'മെസ്സി എന്നേക്കാൾ മികച്ച താരമാണോ?, അതിനോട് ഞാൻ യോജിക്കുന്നില്ല': ക്രിസ്റ്റ്യാനോ റൊണാൾഡോ

ഇം​ഗ്ലണ്ട് ഫുട്ബോൾ മുൻ താരം വെയ്ൻ റൂണിയുടെ വാക്കുകൾ പരാമർശിച്ചുകൊണ്ടായിരുന്നു പിയേഴ്സ് മോർ​ഗന്റെ ചോദ്യം

'മെസ്സി എന്നേക്കാൾ മികച്ച താരമാണോ?, അതിനോട് ഞാൻ യോജിക്കുന്നില്ല': ക്രിസ്റ്റ്യാനോ റൊണാൾഡോ
dot image

ഫുട്ബോളിലെ ഏക്കാലത്തെയും മികച്ച താരം ആരെന്നുള്ള ചോദ്യത്തിൽ പ്രതികരണവുമായി പോർച്ചു​ഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുട്ബോളിലെ ഇതിഹാസങ്ങളിൽ താൻ മെസ്സിക്ക് പിന്നിലാണെന്ന വാദങ്ങളെ റൊണാൾഡോ തള്ളിക്കളഞ്ഞു. ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർ​ഗന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയുടെ വാക്കുകൾ.

ഇം​ഗ്ലണ്ട് ഫുട്ബോൾ മുൻ താരം വെയ്ൻ റൂണിയുടെ വാക്കുകൾ പരാമർശിച്ചുകൊണ്ടായിരുന്നു പിയേഴ്സ് മോർ​ഗന്റെ ചോദ്യം. 'റൊണാൾഡോയോട് റൂണിക്ക് ഇഷ്ടക്കുറവില്ല, പക്ഷേ മികച്ച താരം ആരെന്ന ചോദ്യത്തിന് മെസ്സി എന്നാണ് ഉത്തരം,' റൂണിയുടെ വാക്കുകൾ സൂചിപ്പിച്ചുകൊണ്ട് മോർ​ഗൻ റൊണാൾഡോയോട് ചോദിച്ചു.

മറുപടിയായി, 'അതിൽ എനിക്കൊരു പ്രശ്നവുമില്ല. മെസ്സി എന്നെക്കാൾ മികച്ച താരമാണോ?, അതിനോട് ഞാൻ യോജിക്കുന്നില്ല. എനിക്ക് ഒരിക്കലും വിനയം കാണിക്കേണ്ട കാര്യമില്ല', റൊണാൾഡോ പറഞ്ഞു. അഭിമുഖത്തിന്റെ പൂർണഭാ​ഗം നാളെ പിയേഴ്സ് മോർ​ഗൻ അൺസെൻസേർഡ് യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യും. ഇന്ത്യൻ സമയം വൈകുന്നേരം 7.30നാവും അഭിമുഖം അപ്ലോഡ് ആകുക.

ഫുട്ബോൾ ലോകത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട പോരാട്ടങ്ങളിലൊന്നാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ളത്. ലയണൽ മെസ്സി ബാഴ്സലോണയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിന്റെയും ഭാ​ഗമായിരുന്നപ്പോഴാണ് ഇരുവരുടെയും പോരാട്ടങ്ങൾ ഫുട്ബോൾ ലോകത്തിന് ആവേശകരമായത്.

2004ൽ ബാഴ്സലോണയ്ക്കായി മെസ്സി അരങ്ങേറ്റം കുറിച്ചു. 781 മത്സരങ്ങളിൽ മെസ്സി ബാഴ്സലോണയുടെ ജഴ്സി അണിഞ്ഞു. 674 തവണ ബാഴ്സയ്ക്കുവേണ്ടി മെസ്സി ഗോളുകൾ നേടി. 10 ലാലീഗയും നാല് ചാമ്പ്യൻസ് ലീഗും ഏഴ് കോപ്പ ഡെൽ റെയും മെസ്സി ബാഴ്സയ്ക്കുവേണ്ടി നേടി. ഏഴ് തവണ ബലോൻ ദ് ഓർ പുരസ്കാരവും മെസ്സി നേടിയിട്ടുണ്ട്. 16 വർഷത്തിന് ശേഷമാണ് മെസ്സി ബാഴ്സ വിട്ടിറങ്ങിയത്. പിന്നാലെ ഖത്തർ ലോകകപ്പ് കിരീടം അർജന്റീനൻ ജഴ്സിയിൽ മെസ്സി സ്വന്തമാക്കി. ഫ്രഞ്ച് ക്ലബായ പി എസ് ജിയാണ് മെസ്സിയുടെ മറ്റൊരു ക്ലബ്. നിലവിൽ അമേരിക്കൻ ക്ലബ് ഇന്റർ മയാമിയുടെ ഭാ​ഗമാണ് മെസ്സി.

ഇരുവരും തമ്മിലുള്ള സൗഹൃദവും ഫുട്ബോൾ ലോകത്ത് പലതവണ ചർച്ചയായിട്ടുണ്ട്. ഞങ്ങൾ സുഹൃത്തുക്കളല്ല, എങ്കിലും പരസ്പരം ബഹുമാനിക്കുന്നുവെന്നാണ് ഇരുവരും പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഒരുപാട് സമയം ഒരുമിച്ച് ചിലവഴിക്കാൻ മെസ്സിക്കും റൊണാൾഡോയ്ക്കും ഇനിയും കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് പരസ്പര സൗഹ‍ൃദം ഉണ്ടാകാതിരുന്നതെന്നും മെസ്സിയും റൊണാൾഡോയും പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Cristiano Ronaldo Hits Back at Wayne Rooney in Heated Piers Morgan Clip

dot image
To advertise here,contact us
dot image