രാജ്യം ഒറ്റ മനസ്സോടെ നേരിട്ട ദിനരാത്രങ്ങള്; മുംബെെ ഭീകരാക്രമണത്തിന്റെ 15 വർഷം

2008 നവംബര് 26. ഇന്ത്യ ഒരിക്കലും മറക്കാത്ത ദിനം. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തിന്റെ നെഞ്ചിലേക്കു വെടിയുതിര്ത്ത പാക് ഭീകരരെ രാജ്യം ഒരൊറ്റ മനസ്സോടെ നേരിട്ട ദിനരാത്രങ്ങള്. മുംബൈ നഗരവും രാജ്യവും ലോകവും അപ്പാടെ വിറങ്ങലിച്ച് നിന്ന ആ ഓര്മകള്ക്ക് 15 വര്ഷം തികയുന്നു.

dot image

സാധാരണ പോലൊരു ബുധനാഴ്ച. മഹാനഗരം ഉറക്കത്തിലേക്ക് വഴുതിവീണുകൊണ്ടിരിക്കുന്ന സമയം. ഛത്രപതി ശിവജി ടെര്മിനസ് റെയില്വേ സ്റ്റേഷനില്, വെടിവെയ്പ്പുണ്ടായെന്ന് വാര്ത്തകള് പരന്നു. ഏതെങ്കിലും ഗുണ്ടാ സംഘങ്ങള് തമ്മിലുള്ള വെടിവെപ്പാകാമെന്നായിരുന്നു ആദ്യം വിവരം. ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ തുടക്കമായിരുന്നു അത്. മുംബൈയെ, അല്ല ഇന്ത്യയെ തോക്കിന്കുഴലിനു മുന്നില് നിര്ത്തിയ മൂന്നു ദിനങ്ങള്.

ഇന്ത്യന് സൈന്യത്തിന്റെയും ഇന്ലിജന്സിന്റെയും കണ്ണുവെട്ടിച്ച്, എങ്ങനെയാണീ ഭീകരര് കടല് കടന്ന് ആസൂത്രിതമായ ആക്രമണത്തിനെത്തിയത്?.

2008 നവംബര് 22 രാവിലെ 8 മണി, പത്തംഗ ലഷ്കറെ ഭീകരസംഘം ലഹോറില്നിന്നു കറാച്ചിയിലേക്ക് ട്രെയിനില് പുറപ്പെട്ടു. അവിടെ നിന്ന് 'എംവിആല്ഫ' എന്ന കപ്പലില് ഇന്ത്യന് തീരത്തേക്ക്. മാരകായുധങ്ങളൊന്നും അപ്പോള് കൈവശമില്ലായിരുന്നു. യാത്ര കുറച്ച് സമയം പിന്നിട്ടപ്പോള് ഭീകരര്ക്കു പിന്തുണ നല്കുന്നവര് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കപ്പലില് എത്തിക്കുകയായിരുന്നു.

നവംബര് 23, ഗുജറാത്തിലെ പോര്ബന്തറിനു സമീപത്തുനിന്ന് എംവി കുബേര് എന്ന ഫിഷിങ് ബോട്ട് പിടിച്ചെടുക്കുന്നു. ബോട്ടിലെ ക്യാപ്റ്റന് ഒഴികെ 4 പേരെയും കൊലപ്പെടുത്തി കടലിലെറിഞ്ഞു. ക്യാപ്റ്റനോട് മുംബൈ തീരത്ത് എത്തിക്കാന് ആവശ്യപ്പെടുന്നു. മല്സ്യത്തൊഴിലാളികളുടെ വേഷം ധരിച്ചു ക്യാപ്റ്റന് അമര്സിങ് സോളങ്കിയുമായി ഭീകരര് യാത്ര തുടര്ന്നു.

