

തിരുവനന്തപുരം: മകനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ശ്രമിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജന്‍. പുതുതായി പ്രകാശനം ചെയ്ത 'ഇതാണെന്റെ ജീവിതം' എന്ന ആത്മകഥയിലാണ് ജയരാജന്‍ ഇതേക്കുറിച്ച് പരാമര്‍ശിച്ചത്. ബിജെപി നേതാവ് പലവട്ടം മകനെ വീട്ടിലേക്ക് ക്ഷണിച്ചുവെന്നും എന്നാല്‍ അവന്‍ ഫോണെടുത്തില്ല എന്നുമാണ് ജയരാജന്‍ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. താന്‍ ബിജെപി നേതാവുമായി ചര്‍ച്ച നടത്തിയെന്ന് പോലും പലരും പ്രചരിപ്പിച്ചുവെന്നും ജയരാജന്‍ പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഇ പി ജയരാജന്റെ ആത്മകഥ 'ഇതാണെന്റെ ജീവിതം' പ്രകാശനം ചെയ്തു. കഥാകൃത്ത് ടി പത്മനാഭന് മുഖ്യമന്ത്രി ആദ്യത്തെ കോപ്പി നല്‍കിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ വളര്‍ന്നു വന്ന ഒരാളെ സംബന്ധിച്ചിടത്തോളം വസ്തുതാപരമായ ആവിഷ്‌കാരമാണ് ഈ പുസ്തകമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇ പി ജയരാജന്റെ ആത്മകഥ 'കട്ടന്‍ ചായയും പരിപ്പുവടയും; ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതവും' എന്ന പേരില്‍ ഇറങ്ങുന്നുവെന്ന വാര്‍ത്ത വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. പുസ്തകത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെക്കുറിച്ചും മറ്റും പരാമര്‍ശിക്കുകയും രണ്ടാം സര്‍ക്കാരിന്റെ ഭരണത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.
കൂടാതെ പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്ന ദിവസമായിരുന്നു ഈ വിവാദം മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. യുഡിഎഫ് അനുഭാവിയായിരുന്ന പി സരിനെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കകത്ത് വലിയ എതിര്‍പ്പുണ്ടായിരുന്നതായും പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്ന് അവകാശവാദങ്ങളുണ്ടായിരുന്നു.
വിവാദങ്ങളെ തുടര്‍ന്ന് ജയരാജന്‍ പ്രസാധകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു. പ്രസാധകര്‍ മാപ്പ് പറഞ്ഞതിനാല്‍ പിന്നീട് നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നെന്ന് ജയരാജന്‍ പറഞ്ഞിരുന്നു. പുസ്തകത്തിലൂടെ തന്നെ സര്‍ക്കാരില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ശ്രമിച്ചുവെന്നും പുസ്തകത്തിന്റെ തലക്കെട്ട് പോലും തന്നെ പരിഹസിക്കാന്‍ ഇട്ടതാണെന്നു അദ്ദേഹം പറഞ്ഞു. ടൗണ്‍ സ്‌ക്വയറില്‍ നടന്ന പരിപാടിയിലായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം.
Content Highlight; E. P. Jayarajan talks about his newly released autobiography