
ലഖ്‌നൗ: പ്രണയത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമം. കാന്‍പുരിലെ പാര്‍ക്കില്‍വെച്ചായിരുന്നു സംഭവം. 'നിനക്ക് എന്റേതാകാൻ കഴിയില്ലെങ്കിൽ നിന്നെ മറ്റാരുടേയും ആവാൻ ഞാൻ അനുവദിക്കില്ല' എന്നുപറഞ്ഞ് കൊണ്ടായിരുന്നു കാന്‍പുര്‍ സ്വദേശിയായ അമാന്‍ സോങ്കര്‍ എന്നയാൾ 18 വയസ്സുകാരിയെ ദുപ്പട്ട കഴുത്തില്‍മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കാമുകന്റെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞതിനെ തുടർന്നാണ് പെൺകുട്ടി യുവാവിൽ നിന്നും അകന്നത് എന്നാണ് വിവരം.
ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീടാണ് അയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മനസ്സിലായത്. തുടർന്ന് ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു. എന്നാൽ വിവാഹത്തിനായി അമാന്‍ സമ്മർദ്ദം ചെലുത്താൻ തുടങ്ങി. വിസമ്മതിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ ബന്ധുക്കളെ വ്യത്യസ്ത നമ്പറുകളിൽ നിന്ന് വിളിക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെ, അമാൻ ഒരു പാർക്കിലേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തി സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമമെന്ന് ഭീഷണിപ്പെടുത്തുകയും വിവാഹത്തിനായി സമ്മർദ്ദം ചെലുത്തുകയും ചെയ്തു. നിരസിച്ചതോടെ ദുപ്പട്ട ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. വഴിയാത്രക്കാർ ഇടപെട്ടതോടെ പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 351 (2), 115 (2) എന്നീ വകുപ്പുകൾ പ്രകാരം യുവാവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
Content Highlights: UP Man Tries To Strangle Girlfriend In Park