
അഹമ്മദാബാദ്: അഹമ്മദാബാദിലെ വിമാന അപകടത്തില്‍ മരണപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഗുജറാത്ത് ആഭ്യന്തര വകുപ്പ് മന്ത്രി ഹര്‍ഷ് സാങ്വിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മകള്‍ക്കൊപ്പമുള്ള ഭാര്യ അഞ്ജലിയെ തിരികെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായായിരുന്നു വിജയ് രൂപാണി ലണ്ടനിലേക്ക് പുറപ്പെട്ടത്. ഇതിനിടെയായിരുന്നു അപകടത്തില്‍പ്പെട്ട് മരണപ്പെടുന്നത്. സംസ്കാര ചടങ്ങുകള്‍ ഗുജറാത്തിലെ രാജ്കോട്ടില്‍ നടക്കുമെന്നാണ് വിവരം.
2016 മുതല്‍ 2021 സെപ്റ്റംബര്‍ വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി. ഘനശ്യാം ഓസയ്ക്കും കേശുഭായ് പട്ടേലിനും നരേന്ദ്ര മോദിക്കും ശേഷം രാജ്കോട്ടില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലാമത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി. അദ്ദേഹത്തിന്റെ മകന് പൂജിത് രൂപാണിയുടേയും അപകട മരണമായിരുന്നു. പിന്നീട് പൂജിത് രൂപാണി മെമ്മോറിയല്‍ ട്രസ്റ്റ് ആരംഭിച്ച് മകന്റെ ഓര്‍മയ്ക്കായി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നു വിജയ് രൂപാണിയും കുടുംബം. ഇതിനിടെയായിരുന്നു വിമാന അപകടത്തില്‍ വിജയ് രൂപാണിയുടെ അപ്രതീക്ഷിത വിയോഗം
ജൂണ്‍ 12ന് ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു വിമാനം തകര്‍ന്നുവീണത്. ബി ജെ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മെസ്സിലേയ്ക്കും പിജി വിദ്യാര്‍ത്ഥികളും സ്പെഷ്യല്‍ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലേക്കുമായിരുന്നു വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ അടക്കം 242 പേരില്‍ 241 പേരും മരിച്ചു. ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിനി രഞ്ജിതയും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. മെസ്സില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരും ഹോസ്റ്റലില്‍ ഉണ്ടായിരുന്നവരും അപകടത്തില്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ് 32 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ പതിനാറ് പേര് വിദ്യാര്‍ത്ഥികളാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ ബിജെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരും സാധാരണക്കാരും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രമേശ് വിശ്വാസ് കുമാറുമുണ്ട്. അപകടത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
അപകടത്തില്‍ മരണപ്പെട്ടവര്‍ക്കും രക്ഷപ്പെട്ടവര്‍ക്കുമായി എയര്‍ ഇന്ത്യ സഹായധനം പ്രഖ്യാപിരുന്നു. മരണപ്പെട്ടവര്‍ക്കും പരിക്കുകളോടെ രക്ഷപ്പെട്ടവര്‍ക്കും 25 ലക്ഷം രൂപ വീതം അടിയന്തരമായി നല്‍കാനായിരുന്നു തീരുമാനം. ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ച ഒരു കോടി രൂപയ്ക്ക് പുറമെയാണിത്. ഇതോടെ ആകെ ധനസഹായമായി 1.25 കോടി രൂപ വീതം വിതരണം ചെയ്യും. ഇതിന് പുറമെ അപകടത്തില്‍ പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും വഹിക്കുമെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്ന് എന്നാണ് ചെയര്മാന് കഴിഞ്ഞ ദിവസം സഹപ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞത്. എന്താണ് സംഭവിച്ചത് എന്നതറിയാന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരുന്നു.
Content Highlights- Ahmedabad Plane Crash: Ex-Gujarat CM Vijay Rupani's DNA Matches