

കൊൽക്കത്ത: 2026ൽ ബിജെപി അധികാരത്തിലെത്തിയാൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ജയിലിലടയ്ക്കുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. സന്ദേശ്ഖാലിയിലെ സ്ത്രീകളോട് മമത നീതികേട് കാട്ടിയെന്നും, തൃണമൂൽ നേതാക്കൾക്കെതിരെ കേസ് നൽകിയ സ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയിൽ മമതയെ ജയിലിൽ അടയ്ക്കുമെന്നുമാണ് സുവേന്ദു അധികാരി പറഞ്ഞു.
ഡിസംബർ 30ന് മമത ബാനർജി സന്ദേശ്ഖാലി സന്ദർശിച്ചിരുന്നു. തുടർന്ന് മേഖലയിലെ ജനങ്ങൾ പണം നൽകി വഞ്ചിക്കപ്പെട്ടുവെന്ന് പ്രതിഷേധങ്ങളെ പരാമർശിച്ച് മമത പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു മമതയെ ജയിലിൽ അടയ്ക്കുമെന്നും ഇത് ഉറപ്പായും നടന്നിരിക്കുമെന്നും സുവേന്ദു അധികാരി ആണയിട്ട് പറഞ്ഞത്.
'ബിജെപി 2026ൽ അധികാരത്തിൽ വന്നാൽ സന്ദേശ്ഖാലി വിഷയം അന്വേഷിക്കാനായി ഒരു പ്രത്യേക കമ്മീഷനെ തന്നെ നിയോഗിക്കും. പ്രതിഷേധിച്ച സ്ത്രീകൾക്കെതിരെ കേസെടുത്തതിന് മമതയെ ജയിലിൽ അടയ്ക്കും' എന്നാണ് സുവേന്ദു അധികാരി പറഞ്ഞത്. തൃണമൂൽ സർക്കാർ സ്ത്രീകൾക്ക് നേരെ വ്യാജ കേസുകൾ രേഖപ്പടുത്തുകയാണെന്നും മമതയുടെ സന്ദർശനം വെറും ദുരുദ്ദേശങ്ങൾ കൊണ്ട് മാത്രമാണെന്നും സുവേന്ദു പറഞ്ഞു. സന്ദേശ്ഖാലിയിലെ അമ്മമാർക്കും പെങ്ങമ്മാർക്കും നേരെ മമത വലിയ ഗൂഢാലോചനയാണ് നടത്തിയതെന്നും അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപി തൃണമൂലിൽ നിന്നും സന്ദേശ്ഖാലി പിടിച്ചെടുക്കുമെന്നും സുവേന്ദു കൂട്ടിച്ചേർത്തു.
Content Highlights: Mamata will be jailed once bjp comes into power, says Suvendu Adhikari