഘർഷം പരിഹരിക്കാൻ താൻ സഹായിച്ചതായും ട്രംപ് അവകാശപ്പെട്ടിരുന്നു.
അമേരിക്കയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് ഓപ്പറേഷൻ സിന്ദൂറിന് വിരാമം കുറിച്ചതെന്ന് ട്രംപ് ഇതിന് മുൻപും അവകാശവാദം ഉന്നയിച്ചിരുന്നു. വെടിനിർത്തൽ ഇരു രാജ്യങ്ങളും അംഗീകരിച്ചത് അമേരിക്കയുടെ നേതൃത്വത്തിലെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ജെഡി വാൻസും പറഞ്ഞിരുന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, അജിത് ഡോവൽ, അസീം മുനീര്‍, അസീം മാലിക് എന്നിവരുമായും നടത്തിയ ചർച്ചയിലാണ് തീരുമാനമായതെന്നും മാർക്കോ റൂബിയോ എക്സിൽ കുറിച്ചിരുന്നു. എന്നാൽ അമേരിക്കയുടെ വാദം ഇന്ത്യ തളളി കളഞ്ഞിരുന്നു. അവകാശവാദത്തെ എതിർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും മന്ത്രി എസ് ജയശങ്കറും രംഗത്തെത്തിയിരുന്നു.
ഇന്ത്യ-പാകിസ്താൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ അമേരിക്കയ്ക്ക് യാതൊരു പങ്കും ഇല്ലെന്ന് മോദി തന്നെ ട്രംപിനെ അറിയിച്ചിരുന്നു. ട്രംപുമായി ഫോണിൽ സംസാരിക്കവെയാണ് 'യുഎസ് മധ്യസ്ഥം' അന്ന് ഇന്ത്യ തള്ളിയത്. പാകിസ്താൻ അഭ്യർത്ഥിച്ചതുകൊണ്ടാണ് സൈനിക നടപടി അവസാനിപ്പിച്ചതെന്നും കശ്മീർ വിഷയത്തിൽ ഇന്ത്യ ഒരു മധ്യസ്ഥ ശ്രമവും ആഗ്രഹിക്കുന്നില്ലെന്നും മോദി നിലപാട് വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റിയുള്ള പൂർണ വിവരങ്ങൾ ട്രംപിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തിയ കാര്യം അറിയിച്ചത്.
ഇന്ത്യയും പാകിസ്താനും നേരിട്ട് നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ഉണ്ടായതെന്ന് വിദേശകാര്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. മെയ് പത്തിന് വെടിനിര്‍ത്തലിന് തയ്യാറാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പാകിസ്താന്‍ സൈന്യത്തിന്റെ സന്ദേശം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇടപെടല്‍ നടത്തിയതെന്നും ഒരു ഡച്ച് മാധ്യമത്തോട് പ്രതികരിക്കവെ ജയശങ്കര്‍ പറഞ്ഞിരുന്നു. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധസമാനമായ അന്തരീക്ഷത്തില്‍ ലോക രാജ്യങ്ങള്‍ വിളിച്ച് ആശങ്ക പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞിരുന്നു. ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി താനും സംസാരിച്ചിരുന്നു. വിഷയത്തില്‍ യുഎസ് പ്രസിഡന്റ് അടക്കമുള്ളവര്‍ക്ക് അവരുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. മറ്റ് രാജ്യങ്ങളെപ്പോലെ തന്നെ അവരും പാകിസ്താന്റെ ഭാഗത്തുനിന്ന് സംസാരിച്ചുവെന്നും ജയശങ്കര്‍ വിശദീകരിച്ചിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ പാകിസ്താനെതിരെ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പഹല്‍ഗാമിലെ ബൈസരണ്‍ വാലിയില്‍ ഏപ്രിൽ 22ന് ഉച്ചയോടെയായിരുന്നു ഭീകരാക്രമണമുണ്ടായത്. പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്കുനേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ഇറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 26 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഈ ആക്രമണത്തിന് തിരിച്ചടിയായി മേയ് ഏഴിന് പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ പാകിസ്താൻ ഇന്ത്യയിലെ ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് മിസൈൽ, ഡ്രോൺ, ഷെൽ ആക്രമണങ്ങൾ നടത്തുകയും ഇന്ത്യ തിരിച്ചടിയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യ-പാകിസ്താൻ സംഘർഷം യുദ്ധ സാഹചര്യത്തിലേയ്ക്ക് നീങ്ങിയതിന് പിന്നാലെ വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു.
Content Highlights: Jairam Ramesh criticize BJP for Trump's claim of ending the Indo-Pak war