മുഖക്കുരു മാറാൻ ഡോക്ടർ നിർദേശിച്ചത് എഫ് ട്യൂൺ ക്രീം; പരാതിയുമായി യുവതി

ഡോക്ടര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാണ് യുവതിയുടെ ആവശ്യം

മുഖക്കുരു മാറാൻ ഡോക്ടർ നിർദേശിച്ചത് എഫ് ട്യൂൺ ക്രീം; പരാതിയുമായി യുവതി
എഫ് ട്യൂൺ ക്രീം
dot image

മലപ്പുറം: മുഖക്കുരു മാറാന്‍ ഡോക്ടര്‍ 'എഫ് ട്യൂണ്‍' ക്രീം നിര്‍ദേശിച്ചെന്ന വെളിപ്പെടുത്തലുമായി യുവതികള്‍. മുഖം പൊള്ളിയതു പോലെ ആയെന്നും ക്രീം നിര്‍ദേശിച്ച തിരൂരിലെ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കുമെന്നുമാണ് യുവതി പറയുന്നത്. ഡോക്ടര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാണ് യുവതിയുടെ ആവശ്യം. ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ക്രീം ഉപയോഗിച്ചതിലൂടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായെന്നും ചികിത്സയ്ക്കായി വലിയ തുക ചിലവായെന്നും യുവതി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മുഖം വികൃതമായതോടെ രണ്ടാമതും ഡോക്ടറെ കണ്ടെങ്കിലും അതേ എഫ് ട്യൂണ്‍ ക്രീ തന്നെയാണ് നല്‍കിയതെന്നും യുവതി പറഞ്ഞു.

എഫ് ട്യൂണ്‍ ക്രീം നല്‍കിയതില്‍ വിശദീകരണവുമായി ഡോക്ടര്‍ എസ് ആര്‍ ബാലകൃഷ്ണന്‍ നായര്‍ രംഗത്തുവന്നു. സര്‍ക്കാര്‍ നിരോധിക്കാത്തതും വിപണിയില്‍ ലഭ്യമായതുമായ ക്രീം ആണ് എഫ് ട്യൂണ്‍ എന്നാണ് ഡോക്ടറുടെ വിശദീകരണം. പെട്ടെന്ന് ഫലം ആവശ്യമായവര്‍ക്ക് ഇത് കുറിച്ച് നല്‍കാറുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. അത്യാവശ്യ സന്ദര്‍ഭങ്ങളിലാണ് ക്രീം നല്‍കാറുള്ളത്. ദീര്‍ഘകാലത്തേക്ക് ഈ ക്രീം നിര്‍ദ്ദേശിക്കാറില്ല. ചിലര്‍ക്ക് ക്രീം അലര്‍ജിയുണ്ടാക്കും. ക്രീമിലെ കണ്ടെന്റ് നോക്കിയതിന് ശേഷമാണ് രോഗികള്‍ക്ക് നിര്‍ദേശിക്കുന്നത്. ഒരു ഡോക്ടറും ബോധപൂര്‍വ്വമായി തെറ്റായ ക്രീം നല്‍കാറില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. മുഖക്കുരു മാറാന്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന മെര്‍ക്കുറി അടങ്ങിയ ഫേസ്‌ക്രീം ആണ് ഡോക്ടര്‍ നല്‍കിയിരുന്നത്.

മലപ്പുറം തിരൂരിലാണ് മുഖക്കുരു മാറാന്‍ ഡോക്ടര്‍ എഫ് ട്യൂണ്‍ ക്രീം എഴുതി നല്‍കിയത്. മുഖക്കുരു മാറാന്‍ ചികിത്സ തേടിയെത്തിയ യുവതിക്ക് ഡോ. ബാലകൃഷ്ണന്‍ നായര്‍ ആണ് എഫ് ട്യൂണ്‍ ക്രീം എഴുതി നല്‍കിയത്. മാത്രമല്ല ക്രീമിനെക്കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഡോക്ടറെ സമീപിച്ച മാധ്യമ പ്രവര്‍ത്തകന്‍ അടക്കമുള്ള സംഘത്തോട് ഡോക്ടര്‍ തന്റെ നിര്‍ദേശത്തെ ന്യായീകരിക്കുകയും ചെയ്തു. രോഗികള്‍ക്ക് നിര്‍ദേശിക്കുന്നതിനൊപ്പം താനും ഈ ക്രീം രണ്ടു വര്‍ഷത്തോളമായി ഉപയോഗിക്കുന്നുണ്ടെന്നാണ് ഡോക്ടറുടെ അവകാശവാദം.

Content Highlights: A woman has filed a complaint regarding F Tune cream, which was recommended by a doctor for acne treatment.

dot image
To advertise here,contact us
dot image