
ഗുവാഹത്തി: സംസ്ഥാനത്തെ കോണ്‍ഗ്രസിന് വേണ്ടി 5000 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, പ്രത്യേകിച്ച് വിവിധ ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. 47 രാജ്യങ്ങളില്‍ നിന്നാണ് ഈ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശില്‍ നിന്നും പാകിസ്താനില്‍ നിന്നുമാണ് ഇതില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ ഒരു പ്രത്യേക കോണ്‍ഗ്രസ് നേതാവിനെയും സംസ്ഥാന കോണ്‍ഗ്രസിനെയും കേന്ദ്രീകരിച്ചാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി പധാനമായും പ്രവര്‍ത്തിക്കുന്നതെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
ഈ അക്കൗണ്ടുകള്‍ രാഹുല്‍ ഗാന്ധിയെയോ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പിന്തുടരുകയോ കമന്റ് ചെയ്യുകയോ ചെയ്യുന്നില്ല. ഒറ്റ നേതാവിനെയും സംസ്ഥാന കോണ്‍ഗ്രസിനെയും മാത്രം കേന്ദ്രീകരിച്ചാണ് അവരുടെ പ്രവര്‍ത്തനമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഹിമന്ത ബിശ്വ ശര്‍മ്മ പ്രത്യേകമായി ഒരു കോണ്‍ഗ്രസ് നേതാവിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഗൗരവ് ഗൊഗോയ് തന്നെയാണ് ലക്ഷ്യമിട്ടതെന്ന് ഉറപ്പ്.
അസം രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും വിദേശ ഇടപെടല്‍. 2026 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണിത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കേന്ദ്ര സര്‍ക്കാരിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
Content Highlights: 5,000 social media accounts from Islamic countries are promoting assam congress: Himanta biswa sarma