ബ്ലൂ പ്രിന്റ്, ഇൻഡോർ, അഹമ്മദാബാദ്; എന്തൊക്കെ തള്ളായിരുന്നു, തലസ്ഥാനത്തെ വെള്ളക്കെട്ടിൽ ബിജെപിക്ക് പരിഹാസം

തിരുവനന്തപുരത്ത് നിന്നും മുങ്ങിയ മേയര്‍ ഗോവയിലാണ് പൊങ്ങിയതെന്നും അദ്ദേഹത്തിനിപ്പോൾ അടുപ്പുകൂട്ടുന്നതിലാണ് ഉത്സാഹമെന്നും എം ബി രാജേഷ് പരിഹസിച്ചു

ബ്ലൂ പ്രിന്റ്, ഇൻഡോർ, അഹമ്മദാബാദ്; എന്തൊക്കെ തള്ളായിരുന്നു, തലസ്ഥാനത്തെ വെള്ളക്കെട്ടിൽ ബിജെപിക്ക് പരിഹാസം
V V Rajesh/MB Rajesh
dot image

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് യുഡിഎഫും ബിജെപിയും ചേര്‍ന്ന് സൃഷ്ടിച്ച സംയുക്ത വിസ്മയമെന്ന് മുന്‍ മന്ത്രി എം ബി രാജേഷ്. ഒറ്റ മഴയില്‍ തലസ്ഥാന നഗരം മുങ്ങിയെന്നും കേരളത്തിലാകെ മാലിന്യ ശുചീകരണം പരാജയപ്പെട്ടുവെന്നതിന് ഉദാഹരണമാണ് ഇന്നലെ തിരുവനന്തപുരത്ത് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നും മുങ്ങിയ മേയര്‍ ഗോവയിലാണ് പൊങ്ങിയതെന്നും അദ്ദേഹത്തിനിപ്പോൾ അടുപ്പുകൂട്ടുന്നതിലാണ് ഉത്സാഹമെന്നും എം ബി രാജേഷ് പരിഹസിച്ചു. കമ്മീഷന്‍ കിട്ടുന്ന കാര്യമുണ്ടായാല്‍ ആചാരം തോട്ടിലറിയും. അല്ലെങ്കില്‍ ആചാരം പറഞ്ഞ് വോട്ട് വാങ്ങുമെന്നും വി വി രാജേഷിനെതിരെ എം ബി രാജേഷ് പറഞ്ഞു.

നേരത്തെ മഴപെയ്താല്‍ മുങ്ങുമായിരുന്ന തിരുവനന്തപുരത്തിന് മാറ്റം കൊണ്ടുവന്നത് ഇടത് സര്‍ക്കാരാണ്. ഓപ്പറേഷന്‍ അനന്ത തിരുവനന്തപുരത്ത് മുന്‍പ് നടപ്പാക്കിയിരുന്നു. ഇപ്പോള്‍ മഴക്കാലപൂര്‍വ്വ ശുചീകരണം പാളി. മാലിന്യം പരസ്യമായി വലിച്ചെറിയുന്ന പ്രവണത വീണ്ടും തുടങ്ങി. ഇടതുസര്‍ക്കാരിന്റെ കാലത്ത് 12 കോടി രൂപയാണ് മാലിന്യം വലിച്ചെറിഞ്ഞതിലൂടെ പിഴയായി ചുമത്തിയത്. ഈ നടപടികളെല്ലാം ഇപ്പോള്‍ നിലച്ചു. ബിജെപി എന്ന മാലിന്യം അധികാരത്തില്‍ വന്നതോടെ നഗരത്തില്‍ മുഴുവന്‍ മാലിന്യ കൂമ്പാരമായി. ആദ്യം ബ്ലൂ പ്രിന്റ്, പിന്നെ ഇന്‍ഡോര്‍, അഹമ്മദാബാദ് എന്തൊക്കെ തള്ളായിരുന്നു. ആദ്യം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാനത്ത് ഇന്നലെ പെയ്ത മഴയിൽ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിൽ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനങ്ങൾക്ക് മറുപടിയുമായി മേയർ വി വി രാജേഷ് രംഗത്തെത്തിയിരുന്നു. അസാധാരണമായ മഴയാണ് പെയ്തത്. ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂറിൽ പെയ്തു. നഗരസഭയുടെ ഭാഗത്തു നിന്നും ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കും. വി ശിവൻകുട്ടി മേയർ ആയിരുന്ന കാലത്തെ വികലമായ കാഴ്ചപ്പാടാണ് നഗരത്തെ തകർത്തതെന്നും സ്മാർട്ട് സിറ്റി റോഡ് ചെയ്ത് ആയിരം കോടി രൂപ വി കെ പ്രശാന്ത് നഷ്ടപ്പെടുത്തിയെന്നും മേയർ വിമർശിച്ചു.

ഇന്നലെ ഒരു മണിക്കൂർ പെയ്ത മഴയിൽ തലസ്ഥാന നഗരത്തിലെ തമ്പാനൂർ, ചാല, കിഴക്കേക്കോട്ട, ചാക്ക അടക്കമുള്ള പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. പിന്നാലെ പ്രതിപക്ഷ നിരയിൽ നിന്നും കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു.

Content Highlights: mb rajesh remarks on udf bjp role in thiruvananthapuram waterlogging

dot image
To advertise here,contact us
dot image