നവംബര് 26, സമയം വൈകിട്ട് 4 മണി. മുംബൈ തീരത്തുനിന്നു 10 നോട്ടിക്കല് മൈല് അകലെ വച്ച് ക്യാപ്റ്റനെ സംഘം കഴുത്തറുത്തു കൊന്നു. ബോട്ടിനുള്ളില് ഒളിച്ചിരുന്ന് ഇന്ത്യന് നേവിയുടെ കണ്ണുവെട്ടിച്ച് മുംബൈ തീരത്ത് നിന്ന് 7 കി മീ അകലെ ഫിഷിങ് ബോട്ടില് നിന്ന് ഇറങ്ങുന്നു.

2008 നവംബര് 26 രാത്രി 8.30-9.00 ഇടയിലുള്ള സമയം ഡിങ്കി ബോട്ടുകളില് ഭീകരര് മുംബൈ തീരത്തെത്തി. കൊളാബ ജെട്ടി വഴി നഗരത്തിലേക്ക്. ഭീകരര് രണ്ടു പേര് വീതം അഞ്ച് 'ബഡി പെയേഴ്സ്' ആയി പിരിഞ്ഞു. തീവ്രവാദികളുടെ ബാഗില് മാരകായുധങ്ങളാണ് ഉണ്ടായിരുന്നത്. എകെ 47 തോക്ക്, 7.62 എംഎം പിസ്റ്റള്, 810 ഹാന്ഡ് ഗ്രനേഡ്, 8 കിലോ അത്യുഗ്ര സ്ഫോടന ശേഷിയുള്ള ആര്ഡിഎക്സ്, 6,200 രൂപ വീതം ക്രെഡിറ്റ് കാര്ഡുകള്, പല സിം കാര്ഡുകള്, മൌറീഷ്യസിലെ ഐഡന്റിറ്റി കാര്ഡുകള്, മുംബൈ നഗരത്തിന്റെയും ഹോട്ടലുകളുടെയും ഉപഗ്രഹ ചിത്രങ്ങള്, സ്നാക്സ്, ഡ്രൈഡ് ഫ്രൂട്ട്സ് തുടങ്ങിയവയാണ് ബാഗുകളില് ഉണ്ടായിരുന്നത്.

ശേഷം ഭീകരര് പലവഴിക്ക് പിരിഞ്ഞു. ആക്രമണം ആദ്യം തുടങ്ങിയത് ഛത്രപതി ശിവാജി ടെര്മിനസ് റെയില്വേ സ്റ്റേഷനിലായിരുന്നു. വിക്ടോറിയ മഹാരാജ്ഞിയുടെ ഗോള്ഡന് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 1887ല് സ്ഥാപിക്കപ്പെട്ട ലോകത്തിലെ ഏറ്റവും മനോഹരമായ റെയില്വേ സ്റ്റേഷനുകളില് ഒന്നാണിത്. ആയിരക്കണക്കിനാളുകളാണ് ദിവസവും ഇതുവഴി യാത്ര ചെയ്യുന്നത്. ദീര്ഘദൂര, ലോക്കല് ട്രെയിനുകള് ഉള്പ്പെടെ നൂറുകണക്കിന് ട്രെയിനുകള് വന്ന് പോകുന്ന സ്റ്റേഷന്. 18 പ്ലാറ്റുഫോമുകള്. ലോക പൈതൃക പട്ടികയില് ഇടംപിടിച്ച സ്ഥലം. അന്നും സ്ത്രീകളും കുട്ടികളും ഉള്പ്പടെ വലിയ ആള്ക്കൂട്ടം റെയില്വേ സ്റ്റേഷനില് ഉണ്ടായിരുന്നു.

ആദ്യ വെടിപൊട്ടിയപ്പോള്, ഏതോ ഗുണ്ടാ സംഘങ്ങള് തമ്മിലുള്ള ഏറ്റുമുട്ടലെന്നായിരുന്നു ധാരണ. ആളുകള് ചിതറിയോടി. പക്ഷെ ആക്രമണം നടത്തിയത് അവരായിരുന്നു. അജ്മല് കസബെന്ന പാക് ഭീകരനും കൂട്ടാളി ഇസ്മായില് ഖാനും.

