'വിഡിയുടെ സെറ്റപ്പ് സര്‍ക്കാരില്‍ നടക്കുന്നത്'; എം വി നികേഷ് കുമാര്‍ പങ്കുവെച്ച വീഡിയോയും നീക്കം ചെയ്ത് മെറ്റ

സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ് നടപടിയെന്ന് നികേഷ് കുമാര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു

'വിഡിയുടെ സെറ്റപ്പ് സര്‍ക്കാരില്‍ നടക്കുന്നത്'; എം വി നികേഷ് കുമാര്‍ പങ്കുവെച്ച വീഡിയോയും നീക്കം ചെയ്ത് മെറ്റ
dot image

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും സിപിഐഎം സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററുമായ എം വി നികേഷ് കുമാര്‍ പങ്കുവെച്ച വീഡിയോയും മെറ്റ നീക്കം ചെയ്തു. 'വി ഡിയുടെ സെറ്റപ്പ് സര്‍ക്കാരില്‍ നടക്കുന്നത്' എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയാണ് മെറ്റ നീക്കം ചെയ്തത്. പോസ്റ്റ് ഇന്ത്യയില്‍ ലഭ്യമല്ല എന്നാണ് മെറ്റ ഔദ്യോഗികമായി നല്‍കിയ വിശദീകരണം.

Meta reply
പോസ്റ്റ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട മെറ്റയുടെ മറുപടി

വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു നികേഷ് കുമാര്‍ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചത്.

വീഡിയോ പങ്കുവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മെറ്റ വലിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) നിയമപ്രകാരമാണ് വീഡിയോ നീക്കം ചെയ്തതെന്നാണ് മെറ്റ അറിയിച്ചത്. സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ് നടപടിയെന്ന് നികേഷ് കുമാര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

നേരത്തേ സര്‍ക്കാരിനെ വിമര്‍ശിച്ച് റിപ്പോര്‍ട്ടര്‍ ടിവി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്ന ന്യൂസ് കാര്‍ഡുകള്‍ മെറ്റ നീക്കം ചെയ്തിരുന്നു. മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രം ഉള്‍പ്പെടുത്തി നല്‍കിയിരുന്ന ന്യൂസ് കാര്‍ഡുകളായിരുന്നു മെറ്റ വലിച്ചത്. ഇതേപ്പറ്റി വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട്, താന്‍ പറഞ്ഞാല്‍ മെറ്റ കാര്‍ഡുകള്‍ നീക്കം ചെയ്യുമോ എന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ചിത്രം നല്‍കിയുള്ള കാര്‍ഡുകള്‍ തുടര്‍ച്ചയായി മെറ്റ നീക്കം ചെയ്തതോടെ വി ഡി സതീശന്റെ നിഴല്‍ ചിത്രം ഉള്‍പ്പെടുത്തിയുള്ള കാര്‍ഡുകള്‍ റിപ്പോര്‍ട്ടര്‍ നല്‍കി തുടങ്ങി. ഇത് ഇപ്പോഴും തുടരുകയാണ്. അങ്ങനെ നല്‍കുന്ന കാര്‍ഡുകള്‍ മെറ്റ നീക്കം ചെയ്യുന്നില്ല. റിപ്പോര്‍ട്ടറിന് ശേഷം ദേശാഭിമാനി, കൈരളി, ന്യൂസ് മലയാളം, സ്വതന്ത്ര മാധ്യമ സ്ഥാപനമായ നോക്യാപ് എന്നിവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കാര്‍ഡുകളും മെറ്റ നീക്കം ചെയ്തിരുന്നു. ഇതില്‍ നോക്യാപ് നടത്തിയ നിയമപോരാട്ടം വിജയം കണ്ടിരുന്നു. നോക്യാപിന്റെ ഫേസ്ബുക്ക് പേജിനേര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി നീക്കിയിരുന്നു.

എം വി നികേഷ് കുമാർ

ഇതിനിടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടത്തിയ ഒരു പ്രതികരണം ശ്രദ്ധേയമായിരുന്നു. വി ഡി സതീശന്റെ ഫോട്ടോവെച്ച ന്യൂസ് കാര്‍ഡുകള്‍ മെറ്റ നീക്കം ചെയ്തത് സര്‍ക്കാര്‍ ആവശ്യപ്രകാരമായിരുന്നു എന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. നിയമസഭയിലെ ചോദ്യത്തിനായിരുന്നു രമേശ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എയായിരുന്നു ചോദ്യം ഉയര്‍ത്തിയത്. 'മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങളുള്ള ന്യൂസ് കാര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നടപടി എടുത്തോ' എന്നായിരുന്നു സേവ്യര്‍ ചിറ്റിലപ്പിള്ളി ഉന്നയിച്ച ചോദ്യം. പരാതികളുടെ അടിസ്ഥാനത്തില്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതില്‍ മുഖ്യമന്ത്രിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട പോസ്റ്റുകളുമുണ്ടെന്നായിരുന്നു മന്ത്രി രമേശ് ചെന്നിത്തല മറുപടിയില്‍ വ്യക്തമാക്കിയത്. മന്ത്രിമാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട ന്യൂസ് കാര്‍ഡുകളും നീക്കം ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നിന്നാണ് കാര്‍ഡുകള്‍ നീക്കം ചെയ്യിപ്പിച്ചതെന്നും ഐടി ആക്ട് പ്രകാരമാണ് നടപടിയെന്നും മന്ത്രി വിശദീകരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സഹ്യോഗ് പോര്‍ട്ടല്‍ വഴിയാണ് ഇവ നീക്കാനുള്ള നടപടികള്‍ സ്വീകരിച്ചതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

Content Highlights- Meta has removed a video shared by M V Nikesh Kumar concerning the VD setup controversy. The video had been shared on social media, but the platform subsequently removed it. The incident has drawn attention to the dispute surrounding the video and its content.

dot image
To advertise here,contact us
dot image