അവധിക്കാലം കഴിയാറായി, രണ്ട് ദിവസംകൊണ്ട് ഡല്‍ഹി ഒന്ന് കറങ്ങി വന്നാലോ, എങ്ങനെയെന്നല്ലേ..

ആദ്യമായിട്ട് ഡല്‍ഹി സന്ദര്‍ശിക്കുന്നവരാണെങ്കില്‍ രണ്ട് ദിവസംകൊണ്ട് എങ്ങനെ സ്ഥലങ്ങള്‍ കണ്ടുവരാം...

dot image

അവധിക്കാലം കഴിയാറായി. ഇനിയും യാത്ര പോയിട്ടില്ലാത്തവര്‍ക്കും ഡല്‍ഹി സന്ദര്‍ശിച്ചിട്ടില്ലാത്തവര്‍ക്കും രണ്ട് ദിവസംകൊണ്ട് ഡല്‍ഹിയിലെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളും കണ്ടുവരാം. 48 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയിലെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളും നിങ്ങളുടെ യാത്രാ പരിപാടിയില്‍ ഉള്‍പ്പെടുത്താം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടകള്‍, തിരക്കേറിയ ബസാറുകള്‍, കൊളോണിയല്‍ കാലഘട്ടത്തിലെ തെരുവുകള്‍, ചിക് കഫേകള്‍ എന്നിവയൊക്കെ കണ്ട് ഡല്‍ഹിയില്‍ സഞ്ചരിക്കാന്‍ ഒരു വാരാന്ത്യം മതിയാവും. ഇന്ത്യയുടെ ആധുനിക മുഖവും പരമ്പരാഗത വേരുകളും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന അനുഭവമാണിത്. ആദ്യമായി ഡല്‍ഹി സന്ദര്‍ശിക്കുന്നവര്‍ക്ക് ഡല്‍ഹിയുടെ സമ്പന്നമായ ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കുമുള്ള ഒരു ചെറിയ പ്രവേശന കവാടം കൂടിയായിരിക്കും ഈ യാത്ര.

ഒന്നാം ദിവസത്തെ യാത്ര

ചെങ്കോട്ടയും ചാന്ദ്നി ചൗക്കും

യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലവും ഇന്ത്യയിലെ മുഗള്‍ മഹത്വത്തിന്റെ പ്രതീകവുമായ ചെങ്കോട്ടയില്‍ നിന്ന് കാഴ്ചകള്‍ കണ്ട് ദിവസം ആരംഭിക്കാം. വൈകുന്നേരങ്ങളില്‍ ഇവിടെ മനോഹരമായ ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുമുണ്ടാവും. ഈ കോട്ട സന്ദര്‍ശിച്ച ശേഷം, ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മാര്‍ക്കറ്റുകളിലൊന്നായ ചാന്ദ്നി ചൗക്കിലേക്ക് നടക്കാം. അവിടെനിന്ന് മനോഹരമായ വസ്ത്രങ്ങള്‍ വാങ്ങാം. തെരുവ് ഭക്ഷണത്തിന്റെ രാജാവ് എന്നാണ് ഡല്‍ഹി അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ അവിടുത്തെ പ്രധാന തെരുവ് ഭക്ഷണങ്ങളായ (ഛോലെ-കുല്‍ച്ചെ, പരാന്തെ) എന്നിവയൊന്നും ആസ്വദിക്കാതിരിക്കരുത്. ഡല്‍ഹിയുടെ വിശാലമായ കാഴ്ചകള്‍ ആസ്വദിക്കാന്‍, ഒരു ചെറിയ നടത്തം മാത്രം അകലെയുള്ള ജുമാ മസ്ജിദും നിങ്ങള്‍ക്ക് സന്ദര്‍ശിക്കാം.

രാജ് ഘട്ട്
മഹാത്മാഗാന്ധിയുടെ സ്മാരകമാണ് രാജ്ഘട്ട്. രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്തായിട്ടാണ്.അദ്ദേഹത്തെ സംസ്‌കരിച്ച സ്ഥലത്ത് മനോഹരമായ മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു സ്മാരകം സ്ഥിതി ചെയ്യുന്നു. ഇതിന്റെ അറ്റത്ത് ഒരു വിളക്ക് കെടാതെ കത്തിച്ചു വച്ചിട്ടുണ്ട്. ഇതിനു ചുറ്റും മനോഹരമായ പൂന്തോട്ടങ്ങളും, പുല്‍ മൈതാനങ്ങളും വളരെ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും സ്മാരകങ്ങള്‍ പോലെ സമീപത്തുള്ള മറ്റ് സ്മാരകങ്ങളും നിങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിയും.

ഇന്ത്യാ ഗേറ്റും രാജ്പഥും

അടുത്തതായി ഇന്ത്യാ ഗേറ്റിലേക്ക് പോകാം. 82,000 സൈനികര്‍ക്ക് വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന ഒരു യുദ്ധ സ്മാരകമാണിത്. ലോകത്തിലെതന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളില്‍ ഒന്നുകൂടിയാണിത്. സൈനികരുടെ ത്യാഗത്തിന്റെ പ്രതീകമായി ഇന്ത്യാഗേറ്റിന്റെ ആര്‍ച്ചിന് താഴെയായി ഒരു ദീപം കത്തിച്ചുവച്ചിട്ടുണ്ട്. അമര്‍ജ്യോതി എന്നാണ് ഈ ദീപം അറിയപ്പെടുന്നത്. വൈകുന്നേരങ്ങളില്‍ കുടുംബങ്ങള്‍, തെരുവ് ഭക്ഷണ വില്‍പ്പനക്കാര്‍, പ്രാദേശിക കലാകാരന്മാര്‍ എന്നിവരാല്‍ ചുറ്റപ്പെട്ട് ഇന്ത്യാഗേറ്റ് പ്രകാശപൂരിതമാകുന്നു. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവനിലേക്ക് രാജ്പഥ് ബൊളിവാര്‍ഡിലൂടെ നടക്കാനും നിങ്ങള്‍ക്ക് കഴിയും.