റിസര്വേഷന് കൗണ്ടറിനടുത്തേക്ക് ശാന്തരായി കടന്നുവന്ന രണ്ട് ചെറുപ്പക്കാര് ഒന്നര മണിക്കൂറിലധികമാണ് എകെ 47 തോക്കും ഗ്രെനേഡുകളും ഉപയോഗിച്ച് തുടര്ച്ചയായി ആക്രമണം നടത്തിയത്.

സ്റ്റേഷനിലെ അനൗണ്സര്മാരില് ഒരാളായിരുന്ന ബബ്ലു കുമാര് ദീപക് പറഞ്ഞത് 'വീഡിയോ ഗെയിം കളിക്കുന്ന ഒരു കോളേജ് പയ്യന്റെ ലാഘവത്തോടെ 'കസബ് ചിതറിയോടിയവര്ക്ക് നേരെ വെടി വയ്ക്കുകയായിരുന്നു എന്നാണ്. തോക്കുധാരികള് കണ്ണില് കണ്ടവര്ക്കെല്ലാം നേരെ നിറയൊഴിച്ചു. മറ്റൊരു അനൗണ്സര് ആയിരുന്ന വിഷ്ണു സെന്ഡേ മൈക്കിലൂടെ പ്രധാന കവാടം ഒഴിവാക്കി പിന്നിലുള്ള വഴികളിലൂടെ പോകുവാന് പറഞ്ഞു കൊണ്ടേയിരുന്നു. ഒരുപാട് ആളുകളുടെ ജീവന് രക്ഷിക്കാന് സെന്ഡയുടെ ഈ അനൗണ്സ്മെന്റിന് സാധിച്ചു. ട്രെയിനിങ് ലഭിച്ചവര്ക്ക് മാത്രം ചെയ്യാന് കഴിയുന്ന വിധം ആയിരുന്നു അക്രമകാരികള് ജനത്തിന് നേരെ വെടി ഉതിര്ത്തത്. 56 പേര് കൊല്ലപ്പെട്ടു. 108 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു.

സമയം രാത്രി 9.30 കൊളാബയിലെ ലിയോപോള്ഡ് കഫേ. 1,800കളില് സ്ഥാപിച്ച ഇറാനിയന് കഫേയാണിത്. മുംബൈയിലെത്തുന്ന വിദേശ സഞ്ചാരികളുടെ ഇഷ്ടയിടം. കഫേയിലെത്തിയ ഭീകരര് തലങ്ങും വിലങ്ങും വെടിവച്ചു. ഗ്രനേഡുകള് എറിഞ്ഞു. ആക്രമണത്തില് 11 പേര് കൊല്ലപ്പെട്ടു.28 പേര്ക്ക് പരിക്കേറ്റു. ഒന്നര മണിക്കൂര് നീണ്ട വെടിവെപ്പിന് ശേഷം രക്ഷപ്പെടുന്നതിനിടെ കസബും കുട്ടാളിയും റോഡില് ഉണ്ടായിരുന്ന ആളുകള്ക്കും പൊലീസിനും നേരെ നടന്ന വെടിയുതിർത്തു. വെയ്പ്പില് എട്ട് പൊലീസുകാരാണ് കൊല്ലപ്പെട്ടത്.

ഇവിടെ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര് ദൂരെയുള്ള കാമ ആശുപത്രി ആയിരുന്നു അടുത്ത ലക്ഷ്യം. ഹോസ്മിറ്റലിന്റെ പിന്ഭാഗത്തുള്ള മതില് ചാടി കടന്ന് അകത്തു കടന്ന കസബും ഖാനും ഹോസ്പിറ്റലിന്റെ രണ്ട് സെക്യൂരിറ്റിയെയും കൊന്നു. പക്ഷെ ഹോസ്മിറ്റല് സ്റ്റാഫിന്റെ കൃത്യമായ ഇടപെടല് മൂലം എല്ലാ നിലകളിലേയും ലൈറ്റ് ഓഫാക്കി ഇരുപത് ഗര്ഭിണികള് ഉള്പ്പടെയുള്ളവരെ രക്ഷപ്പെടുത്തി. രോഗികളില് പലരെയും വാഷ്റൂമുകളിലും പാന്ട്രയിലും മറ്റുമായി ഒളിപ്പിച്ചു.

