

ധാക്ക: മ്യാന്മര് 2017ല്‍ റോഹിങ്ക്യന്‍ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ നടത്തിയ സൈനിക നടപടി വംശഹത്യ ആണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) വിധിച്ചതോടെ ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ആയിരക്കണക്കിന് റോഹിങ്ക്യര്‍ പ്രതീക്ഷയില്‍. എന്നാല്‍ കോടതി വിധി ബംഗ്ലാദേശിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ കഴിയുന്ന 12 ലക്ഷം റോഹിങ്ക്യര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം ഉടന്‍ ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. 2021ലെ സൈനിക അട്ടിമറിക്ക് പിന്നാലെ മ്യാന്മറില് ആഭ്യന്തര സംഘര്‍ഷം തുടരുകയാണ്. അഭയാര്‍ഥികളുടെ മടക്കമാണ് പ്രതിസന്ധിക്ക് ഏക ദീര്‍ഘകാല പരിഹാരമെന്ന് ബംഗ്ലാദേശ് വ്യക്തമാക്കുമ്പോഴും അന്താരാഷ്ട്ര സഹായം കുറഞ്ഞുവരുന്നത് വലിയ വെല്ലുവിളിയാണ്.
റോഹിങ്ക്യരുടെ സുരക്ഷിതമായ മടക്കത്തിനായി ഐക്യരാഷ്ട്രസഭയുടെയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളുടെയും സഹായത്തോടെ നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂണ്‍ കബീര്‍ പറഞ്ഞു. മടക്കയാത്രയ്ക്ക് സുരക്ഷിതമായ സാഹചര്യം ഒരുക്കാന്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ സമ്മര്‍ദം ചെലുത്താനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മടക്കം ഉടന്‍ സാധ്യമാകില്ലെന്നും മന്ത്രി പറഞ്ഞു. വര്‍ഷങ്ങളായി നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. ആഭ്യന്തര സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മ്യാന്മര് ഭരണകൂടം മടക്കത്തിന് സഹകരിക്കാന്‍ സാധ്യത കുറവാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതേസമയം, ഐസിജെ വിധി ഏകകണ്ഠമായിരുന്നില്ലെന്നും അനീതിപരമാണെന്നും ആരോപിച്ച് മ്യാന്മര് വെള്ളിയാഴ്ച വിധി തള്ളി.
റാഖൈന്‍ സംസ്ഥാനത്തെ സംഘര്‍ഷമാണ് അഭയാര്‍ഥികളുടെ മടക്കത്തിന് പ്രധാന തടസ്സം. 2023 അവസാനത്തോടെ മ്യാന്മര് സൈന്യവും അരാക്കന്‍ ആര്‍മിയും തമ്മില്‍ വീണ്ടും പോരാട്ടം ആരംഭിച്ചതോടെ കൂടുതല്‍ പേര് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു. റാഖൈനിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോള്‍ അരാക്കന്‍ ആര്‍മിയുടെ നിയന്ത്രണത്തിലാണ്. റോഹിങ്ക്യര്‍ മടങ്ങേണ്ട പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ബംഗ്ലാദേശിലെ ക്യാമ്പുകളില്‍ കഴിയുന്ന 3,08,797 പേര് റാഖൈനില്‍ നിന്നുള്ള മുന്‍ താമസക്കാരാണെന്ന് ഓഗസ്റ്റില്‍ മ്യാന്മര് സ്ഥിരീകരിച്ചിരുന്നു. സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടാല്‍ മാത്രമേ മടക്കയാത്ര ആരംഭിക്കൂ എന്നാണ് രാജ്യത്തിന്റെ നിലപാട്. 2017ലെ പലായനത്തിന് മുമ്പ് മ്യാന്മറില് 11 ലക്ഷം റോഹിങ്ക്യര്‍ ഉണ്ടായിരുന്നുവെന്നാണ് കണക്ക്. ഇപ്പോള്‍ റാഖൈനില്‍ ഏകദേശം ആറുലക്ഷം പേര് മാത്രമാണുള്ളത്. ഇതില്‍ 1.4 ലക്ഷം പേര് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായുള്ള ക്യാമ്പുകളിലാണ് കഴിയുന്നത്.
17.5 കോടി ജനങ്ങളുള്ള ബംഗ്ലാദേശ് റോഹിങ്ക്യരെ സംരക്ഷിക്കുന്നതിനുള്ള സാമ്പത്തിക ആവശ്യങ്ങളില്‍ പ്രതിസന്ധി നേരിടുകയാണ്. അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് തൊഴില്‍ ചെയ്യാന്‍ അനുമതിയില്ലാത്തതിനാല്‍ അവരെ മടക്കി അയക്കാനുള്ള ശ്രമങ്ങളും ശക്തമാണ്. എന്നാല്‍ ഐസിജെ വിധിയോടെ മ്യാന്മര് ഭരണകൂടവുമായി മാത്രമല്ല, അരാക്കന്‍ ആര്‍മിയുമായും ചര്‍ച്ച നടത്തേണ്ട സാഹചര്യം ബംഗ്ലാദേശിന് ഉണ്ടാകുമെന്ന് അന്താരാഷ്ട്ര പ്രതിസന്ധി ഗ്രൂപ്പിന്റെ ഏഷ്യന്‍ ഉപദേഷ്ടാവ് റിച്ചാര്‍ഡ് ഹോഴ്സി പറഞ്ഞു. 2026ല്‍ റോഹിങ്ക്യന്‍ സഹായത്തിനായി ആവശ്യമായ 710 ദശലക്ഷം ഡോളറില്‍ 69 ശതമാനം മാത്രമാണ് ഇതുവരെ ലഭിച്ചത്. ഇതിനിടെ, മലേഷ്യയില്‍ സെപ്റ്റംബര്‍ അവസാനം വരെ 1,33,400 റോഹിങ്ക്യന്‍ അഭയാര്‍ഥികളും അഭയം തേടിയവരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ 10,000 പേരെ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയിലൂടെ തുര്‍ക്കിയില്‍ പുനരധിവസിപ്പിക്കുമെന്ന് മലേഷ്യ പ്രഖ്യാപിച്ചു. ഇത് ചില അഭയാര്‍ഥികള്‍ക്ക് മറ്റൊരു പുനരധിവാസ സാധ്യത തുറക്കുന്നു.
Content Highlights: The International Court of Justice's ruling on the 2017 military campaign against the Rohingya minority in Myanmar has raised hopes among thousands of refugees in Bangladesh. However, the verdict is not expected to immediately facilitate the return of nearly 1.2 million Rohingya living in southeastern Bangladesh. Ongoing internal conflict in Myanmar following the 2021 military coup and declining international aid continue to complicate repatriation efforts, which Bangladesh considers the only long-term solution to the refugee crisis.