പാകിസ്താന് വിവരങ്ങൾ ചോർത്തിനൽകി; യൂട്യൂബർ ജ്യോതി മൽഹോത്ര ഉൾപ്പെടെ ആറ് ഇന്ത്യക്കാർ അറസ്റ്റിൽ

ഇവർ പാകിസ്താൻ ഇന്റലിജൻസിന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്

dot image

ന്യൂഡൽഹി: പാകിസ്താന് നിർണായക വിവരങ്ങൾ കൈമാറിയ സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. യൂട്യൂബർ ജ്യോതി മൽഹോത്ര ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. ഇവർ പാകിസ്താൻ ഇന്റലിജൻസിന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

'ട്രാവൽ വിത്ത് ജോ" എന്നാണ് ജ്യോതി മൽഹോത്രയുടെ യൂട്യൂബ് ചാനലിന്റെ പേര്. 2023-ൽ ജ്യോതി പാകിസ്താൻ സന്ദർശിച്ചതായും അവിടെ വെച്ച് ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്‌സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും റിപ്പോർട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്ന് കേന്ദ്ര സർക്കാർ ഡാനിഷിനെ 2025 മെയ് 13-ന് പദവിയില് നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. നിരവധി പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് ജ്യോതിയെ ഡാനിഷ് പരിചയപ്പെടുത്തിയതായും കണ്ടെത്തിയിരുന്നു.

ഇന്ത്യയിലെ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ അവർ പങ്കുവെച്ചതായും സോഷ്യൽ മീഡിയ പാകിസ്താനെക്കുറിച്ചുള്ള പ്രതിച്ഛായ പ്രദർശിപ്പിക്കാൻ സജീവമായി ഉപയോഗിച്ചതായും ആരോപിക്കപ്പെടുന്നു. അറസ്റ്റിലായ ആറുപേരെയും അഞ്ച് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 152, 1923-ലെ ഒഫിഷ്യല്‍ സീക്രട്ട് ആക്റ്റ് സെക്ഷൻ 3, 4, 5 എന്നിവ പ്രകാരമാണ് ജ്യോതിക്കെതിരെ കേസെടുത്തിരിക്കുന്നത്. രേഖാമൂലമുള്ള കുറ്റസമ്മതം സമർപ്പിച്ചതിന് ശേഷം കേസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

പാകിസ്താന് നിർണായക വിവരങ്ങൾ ചോർത്തിനൽകി എന്ന സംശയത്തിന് പിന്നാലെ ഹരിയാനയിൽ വിദ്യാർത്ഥി പിടിയിലായിരുന്നു. പട്യാലയിലെ സ്വകാര്യ കോളേജിൽ പഠിക്കുന്ന ദേവേന്ദ്ര സിങ് ധില്ലോൺ എന്ന 25 വയസുകാരനെയാണ് നേരത്തെ പിടികൂടിയത്. ഫേസ്ബുക്കിൽ തോക്കുകൾ അടക്കമുള്ള ചിത്രങ്ങൾ പങ്കുവെച്ചതിനാണ് ഇയാളെ ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ ഇയാൾ കർത്താപൂർ ഇടനാഴി വഴി കഴിഞ്ഞ നവംബറിൽ പാകിസ്താനിലേക്ക് പോയതായും ഐഎസ്‌ഐയുമായി നിർണായക വിവരങ്ങൾ പങ്കുവെച്ചതായും സംശയം ഉയർന്നിരുന്നു. ഇയാൾക്ക് വേണ്ടി ഐഎസ്ഐ പണം മുടക്കിയതായും സൂചനയുണ്ട്. മാസ്റ്റേഴ്സ് വിദ്യാർത്ഥിയായ ഇയാൾ പട്യാലയിലെ മിലിട്ടറി കന്റോണ്മെന്റിന്റെ വിവരങ്ങൾ പാകിസ്താന് ചോർത്തിനൽകി എന്നാണ് പൊലീസ് പറയുന്നത്. ദേവേന്ദ്രയുടെ ഫോൺ കൂടുതൽ പരിശോധനയ്ക്കായി പൊലീസ് പിടിച്ചുവെച്ചു.

പാനിപത്തിൽ നിന്നുള്ള ഒരു യുവാവിനെയും പാകിസ്താന് വിവരങ്ങൾ ചോർത്തിനൽകിയതിന് ദിവസങ്ങൾക്ക് മുൻപ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുപി സ്വദേശിയായിരുന്ന ഇയാളുടെ ബന്ധുവിന്റെയും, കമ്പനിയിലെ കാർ ഡ്രൈവറുടെയും അക്കൗണ്ടിലേക്കായിരുന്നു പാകിസ്താൻ പണം അയച്ചിരുന്നത്.

Content Highlights: YouTuber among 6 arrested for spying for Pakistan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us