വെർച്വൽ ഹിയറിങ്ങിനിടെ ബിയർ കുടിച്ചു; മുതിർന്ന അഭിഭാഷകനെതിരെ നടപടി

ജസ്റ്റിസുമാരായ എ എസ് സുപേഹിയ, ആര്‍ ടി വച്ചാനി എന്നിവരടങ്ങുന്ന ബെഞ്ചാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്

dot image

ഗാന്ധിനഗര്‍: കോടതിയുടെ വെര്‍ച്വല്‍ ഹിയറിങ്ങിനിടെ ബിയര്‍ കുടിച്ച അഭിഭാഷകനെതിരെ സ്വമേധയ കോടതിയലക്ഷ്യ കേസ് എടുത്ത് ഗുജറാത്ത് ഹൈക്കോടതി. ഭാസ്‌കര്‍ തന്ന എന്ന മുതിര്‍ന്ന അഭിഭാഷകനെതിരെയാണ് കേസ്. വിചാരണയ്ക്കിടെ ഭാസ്‌കര്‍ തന്ന ബിയര്‍ കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് നടപടി. ജസ്റ്റിസുമാരായ എ എസ് സുപേഹിയ, ആര്‍ ടി വച്ചാനി എന്നിവരടങ്ങുന്ന ബെഞ്ചാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.

ജൂണ്‍ 26 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജസ്റ്റിസ് സന്ദീപ് ഭട്ടിന്റെ ചേംബറില്‍ വിചാരണ നടക്കുന്നതിനിടെയായിരുന്നു ഭാസ്‌കര്‍ തന്ന ബിയര്‍ കുടിച്ചത്. വിചാരണയില്‍ പങ്കെടുത്ത എല്ലാവരും കാണുന്ന തരത്തിലായിരുന്നു അഭിഭാഷകന്റെ പ്രവർത്തി. സീനിയര്‍ അഭിഭാഷകരെ മാതൃകയാക്കുന്ന ജൂനിയര്‍ അഭിഭാഷകരെ ഇത്തരം സംഭവങ്ങൾ സ്വാധീനിക്കുമെന്നും അഭിഭാഷകന്റെ പ്രവര്‍ത്തി അതിരുകടന്നുവെന്നും ബെഞ്ച് വ്യക്തമാക്കി. സംഭവത്തില്‍ അഭിഭാഷകന് നോട്ടീസ് അയയ്ക്കുമെന്ന് ബെഞ്ച് അറിയിച്ചു. ഭാസ്‌കര്‍ തന്നയെ ഇനിയുള്ള വെര്‍ച്വല്‍ ഹിയറിങ്ങിൽ നിന്ന് വിലക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ചീഫ് ജസ്റ്റിസിന് കൈമാറുമെന്നാണ് വിവരം.

Content Highlights- Action taken against senior lawyer for drinking beer during virtual hearing

dot image
To advertise here,contact us
dot image