കാമ ഹോസ്പിറ്റല് ലക്ഷ്യമാക്കി തീവ്രവാദികള് പോയതറിഞ്ഞു മുംബൈ തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവന് ഹേമന്ത് കര്ക്കറെ ഉള്പ്പടെ ആറ് പൊലീസുകാര് ഹോസ്പിറ്റലിന് മുന്നിലെത്തി. പിന്നാലെയുണ്ടായ ഏറ്റമുട്ടലില് ഹേമന്ത് കര്ക്കറെ ഉള്പ്പെടെയുള്ളവര് കൊല്ലപ്പെട്ടു. ഒരു ജീപ്പില് ഭീകരര് രക്ഷപ്പെട്ടു.

കാമ ഹോസ്പിറ്റലിന് അടുത്തുള്ള മെട്രോ തീയേറ്ററിന് അടുത്തെത്തിയതും ജീപ്പിന്റെ പാസ്സന്ജര് സീറ്റില് ഇരുന്ന കസബ് വഴിയാത്രക്കാര്ക്ക് നേരെ തുരു തുരാ വെടിയുതിര്ത്തു. ജീപ്പ് കേടായപ്പോള് മറ്റൊരു കാര് തട്ടിയെടുത്തായി യാത്ര. മറൈന് ഡ്രൈവിലെ ചൗപ്പാട്ടി ബീച്ചിന് മുന്പില് പോലീസ് ബാരിക്കേഡ് തീര്ത്തു വെടിവച്ചു. വെടിവയ്പ്പില് ഇസ്മായില് ഖാന് കൊല്ലപ്പെട്ടു. അയ്യല് കസബ് കാറിന് പുറത്തിറങ്ങി കീഴടങ്ങുന്നതായി കാണിച്ചു. പക്ഷെ തുക്കറാം ഓംബ്ല എന്ന എഎസ്ഐ അടുത്തേക്ക് ചെന്നതും കസബ് റൈഫിള് എടുത്തു വെടിവെച്ചു. ഒമ്ബ്ലെ തോക്കിന്റെ ബാരലില് കടന്നുപിടിച്ചു മറ്റു പോലീസ്കാര്ക്ക് വെടി കൊള്ളാതെ തന്റെ വയറിന് നേരെ തന്നെ പിടിച്ചു. ഈ സമയം കൊണ്ട് പോലീസ്കാര് കസബിനെ കീഴ്പ്പെടുത്തി. ഒമ്ബ്ലെ വീരമൃത്യു വരിച്ചു.

അതേസമയം താജ്മഹല് ഹോട്ടലിലും ആക്രമണം നടക്കുകയായിരുന്നു. രാത്രി 9.40 മുംബൈയിലെ കൊളാബയില്, ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം സ്ഥിതി ചെയ്യുന്ന പഞ്ചനക്ഷത്ര, ആഡംബര ഹോട്ടലാണ് താജ്മഹല് പാലസ്. ഒറ്റനോട്ടത്തില് തന്നെ ആരേയും ആകര്ഷിക്കുന്ന തരം രൂപകല്പന. പ്രസിഡന്റുമാര് മുതല് വ്യവസായ പ്രമുഖരും സിനിമാ താരങ്ങളും വരെ ശ്രദ്ധേയരായ അതിഥികള് എത്തുന്ന സ്ഥലമാണിത്. 290 മുറികള് ഉള്ള ഹെറിറ്റേജ് വിങ്ങും 275 മുറികള് ഉള്ള താജ് ടവറുമാണ് ഉള്ളത്. നാല് പേരാണ് താജ് ആക്രമിച്ചത്. ഷൊഹൈബ്, ജാവേദ് എന്നിവരും ലിയോപോള്ഡ് കഫേ ആക്രമിച്ച ഹഫീസ് അര്ഷാദ് , നസീര് എന്നിവരും. ഹോട്ടലിന്റെ മെയിന് ലോബ്ബിയില് കടന്ന രണ്ടു പേര്കണ്ണില് കണ്ടവരെയെല്ലാം ഷൂട്ട് ചെയ്തു. അടുത്ത രണ്ട് പേര് ഹോട്ടലിന്റെ കഫെയുടെ വാതിലിലൂടെയാണ് അകത്തു കടന്നത്. അകത്തു കടന്ന രണ്ടു പേര് സ്വിമ്മിങ് പൂള് ഏരിയയിലുണ്ടായിരുന്ന വിദേശികള് ഉള്പ്പെടെയുള്ളവരെ കൊന്നു.

