
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മോശം ബൗളിങ് പ്രകടനമാണ് ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്ണ നടത്തുന്നത്. 13 ഓവർ മാത്രം പന്തെറിഞ്ഞപ്പോൾ 5.54 എക്കണോമി റേറ്റിൽ പ്രസിദ്ധ് 72 റൺസ് വിട്ടുകൊടുത്തു കഴിഞ്ഞു. അതിനിടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ നാണക്കേടിന്റെ ഒരു റെക്കോർഡിലേക്ക് വീണിരിക്കുകയാണ് പ്രസിദ്ധ്.
ടെസ്റ്റ് ക്രിക്കറ്റിൽ കുറഞ്ഞത് 500 പന്തെങ്കിലും എറിഞ്ഞിട്ടുള്ള എക്കാലത്തെയും ബൗളർമാരിൽ ഏറ്റവും ഉയർന്ന എക്കണോമി റേറ്റാണ് പ്രസിദ്ധിന്റെ പേരിലുള്ളത്. കരിയറിൽ നാലാം ടെസ്റ്റ് കളിക്കുന്ന പ്രസിദ്ധ് 500ലധികം പന്തുകൾ ഇതിനോടകം എറിഞ്ഞു കഴിഞ്ഞു. 500 ബോളുകൾ പൂർത്തിയാക്കുമ്പോൾ 5.26 എക്കണോമി റേറ്റിലാണ് പ്രസിദ്ധ് പന്തെറിഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 500 പന്തുകൾ എറിഞ്ഞ ഒരു ബൗളറുടെ ഏറ്റവും മോശം എക്കണോമി റേറ്റാണിത്.
അതിനിടെ ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് പോരാട്ടം തുടരുകയാണ്. മൂന്നാം ദിവസം ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിൽ ഇംഗ്ലണ്ട് തകർന്നിരുന്നു. എന്നാൽ ആറാം വിക്കറ്റിൽ ഹാരി ബ്രൂക്കും ജാമി സ്മിത്തും ഒത്തുചേർന്നതോടെ ഇംഗ്ലണ്ട് അനായാസം സ്കോർ ചെയ്തു. സ്മിത്ത് 152 പന്തിൽ 151 റൺസുമായും ഹാരി ബ്രൂക്ക് 177 പന്തിൽ 120 റൺസുമായും ക്രീസിൽ തുടരുകയാണ്. ഇംഗ്ലണ്ട് സ്കോർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 328 റൺസിലെത്തി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 587 റൺസിനൊപ്പമെത്താൻ ഇംഗ്ലണ്ടിന് ഇനി 259 റൺസ് കൂടി വേണം.
Content Highlights: Worst economy rate in Tests, Prasidh scripts unwanted record