ആയിരം രൂപ ഫീസ് അടച്ചില്ല; അഞ്ച് വയസുകാരനെ നാല് മണിക്കൂറോളം ക്ലാസിൽ കയറ്റിയില്ല; സ്‌കൂൾ പ്രിൻസിപ്പലിനെതിരെ കേസ്

കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ജുവനൈൽ ജസ്റ്റിസ് ആക്‌ട് സെക്ഷൻ 75 പ്രകാരം പ്രിൻസിപ്പൽ വൈശാലി സോളാനിക്കും കോ-ഓർഡിനേറ്റർ ദീപ്തിക്കുമെതിരെ വ്യാഴാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തു

ആയിരം രൂപ ഫീസ് അടച്ചില്ല; അഞ്ച് വയസുകാരനെ നാല് മണിക്കൂറോളം ക്ലാസിൽ കയറ്റിയില്ല; സ്‌കൂൾ പ്രിൻസിപ്പലിനെതിരെ കേസ്
dot image

മുംബൈ: ആയിരം രൂപ ഫീസ് അടയ്ക്കാത്തതിനാൽ അഞ്ച് വയസുകാരനെ നാല് മണിക്കൂറോളം തടഞ്ഞുവെച്ച സ്‌കൂൾ പ്രിൻസിപ്പലിനും കോ-ഓർഡിനേറ്ററിനുമെതിരെ കേസ്. മുംബൈയിലെ ഓർക്കിഡ് ഇൻ്റർനാഷണൽ സ്‌കൂളിലാണ് സംഭവം. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ജുവനൈൽ ജസ്റ്റിസ് ആക്‌ട് സെക്ഷൻ 75 പ്രകാരം പ്രിൻസിപ്പൽ വൈശാലി സോളാനിക്കും കോ-ഓർഡിനേറ്റർ ദീപ്തിക്കുമെതിരെ വ്യാഴാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തു.

‘‘സ്കൂൾ സമയം കഴിഞ്ഞ് മകനെ കൂട്ടാൻ ചെന്നപ്പോൾ മറ്റ് കുട്ടികൾക്കൊപ്പം കണ്ടില്ല. ക്ലാസ് ടീച്ചറോട് ചോദിച്ചപ്പോൾ മാനേജ്മെന്റിനോട് സംസാരിക്കാൻ നിർദേശിച്ചു. ഫീസ് മുഴുവൻ അടയ്ക്കാത്തവരെ ഡേ–കെയറിൽ ഇരുത്തുകയാണ് രീതിയെന്ന് പ്രിൻസിപ്പൽ അറിയിച്ചു. തുടർന്ന് ആയിരം രൂപ ഉടൻ അടച്ചു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയാറായില്ല. അതോടെ സ്ഥലം എംഎൽഎ മന്ദാ മാത്രയെ വിവരം അറിയിച്ചു. അവർ പൊലീസിൽ പരാതി നൽകാൻ നിർദേശിക്കുകയായിരുന്നു'', കുട്ടിയുടെ അച്ഛൻ പറഞ്ഞു.

28-ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ മകനെ ക്ലാസിൽ കയറ്റാതെ ഡേ–കെയർ മുറിയിൽ ഇരുത്തിയെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പരാതിക്കാരൻ പറഞ്ഞു. പ്രിൻസിപ്പലിനെ പിരിച്ചുവിടുമെന്ന് സ്‌കൂൾ സോണൽ ഹെഡ് ശ്രിയ ഷാ ഉറപ്പ് നൽകിയെങ്കിലും പിന്നീട് നടപടി ഉണ്ടായില്ലെന്നും പിതാവ് പറഞ്ഞു.

Content Highlights: KG student detained for 4 hours for just Rs 1,000 fee due in Mumbai

dot image
To advertise here,contact us
dot image