ഹോട്ടലിന്റെ ആറാം നിലയിലേക്ക് കയറിയ ഭീകരര് വഴിയേ വന്നവരെയെല്ലാം വെടിവെച്ചു താഴെയിട്ടു ഹോട്ടലിന്റെ ഒരു ഭാഗത്തിന് തീയിട്ടു. പന്ത്രണ്ട് മണി ആയപ്പോഴേക്കും മുംബൈ പൊലീസ് താജ് ഹോട്ടല് വളഞ്ഞു. ഒരു മണിയോടെ ഹോട്ടലില് ബോംബിട്ടു .ഹോട്ടലിന്റെ മുകള് നിലയില് തീ പടര്ന്നു. 27 ന് വെളുപ്പിനെ മൂന്ന് മണിയോടെ സൈന്യവും ഫയര്ഫോഴ്സും ആളുകളെ ഒഴുപ്പിച്ചുതുടങ്ങി.

ഓപ്പറേഷന് ബ്ലാക്ക് ടൊര്ണാഡോയ്ക്ക് തുടക്കം. എന്എസ്ജി കമാന്ഡോകള് ഭീകരരുമായി ഏറ്റുമുട്ടി.ഇരുപത്തിയെട്ടിന് രാത്രി 1 മണിക്ക് നടന്ന ഏറ്റുമുട്ടലില് മലയാളിയായ മേജര് സന്ദീപ് ഉണ്ണികൃഷ്ണന് കൊല്ലപ്പെട്ടു. ഭീകരരെ മാരകമായി മുറിവേല്പ്പിക്കും വിധം വെടിവച്ച ശേഷമായിരുന്നു മേജര് വീരമൃത്യു വരിച്ചത്.

നവംബര് 29ന് രാവിലെ എട്ട് മണിക്കാണ് താജ് ഹോട്ടല് പൂര്ണമായി നിയന്ത്രവിധേയമായതായി പ്രഖ്യാപിച്ചത്. രണ്ടരദിവസത്തോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില് നാല് ഭീകരരെയും കൊലപ്പെടുത്തി. 450 പേരെ രക്ഷപ്പെടുത്തി. 38 പേര് കൊല്ലപ്പെട്ടു .11 പേര് താജിലെ ജോലിക്കാര് ആയിരുന്നു. വിദേശികളും ഇന്ത്യന് വ്യവസായി ഗൗതം അദാനിയും കേരളത്തില് നിന്നുള്ള എം.പി എന്.എന് കൃഷ്ണദാസും താജില് കുടുങ്ങിയ പ്രമുഖര് ആണ്. താജില് ആക്രമണം തുടങ്ങി അര മണിക്കൂറിനുള്ളില് തന്നെ തൊട്ടടുത്തുള്ള ഒബ്റോയ്-ട്രൈഡന്റ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിലും തീവ്രവാദി ആക്രമണം ആരംഭിച്ചിരുന്നു . ഗേറ്റ് കീപ്പറിനെ കൊന്ന് അകത്തേക്ക് കയറിയ തീവ്രവാദികള് ബാറും റെസ്റ്ററന്റുകളും ആക്രമിച്ചു. ഒബ്റോയിയുടെ 16, 18 നിലകളിലെ അതിഥികളെ ബന്ദികളാക്കി.

