'പണി'യാകാതെ എങ്ങനെ പ്രതികരിക്കാമെന്ന് പാർട്ടി പഠിപ്പിക്കും; നേതാക്കൾക്ക് 'കമ്മ്യൂണിക്കേഷൻ ക്ലാസു'മായി ബിജെപി

വിജയ് ഷായുടെ പരാമർശം ദേശീയ തലത്തിൽ വലിയ വിവാദമായതിന് പിന്നാലെയാണ് തീരുമാനം

dot image

ഭോപ്പാൽ: കേണൽ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശിലെ ബിജെപി മന്ത്രി നടത്തിയ വിദ്വേഷ പരാമർശത്തിന് പിന്നാലെ നേതാക്കൾക്ക് 'കമ്മ്യൂണിക്കേഷൻ ക്ലാസുകൾ' നൽകാൻ പാർട്ടി ഒരുങ്ങുന്നതായി റിപ്പോർട്ട്. മധ്യപ്രദേശിലെ എല്ലാ എംഎൽഎമാർക്കും നേതാക്കൾക്കുമായാണ് ക്‌ളാസുകൾ സംഘടിപ്പിക്കുക. വിജയ് ഷായുടെ പരാമർശം ദേശീയ തലത്തിൽത്തന്നെ വലിയ വിവാദമായതിന് പിന്നാലെയാണ് തീരുമാനം.

എല്ലാ നേതാക്കൾക്കും പാർട്ടി നയം സംബന്ധിച്ച് ബോധവൽക്കരണം നൽകും. എങ്ങനെയാണ് പൊതുമധ്യത്തിൽ സംസാരിക്കേണ്ടത് എന്നതിനെപ്പറ്റി ക്ലാസുകൾ ഉണ്ടാകും. എവിടെ, എപ്പോൾ, എങ്ങനെ സംസാരിക്കണമെന്നും വിവാദങ്ങൾ ഒഴിവാക്കാനും കൃത്യമായ നിർദേശം നൽകും. ഏതെല്ലാം കാര്യങ്ങളിൽ തങ്ങൾ ഇടപെട്ട് സംസാരിക്കണം എന്നതിലും കൃത്യമായ മാനദണ്ഡം ഏർപ്പെടുത്തും. ജൂണിൽ മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിന് പുറത്തുള്ള ഏതെങ്കിലും നഗരത്തിൽ ക്‌ളാസുകൾ സംഘടിപ്പിക്കാനാണ് ബിജെപിയുടെ നീക്കം.

പാർട്ടിയുടെ മുതിർന്ന നേതാക്കൾ, ദേശീയ വക്താക്കൾ, മാധ്യമ മേഖലയിലെ വിദഗ്ധർ തുടങ്ങിയവരാകും ക്ലാസുകൾ നയിക്കുക. എങ്ങനെ പക്വതയോടെ സംസാരിക്കണമെന്നും ഇടപെടണമെന്നും ക്ലാസുകളിൽ പറഞ്ഞുകൊടുക്കും. ഇതുവഴി പാർട്ടിയുടെ പ്രതിച്ഛായ തകരാതെ ഇടപെടാൻ നേതാക്കളെ പ്രാപ്തരാകുകയാണ് ലക്ഷ്യം. ബിജെപി എല്ലാ കൊല്ലവും ഇത്തരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ടെന്നും ഇതാദ്യമായല്ല ഇത്തരത്തിൽ ട്രെയിനിങ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് എന്നുമാണ് ബിജെപി മാധ്യമ വിഭാഗം തലവൻ ആശിഷ് അഗർവാൾ ഇന്ത്യ ടുഡേയോട് പറഞ്ഞത്.

അതേസമയം, കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ മന്ത്രി കൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി ഇതുവരെ നടപടിയെടുത്തിട്ടില്ല. വിഷയം കോടതി പരിഗണനയിൽ ആയതിനാൽ രാജി ആവശ്യപ്പെടേണ്ടെന്നാണ് ബിജെപിയുടെ തീരുമാനം.

കോടതിയുടെ തീരുമാനം എന്താണോ അതിനൊപ്പം നിൽക്കുമെന്ന് പറഞ്ഞുകൊണ്ടാണ് സംസ്ഥാന നേതൃത്വം വിജയ് ഷായ്‌ക്കൊപ്പം നിൽക്കുന്നത്.

Content Highlights: BJP to conduct classes for leaders on how to talk properly

dot image
To advertise here,contact us
dot image