കൊണാട്ട് പ്ലേസ്

ഒരു ദിവസത്തെ യാത്ര നിങ്ങള്‍ക്ക് ഡല്‍ഹിയുടെ ഹൃദയഭാഗമായ കൊണാട്ട് പ്ലേസില്‍ അവസാനിപ്പിക്കാന്‍ സാധിക്കും. റൂഫ്ടോപ്പ് ബാറുകള്‍, ഇന്ത്യന്‍ ബിസ്ട്രോകള്‍, ആഗോള ഭക്ഷണവിഭവങ്ങള്‍ എന്നിവയൊക്കെ അവിടെനിന്ന് ആസ്വദിക്കാം. ഡല്‍ഹിയിലെ ഒരു പ്രധാന വ്യവസായ സ്ഥലം കൂടിയാണ് കൊണാട്ട് പ്ലേസ്.

രണ്ടാം ദിവസത്തെ യാത്ര ആരംഭിക്കാം

ലോധി ഗാര്‍ഡന്‍

മുതിര്‍ന്നവര്‍ക്കും ചെറുപ്പക്കാര്‍ക്കും ഒരുപോലെ സമയം ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണ് ലോധി ഗാര്‍ഡന്‍. 90 ഏക്കറിലാണ് ഇത് വ്യാപിച്ചുകിടക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലെ ശവകുടീരങ്ങളും മറ്റും ഇവിടെ കാണാം. അടുത്തുള്ള ലോധി ആര്‍ട്ട് ഡിസ്ട്രിക്റ്റിലേക്കുള്ള ഒരു യാത്രയ്ക്കൊപ്പം ചുവരുകള്‍ അലങ്കരിക്കുന്ന മനോഹരമായ ചുവര്‍ചിത്രങ്ങളും കാണാന്‍ കഴിയും.ഉദ്യാനത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്ന ശില്‍പങ്ങളും കലാസൃഷ്ടികളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഹുമയൂണിന്റെ ശവകുടീരം

പേര്‍ഷ്യന്‍ ശൈലിയിലുള്ള ചാര്‍ബാഗ് പൂന്തോട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ ശവകുടീരം മനോഹരമായ കാഴ്ചയാണ്. മുഗള്‍ വാസ്തുവിദ്യയുടെ ശില്‍പ്പഭംഗി വഴിഞ്ഞൊഴുകുന്ന ഹുമയൂണിന്റെ ശവകുടീരം ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെത്തുന്ന സ്ഥലമാണ്. 1569 ലാണ് ഇതിന്റെ നിര്‍മ്മാണം. ഹുമയൂണിന് പുറമേ ഭാര്യ ബേഗ ബീഗം, ജന്ദര്‍ ഷാ,എന്നിവരുള്‍പ്പെടെ മുഗള്‍ പരമ്പരയില്‍പ്പെട്ട 16 പേരുടെ ശവകുടീരം ഇവിടെയുണ്ട്.

കുത്തബ് മിനാര്‍

ഡല്‍ഹി ആദ്യമായി കാണുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് കുത്തബ് മിനാര്‍. 72.5 മീറ്റര്‍ ഉയരമുണ്ട് കുത്തബ് മിനാറിന്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കുത്തബ്-ഉദ്-ദിന്‍ ഐബക്ക് നിര്‍മ്മിച്ചതാണ് ഇത്. ഖുവ്വത്ത്-ഉല്‍-ഇസ്ലാം പള്ളി പോലുള്ള ചുറ്റുമുള്ള ഭാഗങ്ങള്‍ ഡല്‍ഹി സുല്‍ത്താനേറ്റ് കാലഘട്ടത്തിന്റെ ആഴത്തിലുള്ള ഒരു കാഴ്ച നല്‍കുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും തുരുമ്പെടുക്കാത്തതിന് പേരുകേട്ട ഇരുമ്പ് സ്തംഭവും നിങ്ങള്‍ക്ക് ഇവിടെ സന്ദര്‍ശിക്കാം.

മെഹ്റൗളി അഥവാ ഹൗസ് ഖാസ് ഗ്രാമം

പതിനാലാം നൂറ്റാണ്ടിലെ ഒരു ജലസംഭരണിക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഹൗസ് ഖാസ് ഗ്രാമത്തിലെ മനോഹരമായ ഒരു കഫേയില്‍ ഭക്ഷണം കഴിച്ചുകൊണ്ട് നിങ്ങളുടെ ഡല്‍ഹി യാത്ര അവസാനിപ്പിക്കാവുന്നതാണ്. അല്ലെങ്കില്‍ മെഹ്റൗളിയിലേക്ക് പോകുക. അവിടെ നിങ്ങള്‍ക്ക് ഒലിവ് ബാര്‍ & കിച്ചണ്‍, റൂഹ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കാം. ഡല്‍ഹിയിലെ ഡൈനിംഗ് പോലെ തന്നെ ഉയര്‍ന്ന നിലവാരത്തിലുള്ളതാണ് ഇവ, പ്രത്യേകിച്ച് രാത്രിയില്‍ കുത്തബ് മിനാറിന്റെ കാഴ്ചകളും കാണാം.

Content Highlights :If you are visiting Delhi for the first time, how can you see all the places in two days?

dot image
To advertise here,contact us
dot image