താജില് ആക്രമണം തുടങ്ങി തൊട്ടു പിന്നാലെ ഭീകരര് ആക്രമിച്ച സ്ഥലമാണ് നരിമാന് ഹൗസ്. ബാക്കി സ്ഥലങ്ങളില് എല്ലാം ജനക്കുട്ടങ്ങളെ ലക്ഷ്യം വച്ചപ്പോള് നരിമാന് ഹൗസ് മാത്രമാണ് ഒരു മത സ്ഥാപനം എന്ന നിലയില് ആക്രമിക്കപ്പെട്ടത്. ജൂതന്മാരുടെ ഔദ്യോഗിക സ്ഥാപനങ്ങളില് ഒന്നായ ഛബാദ് ഹൗസ് ആയിട്ടാണ് അഞ്ച് നിലയുള്ള നരിമാന് ഹൗസ് പ്രവര്ത്തിച്ചു വന്നിരുന്നത്. രാത്രി ഒന്പതേ മുക്കാലിന് തൊട്ടടുത്തുള്ള പെട്രോള് പമ്പില് ബോംബ് പൊട്ടിയതും തോക്കുധാരികള് നരിമാന് ഹൗസിലേക്ക് ഇടിച്ചു കയറിയതും ഒരുമിച്ചായിരുന്നു. കെട്ടിടത്തിന്റെ അഞ്ചാം നിലയില് താമസിച്ചിരുന്ന റബ്ബായിയെയും ഭാര്യയെയും അവരുടെ അതിഥികളെയും ബന്ദികള് ആക്കി. പലസ്തീനില് ഇസ്രേല് നടത്തുന്ന ആക്രമണത്തിന് പ്രതികാരമായാണ് ചബാദ് ഹൗസ് പിടിച്ചെടുത്തത്. ഇരുപത് കമാന്ഡോകള് ചേര്ന്നാണ് നരിമാന് ഹൗസില് തീവ്രവാദികളുമായി ഏറ്റുമുട്ടിയത്. നാല്പത് മണിക്കൂര് നീണ്ട് നിന്ന ഏറ്റുമുട്ടലില് ഉടമയും ഗര്ഭിണിയായ ഭാര്യയും ഉള്പ്പെടെ കൊല്ലപ്പെട്ടു.

രണ്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന മകന് രക്ഷപ്പെട്ടു. ഹെലികോപ്റ്ററില് നരിമാന് ഹൗസില് ഇറങ്ങിയ എന്എസ് ജി കമാന്ഡോകളും അവരുടെ ഓപ്പറേഷനും ഇന്നും അഭിമാനത്തോടെ മാത്രമാണ് ഓര്ക്കാനാവുക. 14 പേരെ രക്ഷപ്പെടുത്തി. 2 ഭീകരരെ കൊലപ്പെടുത്തി.

2008 നവംബര് 28 പുലര്ച്ചെ താജ് ഹോട്ടല് ഒഴികെ ബാക്കിയെല്ലാ ഭാഗങ്ങളും ഭീകരരുടെ ഭീഷണിയില് നിന്ന് മോചിപ്പിക്കപ്പെട്ടിരുന്നു. നവംബര് 29 പുലര്ച്ചെ താജില് ദേശീയ സുരക്ഷാസേനയുടെ 'ഓപ്പറേഷന് ബ്ലാക്ക് ടൊര്ണാഡോ'; അവസാനത്തെ ഭീകരനെയും കൊലപ്പെടുത്തിയിരുന്നു. അജ്മല് കസബിനെ ജീവനോടെ പിടികൂടി. ഹേമന്ദ് കര്ക്കറെ ഐപിഎസ്, മേജര് സന്ദീപ് ഉണ്ണികൃഷ്ണന്, അശോക് കാംതെ, വിജയ് സലാസ്കര്, തുക്കാറാം ജി.ഓംബ്ലെ ഉള്പ്പെടെ വീരമൃത്യു വരിച്ചവരെയെല്ലാം അഭിമാനത്തോടെ ഇന്നും രാജ്യം ഓര്ക്കുന്നു.

