

ചെന്നൈ: തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണ് ലക്ഷ്യമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് അധ്യക്ഷന്‍ നടന്‍ വിജയ്. ഈ ലക്ഷ്യത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നും വിജയ് തന്റെ അണികളോട് ആവശ്യപ്പെട്ടു.
ഇന്ന് നടന്ന പരിപാടിയില്‍ വിജയ് പാര്‍ട്ടി പതാക ഉയര്‍ത്തുകയും പാര്‍ട്ടി ആസ്ഥാനത്ത് പെരിയാര്‍ ഇ വി രാമസ്വാമി, ഡോ. ബി ആര്‍ അംബേദ്ക്കര്‍, കെ കാമരാജ്, വേലു നാച്ചിയാര്‍, അഞ്ജലി അമ്മാള്‍ എന്നിവരുടെ പ്രതിമകളുടെ അനാച്ഛാദനം നിര്‍വഹിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ പ്രതീകമായി ഈ നേതാക്കളെ നേരത്തെ തന്നെ വിജയ് പ്രഖ്യാപിച്ചിരുന്നു.
പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ ആദരവ് സൃഷ്ടിക്കുകയെന്ന എക്കാലത്തെയും ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവട് 2026ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പാണെന്ന് വിജയ് ആവര്‍ത്തിച്ചു. ഡിഎംകെ ആദ്യമായി അധികാരത്തില്‍ വന്ന 1967നെയും എഐഡിഎംകെ ആദ്യമായി അധികാരത്തില്‍ വന്ന 1977നെയും ഓര്‍മിപ്പിച്ച് സമാനമായ ഒരു തുടക്കം അടുത്ത വര്‍ഷം ടിവികെയ്ക്കുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കണമെന്നും വിജയ് പറഞ്ഞു. വ്യക്തിപരമായി എതിര്‍പാര്‍ട്ടികളുടെ നേതാക്കളെ ആക്രമിക്കുന്ന രീതി ടിവികെ സ്വീകരിക്കില്ലെന്നും വിജയ് പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights: Vijay on 1st anniversary of TVK announcement