ഇഡിയെ കുഴക്കി ആപ്പ്; മന്ത്രിസഭയ്ക്ക് ഇന്നും കെജ്രിവാളിന്റെ നിര്ദേശമെത്തി, തലസ്ഥാനത്ത് സംഘര്ഷം

കഴിഞ്ഞ ദിവസം ജല വകുപ്പ് മന്ത്രി അതിഷി മര്ലേനയ്ക്ക് കെജ്രിവാള് നിര്ദേശം നല്കിയിരുന്നു.

dot image

ന്യൂഡല്ഹി: ഡല്ഹി മദ്യനയ അഴിമതിക്കേസില് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ജയിലില് നിന്നും തുടര്ച്ചയായ രണ്ടാം ദിവസവും മന്ത്രിസഭയ്ക്ക് നിര്ദേശങ്ങള് നല്കി. ആരോഗ്യ മന്ത്രാലയത്തിനാണ് കെജ്രിവാളിന്റെ നിര്ദേശം ലഭിച്ചത്. പിന്നാലെ ആരോഗ്യമന്ത്രി സൗരഭ് ഭരദ്വജ് വാര്ത്താസമ്മേളനം വിളിച്ചു. ആശുപത്രികളില് സൗജന്യമായി മരുന്ന് വിതരണം തുടങ്ങാനാണ് നിര്ദേശം നല്കിയതെന്ന് മന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസം ജല വകുപ്പ് മന്ത്രി അതിഷി മര്ലേനയ്ക്ക് കെജ്രിവാള് നിര്ദേശം നല്കിയിരുന്നു. ജല വിതരണ പ്രതിസന്ധി, മാലിന്യ സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു നിര്ദേശങ്ങള് നല്കിയത്. ഇതില് ഇ ഡി അന്വേഷണം ആരംഭിച്ച സാഹചര്യം നിലനില്ക്കെയാണ് രണ്ടാമത്തെ ദിവസവും നിര്ദേശം ലഭിച്ചതായി ആപ്പ് നേതാക്കള് അവകാശപ്പെടുന്നത്.

കസ്റ്റഡിയില് ഇരുന്ന് കെജ്രിവാള് എങ്ങനെ സര്ക്കാരിന് നിര്ദേശം നല്കി എന്നാണ് ഇ ഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇ ഡി അതിഷിയെ ചോദ്യം ചെയ്തേക്കും. അതിഷി ചൂണ്ടിക്കാണിച്ച ഉത്തരവ് വ്യാജമാണെന്ന് ആരോപിച്ച് ബിജെപി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് കസ്റ്റഡിയില് കഴിയുന്ന അരവിന്ദ് കെജ്രിവാളിന് സര്ക്കാര് ഉത്തരവ് തയ്യാറാക്കാന് സാധിക്കുന്ന പശ്ചാത്തല സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന വിവരം പുറത്ത് വന്നത്.

കെജ്രിവാളിന്റെ അറസ്റ്റില് പ്രതിഷേധിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതി വളയുകയാണ് പ്രവര്ത്തകര്. പ്രദേശത്ത് സംഘര്ഷം ഉടലെടുത്തതോടെ പ്രവര്ത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കുകയാണ് ഡല്ഹി പൊലീസ്. പ്രവര്ത്തകര് പിരിഞ്ഞുപോയില്ലെങ്കില് നിയമനടപടികള് സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കിയതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാല് പിരിഞ്ഞപോകാന് തയ്യാറാവാത്ത പ്രവര്ത്തകര് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

മോദി ഏറ്റവുമധികം ഭയപ്പെടുന്നത് കെജ്രിവാളിനെ എന്ന മുദ്രാവാക്യം ഉയര്ത്തിയുള്ള സമൂഹ മാധ്യമ ക്യാമ്പയിന് ഇന്നലെ എഎപി ആരംഭിച്ചിരുന്നു. കസ്റ്റഡിയിലൂള്ള കെജ്രിവാളിനെ ചോദ്യം ചെയ്യുന്നത് ഇഡി തുടരുകയാണ്. മദ്യനയ അഴിമതിയില് കസ്റ്റഡിയിലൂള്ള കെ കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. റൗസ് അവന്യു കോടതിയില് ഹാജരാക്കുന്ന കവിതയെ വീണ്ടും കസ്റ്റഡില് വേണമെന്ന് ഇഡി ആവശ്യപ്പെടും.

dot image
To advertise here,contact us
dot image