ആക്രമണത്തിനു പിന്നില് പാകിസ്ഥാന് ഭീകരരുടെ തലച്ചോര് ആയിരുന്നെന്ന് കസബിനെ ചോദ്യംചെയ്തതില് നിന്ന് വ്യക്തമായി. ഹാഫിസ് മുഹമ്മദ് സയീദ്, സാക്കിയുര് റഹ്മാന് ലഖ്വി, അബു ഹംസ തുടങ്ങി ല്ഷകര് തലപ്പത്തുള്ളവരുടെ പേരുകളാണ് പുറത്തുവന്നത്. ഭീകരര്ക്ക് ആക്രമണത്തിനുള്ള ഇടങ്ങള് പരിചയപ്പെടുത്താന് വിഡിയോയും ജിപിഎസ് വിവരങ്ങളും നല്കിയത് പാക്അമേരിക്കന് വംശജനായ ഡേവിഡ് ഹെഡ്ലിയായിരുന്നു. ഇതിനായി ഇന്ത്യയിലേക്കു പല തവണ ഇയാള് യാത്ര നടത്തി. 2009 ഒക്ടോബറില് അറസ്റ്റിലായി. 35 വര്ഷത്തേക്കു തടവുശിക്ഷ ലഭിച്ച് നിലവില് യുഎസിലെ ജയിലിലാണ്. ഭീകരാക്രമണങ്ങള്ക്ക് പാക് രഹസ്യാന്വേഷണ ഏജന്സിയായ ഐഎസ്ഐയും ലഷ്കറെ തയിബയും സാമ്പത്തിക സഹായം നല്കിയെന്നും ഹെഡ്ലിയുടെ മൊഴിയിലുണ്ട്.

പണം കിട്ടിയാല് എന്തും ചെയ്യുന്ന ചാവേറായിരുന്നു അജ്മല് കസബ്. ആക്രമണങ്ങള്ക്ക് പ്രത്യേക പരിശീലനം കസബിന് ലഭിച്ചിരുന്നു. വിചാരണക്കൊടുവില് 2010 മേയ് 6ന് മുംബൈയിലെ ആര്തര് റോഡ് ജയിലിലെ പ്രത്യേക കോടതി കസബിനു വധശിക്ഷ വിധിച്ചു. 2011 ഫെബ്രുവരി 21യില് മുംബൈ ഹൈക്കോടതി വധശിക്ഷ ശരിവച്ചു. ഒക്ടോബര് 21ന് സുപ്രീംകോടതിയും വിധി ശരിവെച്ചു. ഓഗസ്റ്റില് പുന:പരിശോധനാ ഹര്ജിയും സുപ്രീംകോടതി തള്ളി. ഒടുവില് രാഷ്ട്രപതിക്ക് കസബ് ദയാഹര്ജി നല്കി. എന്നാല് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ അതിപൈശാചിക ആക്രമണം നടത്തിയ ഭീകരന് മാപ്പ് നല്കാന് രാഷ്ട്രപതി തയാറായില്ല. 2012 നവംബര് 5ന് ദയാഹര്ജി രാഷ്ട്രപതി പ്രണാബ് മുഖര്ജി തള്ളിയതോടെ കസബെന്ന ഭീകരന്റെ വിധി നിര്ണയിക്കപ്പെട്ടു. 2012 നവംബര് 21 പുണെയിലെ യേര്വാഡ ജയിലില് അജ്മല് കസബിനെ അതീവരഹസ്യമായി തൂക്കിലേറ്റി ഓപ്പറേഷന് എക്സ് എന്നായിരുന്നു ദൌത്യത്തെ വിളിച്ചത്. 15 വര്ഷങ്ങള്ക്കിപ്പുറവും ഓരോ ഭാരതീയന്റെയും മനസിലെ മായാത്ത നെരിപ്പോടാണ് മുംബൈ ഭീകരാക്രമണം.

dot image
To advertise here,contact us
dot image