കൻവാർ യാത്രയ്ക്ക് മുന്നോടിയായുള്ള പരിശോധന: മതം അറിയാൻ പാൻ്റ് അഴിച്ചുനോക്കിയെന്ന് മുസ്‌ലിം തൊഴിലാളിയുടെ പരാതി

മുസ്‌ലിം കച്ചവടക്കാരെ ബഹിഷ്കരിക്കാൻ സംഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്തിരിക്കെ സ്വാമി യശ്‍വീർ ജിയും അനുയായികളും നടത്തിയ പരിശോധനയിലാണ് താജമ്മുലിന് മർദനമേറ്റത്

dot image

ലക്‌നൗ: കൻവാർ യാത്രയ്ക്ക് മുന്നോടിയായി നടന്ന സംഘപരിവാർ സംഘടനകളുടെ പരിശോധനകൾക്കിടെ തനിക്ക് ക്രൂരമായ മർദ്ദനമേറ്റെന്ന് മുസ്‌ലിം തൊഴിലാളിയുടെ വെളിപ്പെടുത്തൽ. മുസാഫർപൂരിലെ ഒരു ധാബയിൽ ജോലി ചെയ്യുന്ന താജമ്മുൽ എന്നയാൾക്കാണ് മർദ്ദനമേറ്റത്. മുസ്‌ലിം കച്ചവടക്കാരെയും ജീവനക്കാരെയും ബഹിഷ്കരിക്കാൻ സംഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്തിരിക്കെ മതനേതാവ് യശ്‍വീർ ജിയും അനുയായികളും നടത്തിയ പരിശോധനയിൽ മർദ്ദനമേറ്റുവെന്നണ് താജമ്മുലിൻ്റെ വെളിപ്പെടുത്തൽ. തന്റെ മതം അറിയാൻ പാന്റുകൾ അഴിച്ചുനോക്കിയെന്നും ശേഷം തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും താജമ്മുൽ 'എൻഡിടിവി'യോട് വെളിപ്പെടുത്തി.

ഹിന്ദുമത വിശ്വാസികളുടെ പ്രധാനപ്പെട്ട ചടങ്ങായ കൻവാർ യാത്ര ജൂലൈ ജൂലൈ 11നാണ് ആരംഭിക്കുക. ഇതിന് മുന്നോടിയായി കച്ചവടക്കാരുടെ മതമറിയാൻ യശ്‍വീർ ജിയും അദ്ദേഹത്തിന്റെ അനുയായികളും കടകൾ കയറി പരിശോധന നടത്തുകയായിരുന്നു എന്നാണ് വെളിപ്പെടുത്തൽ. ഇതിനിടെയാണ് ധാബയിലെ ജീവനക്കാരനായ താജമ്മുലിന് മതം ചോദിച്ച് മർദ്ദനമേറ്റതെന്നാണ് എൻഡിടിവി റിപ്പോർട്ട്.

ഹിന്ദു സംഘടനകളുടെ പരിശോധനകൾ കർശനമാണെന്ന് അറിയാവുന്നതിനാൽ ഗോപാൽ എന്ന പേര് സ്വീകരിച്ചാണ് താജമ്മുൽ ജോലിക്ക് പോയതെന്നാണ് താജമ്മുൽ വെളിപ്പെടുത്തുന്നത്. കടയുടമയായ ശർമ്മാജി പറഞ്ഞത് പ്രകാരമാണ് താൻ ഇങ്ങനെ ചെയ്തതെന്ന് താജമ്മുൽ എൻഡിടിവിയോട് പറഞ്ഞു. ജോലി തുടരുന്നതിനിടെ ധാബയിലേക്ക് പൊടുന്നനെ സ്വാമി യശ്‍വീർ ജിയും അനുയായികളും കയറിവന്നു. ജീവനക്കാരെയും കടയുടമയെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്റെ പേര് ഗോപാൽ എന്നാണെന്ന് താജമ്മുൽ പറഞ്ഞെങ്കിലും അവർക്ക് വിശ്വാസമായില്ല. തുടർന്ന് അവർ തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടു. അവ കയ്യിലില്ല എന്ന് പറഞ്ഞപ്പോൾ അനുയായികൾ മതമറിയാൻ പാന്റഴിച്ച് നോക്കിയെന്നും തുടർന്ന് ക്രൂരമായി മർദ്ദിച്ചെന്നും താജമ്മുൽ പറയുന്നു.

സംഭവത്തിൽ മുസാഫർനഗർ പൊലീസ് കേസെടുത്തിട്ടുണ്ട്. യശ്‍വീർ ജിയുടെ അനുയായികളായ ആറ് പേരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.

കൻവാർ യാത്ര കടന്നുപോകുന്ന വഴികളിൽ മുസ്‌ലിം കച്ചവടക്കാർക്ക് വിലക്ക് കല്പിക്കപ്പെടുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം എല്ലാ ഭക്ഷണശാലാ ഉടമകളും കടയ്ക്ക് മുൻപിൽ തങ്ങളുടെ പേരുകൾ പ്രദർശിപ്പിക്കണമെന്ന് പൊലീസ് ഉത്തരവിട്ടിരുന്നു. കൻവാരികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനും ഭാവിയിൽ ആരോപണങ്ങളൊന്നും ഉയരാതിരിക്കാനും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനുമാണ് ഇത് ചെയ്യുന്നത് എന്നായിരുന്നു പൊലീസിന്റെ വാദം.

Content Highlights: Muslim man forced to pull down pants ahead of kanwar yatra cheching by hindu groups

dot image
To advertise here,contact us
dot image