തിരഞ്ഞെടുപ്പ് ഗോദയിലെ യുവസാന്നിധ്യം; ബംഗാളിൽ ഇടതിന് ഗുണം ചെയ്യുമോ ഈ സ്ട്രാറ്റജി?

ഇന്നിന്റെ ഭാഷയിൽ സംസാരിക്കും, പക്ഷേ രാഷ്ട്രീയത്തിൽ വെള്ളം ചേർക്കില്ല. ഉള്ളടക്കം ഒന്നാണെന്നും നല്ലതിനായി രൂപം മാത്രമാണ് മാറുന്നതെന്നുമാണ് യുവതലമുറയുടെ നിലപാട്

dot image

കൊൽക്കത്ത: പശ്ചിമബംഗാളിൽ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്ന സിപിഐഎം ഇത്തവണ യുവ നിരയ്ക്കാണ് കൂടുതൽ അവസരം നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾക്ക് മുമ്പ് യുവനിര നടത്തിയ മഹാറാലി വലിയ വിജയവുമായിരുന്നു. ഇത് പുതിയ ഇടതാകുമെന്നാണ് 31 കാരനായ ശ്രീജൻ ഭട്ടാചാര്യയുടെ മുദ്രാവാക്യം. ജാദവ്പൂരിൽ നിന്നുള്ള ലോക്സഭാ സ്ഥാനാർത്ഥിയാണ് ശ്രീജൻ. ഇന്നിന്റെ ഭാഷയിൽ സംസാരിക്കും, പക്ഷേ രാഷ്ട്രീയത്തിൽ വെള്ളം ചേർക്കില്ല. ഉള്ളടക്കം ഒന്നാണെന്നും നല്ലതിനായി രൂപം മാത്രമാണ് മാറുന്നതെന്നുമാണ് ശ്രീജൻ്റെ നിലപാട്.

തിരഞ്ഞെടുപ്പുകളിൽ പുതിയ ട്രെന്റ് പിടിച്ചാണ് പ്രചാരണം. ബോളിവുഡ് സിനിമാ ഡയലോഗുകളും മീമുകളും പ്രചാരണങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇത് ജനങ്ങളുമായി അടുക്കാൻ സഹായിക്കുന്നുവെന്നാണ് ഇവരുടെ വാക്കുകൾ. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന സിപിഐഎം റാലിയിൽ ഷാരൂഖിന്റെ ജവാൻ സിനിമയിലെ ഡയലോഗ് പറഞ്ഞായിരുന്നു ശ്രീജന്റെ പ്രസംഗം. അന്ന് വലിയ കരഘോഷമാണ് ജനങ്ങളിൽ നിന്ന് ലഭിച്ചത്.

40 വയസ്സിന് താഴെയുള്ള എട്ട് സ്ഥാനാർത്ഥികളാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം ടിക്കറ്റിൽ മത്സരിക്കുന്നത്. സംസ്ഥാനത്ത് ഇടതുമുന്നണി-കോണ്ഗ്രസ് സഖ്യത്തില് ഇടതുമുന്നണി നിർത്തിയ 30 സ്ഥാനാർത്ഥികളിൽ 22 പേരും സിപിഐഎമ്മിൽ നിന്നുള്ളവരാണ്. ഇവരിൽ നാല് പേർ മാത്രമാണ് 60ന് മുകളിൽ പ്രായമുള്ളവർ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രായമുള്ളവരെ മത്സരിപ്പിക്കുക എന്ന പാർട്ടിയുടെ ദീർഘകാലമായുള്ള നടപ്പുരീതിയാണ് ഇതോടെ മാറുന്നത്.

വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയിൽ നിന്ന് മൂന്ന് നേതാക്കളെയാണ് പാർട്ടി മത്സരിപ്പിച്ചിരിക്കുന്നത്. ജാദവ്പൂർ, ഡയമണ്ട് ഹാർബർ, സെറാംപൂർ ലോക്സഭാ സീറ്റുകളിൽ യഥാക്രമം ശ്രീജൻ ഭട്ടാചാര്യ, പ്രതികൂർ റഹ്മാൻ, ദിപ്സിത ധർ എന്നിവരാണ് മത്സരിക്കുന്നത്. 2011ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം തിരിച്ചുവരാൻ കഷ്ടപ്പെടുകയാണ് സിപിഐഎം. യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാനാകുന്നില്ലെന്നതാണ് പാർട്ടി നേരിട്ടിരുന്ന വിമർശനം. എന്നാൽ യുവനേതാക്കളെ മത്സരത്തിനിറക്കി ഈ ചീത്തപ്പേര് ഇല്ലതാക്കുക കൂടിയാണ് പാർട്ടിയുടെ ലക്ഷ്യം.

2021 ൽ സിപിഐഎം യുവനേതാക്കളെ രംഗത്തിറക്കിയിരുന്നു. എന്നാൽ ആർക്കും വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മൂന്ന് വർഷം പിന്നിടുമ്പോൾ യുവതലമുറയെ വിശ്വാസത്തിലെടുത്ത് ഇതേ സ്ട്രാറ്റജി തന്നെ പ്രയോഗിക്കാൻ സിപിഐഎം തയ്യാറായിരിക്കുകയാണ്. സിപിഐഎമ്മിന്റെ യുവതലമുറ സ്ഥാനാർത്ഥികൾ ടെക്നോളജിയെ കുറിച്ച് ധാരണയുള്ളവരും സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്നവരുമാണ്. അവർക്ക് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും നിർമ്മിത ബുദ്ധിയെ കുറിച്ചും ചർച്ച ചെയ്യാൻ കഴിയും. വ്യാവസായിക വത്കരണത്തെ പിന്തുണയ്ക്കാൻ സാധിക്കും. സംസ്ഥാനത്ത് 34 വർഷത്തെ ഭരണത്തിൽ സിപിഐഎമ്മിന് തെറ്റുപറ്റിയെന്ന് സമ്മതിക്കുക കൂടി ചെയ്യുന്നവരാണുമാണിവര്.

മോശം ഭരണമായിരുന്നെന്ന് അംഗീകരിക്കുമ്പോഴും ഇന്നത്തെ തൃണമൂലിനോളം മോശമായിരുന്നില്ലെന്നും അടുത്ത അഞ്ച് വർഷത്തെ ഭരണത്തിൽ അത് തെളിയിക്കുമെന്നുമാണ് ഇവർ പ്രചാരണങ്ങളിൽ പറയുന്നത്. സിപിഐഎമ്മിന് ഏറ്റവുമധികം വിജയസാധ്യതയുള്ള മണ്ഡലമാണ് മുർഷിദാബാദ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുൻ എംപിയുമായ മുഹമ്മദ് സലീമാണ് ഇവിടെ നിന്ന് മത്സരിക്കുന്നത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി നേരിട്ടായിരുന്നു സലീമിന് വേണ്ടി പ്രചാണത്തിനിറങ്ങിയത്. മെയ് ഏഴിനായിരുന്നു മുർഷിദാബാദ് അടക്കമുള്ള മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നത്. ബിജെപി സ്ഥാനാർത്ഥിയും സിറ്റിങ് എംപിയായ ഗൗരി ശങ്കർ ഘോഷാണ് മുർഷിദാബാദിൽ സലീമിന്റെ എതിരാളി.

dot image
To advertise here,contact us
dot image