
അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ വാസ്‌കോ എന്ന 'തല' ആയി തകര്‍ത്താടിയ ചിത്രമാണ് ഛോട്ടാ മുംബൈ. നടന്റെ ജന്മദിനമായ മെയ് 21 ന് സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തിക്കുന്നതിന് അണിയറപ്രവർത്തകർ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഈ റീ റിലീസ് പിന്നീട് നീട്ടുകയുമുണ്ടായി. ഇപ്പോൾ ഛോട്ടാ മുംബൈ റീ റിലീസ് നീട്ടിയതിനെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവായ മണിയൻപിള്ള രാജു.
'മെയ് 21 ന് ലാലേട്ടന്റെ പിറന്നാളിന് ചോട്ടാ മുംബൈ ഇറക്കണമെന്നായിരുന്നു കരുതിയത്. എന്നാൽ തുടരും എല്ലായിടത്തും ഹൗസ്ഫുള്ളായി പോവുകയാണ്. മാത്രമല്ല 12 മണിക്ക് വരെ എക്സ്ട്രാ ഷോസും വരുന്നുണ്ട്. മോഹൻലാലിന്റെ ഒരു പടം ഓടുമ്പോൾ മോഹൻലാലിന്റെ തന്നെ ഒരു പടം എതിരെ വരുന്നതിൽ നമുക്ക് താൽപര്യമില്ല. അതുപോലെ ഈ മാസം 23 ന് നിരവധി റിലീസുകൾ വരുന്നുണ്ട്. നമ്മുടെ വർക്കുകൾ എല്ലാം തീർന്നു നിൽക്കുകയാണ്. ജൂണിൽ സമാധാനത്തോടെ റിലീസ് ചെയ്യാമെന്ന് കരുതുന്നു,' എന്ന് മണിയൻപിള്ള രാജു മൂവി വേൾഡ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഛോട്ടാ മുംബൈയിലെ സീനുകള്‍ക്കും തമാശകള്‍ക്കും പാട്ടുകള്‍ക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആയിരുന്നു. രാഹുല്‍ രാജായിരുന്നു സംഗീതസംവിധാനം. മോഹന്‍ലാൽ മാത്രമല്ല, ചിത്രത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും പ്രേക്ഷക മനസില്‍ ഇന്നും വലിയ സ്ഥാനമുണ്ട്. സിദ്ദിഖിന്റെ മുള്ളന്‍ ചന്ദ്രപ്പനും, ജഗതിയുടെ പടക്കം ബഷീറും, കലാഭവന്‍ മണിയുടെ വില്ലന്‍ വേഷവും ബിജുക്കുട്ടന്റെ സുശീലനും രാജന്‍ പി ദേവന്റെ പാമ്പ് ചാക്കോച്ചനും ഭാവനയുടെ ലതയും തുടങ്ങി ഇന്നും സിനിമയിലെ ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങളുടെ നിര വലുതാണ്.
സമീപകാലത്തായി റീ-റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നേടിയത്. സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതന്‍ എന്നീ ചിത്രങ്ങള്‍ കോടിക്കിലുക്കവുമായാണ് തിയേറ്ററുകള്‍ വിട്ടത്. ഛോട്ടാ മുംബൈയും റെക്കോര്‍ഡ് കാഴ്ചക്കാരെ നേടുമെന്നാണ് ആരാധക പ്രതീക്ഷ.
Content Highlights: Maniyanpilla Raju talks about postponing Chotta Mumbai Re Release