
സ്പാനിഷ് ഫുട്ബോൾ ക്ലബ് അത്‍ലറ്റിക് ബിൽബാവോയുമായി കരാർ പുതുക്കിയതിന് പിന്നാലെ പ്രതികരണവുമായി നിക്കോ വില്യംസ്. നിർണായകമായ തീരുമാനങ്ങളെടുക്കുമ്പോൾ ഹൃദയം പറയുന്നത് കേൾക്കുന്നു. അത്‍ലറ്റിക് ക്ലബാണ് തന്റെ വീടെന്നും നിക്കോ വില്യംസ് പ്രതികരിച്ചു. ലമീൻ യമാലിനൊപ്പം നിക്കോ വില്യംസിനെയും ക്ലബിലെത്തിക്കാൻ കഴിയുമെന്ന സ്പാനിഷ് വമ്പന്മാരായ ബാഴ്സയുടെ പ്രതീക്ഷകളാണ് ഇതോടെ ഇല്ലാതായത്.
'നിർണായക തീരുമാനങ്ങളെടുക്കുമ്പോൾ ഹൃദയം പറയുന്നതെന്തെന്ന് കേൾക്കണം. അത് പ്രധാന കാര്യമാണ്. എനിക്ക് ഇഷ്ടമുള്ളിടത്താണ് ഞാൻ തുടരുന്നത്. എന്റെ ആളുകൾക്കൊപ്പം ഞാൻ തുടരും. അത്‍ലറ്റിക് ക്ലബാണ് എന്റെ കുടുംബം.' നിക്കോ വില്യംസ് പ്രതികരിച്ചു.
2035 വരെയാണ് നിക്കോയും അത്‍ലറ്റിക് ക്ലബും തമ്മിലുള്ള പുതിയ കരാർ. യൂറോ കപ്പ് ഫുട്ബോളിൽ സ്പെയ്നിനെ കിരീട വിജയത്തിലേക്ക് നയിച്ച ലമീൻ യമാല്‍ – നിക്കോ വില്യംസ് സഖ്യത്തെ ബാഴ്സയിലേക്ക് കൊണ്ടുവരാനായിരുന്നു ബാഴ്സ മാനേജ്മെന്റിന്റെ ശ്രമം. ഇതിനായി നിക്കോ വില്യംസുമായി ബാഴ്സലോണ ചര്‍ച്ചകൾ നടത്തിയിരുന്നു. പിന്നാലെ സ്പാനിഷ് ടീമില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ലമീന്‍ യമാല്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ ബാഴ്സ ആരാധകരുടെ പ്രതീക്ഷകളും ഉയർന്നു. എന്നാൽ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ നിക്കോയെ സ്വന്തമാക്കുക ബാഴ്സയ്ക്ക് കടുത്ത വെല്ലുവിളിയായിരുന്നു. ഒടുവിൽ അപ്രതീക്ഷിതമായി നിക്കോ വില്യംസിനെ അത്‍ലറ്റിക് ക്ലബ് നിലനിർത്തുകയായിരുന്നു.
2013 –14 സീസണിലാണ് താരം അത്‍ലറ്റിക് ക്ലബിലെത്തിയത്. 2020ൽ 18-ാം വയസിൽ താരം അത്‍ലറ്റിക് ക്ലബിന്റെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. ഇക്കാലയളവിൽ 167 മത്സരങ്ങൾ കളിച്ച ബിൽബാവോയ്ക്കായി കളിച്ച നിക്കോ 31 ഗോളുകളും 30 അസിസ്റ്റുകളും സംഭാവന ചെയ്തു. കഴിഞ്ഞ സീസണില്‍ യൂറോപ്പ ലീഗ് സെമി ഫൈനൽ കളിച്ച ബില്‍ബാവോ ടീമിൽ അംഗമാണ് നിക്കോ. കഴിഞ്ഞ സീസൺ സ്പാനിഷ് ലാ ലീഗ ഫുട്ബോളിൽ 70 പോയിന്റുമായി നാലാം സ്ഥാനത്താണ് അത്‍ലറ്റിക് ക്ലബ് ഫിനിഷ് ചെയ്തത്.
Content Highlights: Nico Williams on his turns down on Barcelona