

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻറെ ഫോട്ടോ വെച്ച റിപ്പോർട്ടർ ടിവിയുടെ ഉൾപ്പെടെയുള്ള ന്യൂസ് കാർഡുകൾ നീക്കം ചെയ്തത് സർക്കാർ ആവശ്യപ്രകാരമെന്ന് സ്ഥിരീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയസഭയിലെ ചോദ്യത്തിനാണ് ആഭ്യന്തര മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങളുള്ള ന്യൂസ് കാർഡുകൾ നീക്കം ചെയ്യാൻ നടപടി എടുത്തോ? സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎയുടെ ചോദ്യത്തിനാണ് മറുപടി. പരാതികളുടെ അടിസ്ഥാനത്തിൽ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിൽ മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ ഉൾപ്പെട്ട പോസ്റ്റുകളുമുണ്ടെന്നായിരുന്നു മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിമാരുടെ ചിത്രങ്ങൾ ഉൾപ്പെട്ട ന്യൂസ് കാർഡുകളും നീക്കം ചെയ്തിട്ടുണ്ടെന്നും മറുപടിയിൽ അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ നിന്നാണ് കാർഡുകൾ നീക്കം ചെയ്യിപ്പിച്ചതെന്നും ഐടി ആക്ട് പ്രകാരമാണ് നടപടിയെന്നും മറുപടിയിൽ വിശദീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിൻറെ സഹ്യോഗ് പോർട്ടൽ വഴിയാണ് ഇവ നീക്കാനുള്ള നടപടികൾ സ്വീകരിച്ചതെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വി ഡി സതീശൻ്റെ ഫോട്ടോ വെച്ച ന്യൂസ് കാർഡ് മെറ്റ നിരന്തരമായി നീക്കം ചെയ്യാൻ തുടങ്ങിയതോടെ മുഖ്യമന്ത്രിയുടെ നിഴൽചിത്രം വെച്ചാണ് റിപ്പോർട്ടർ ടി വി ന്യൂസ് കാർഡുകൾ ചെയ്യുന്നത്.
പോസ്റ്റുകൾ നീക്കം ചെയ്യാൻ മെറ്റയ്ക്ക് നോട്ടീസ് നൽകിയെന്നും ആഭ്യന്തരമന്ത്രി മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്. എഡിറ്റ് ചെയ്ത വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിക്കുന്നത് തടയാനുള്ള നടപടി എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ഇത് പ്രകാരം15627 പോസ്റ്റുകൾ നീക്കം ചെയ്തെന്നാണ് നിയമസഭാ ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കുന്നത്. 4201 പരാതിയിൽ 3472 എണ്ണത്തിൽ നടപടി സ്വീകരിച്ചു എന്നും മറുപടിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പോസ്റ്റുകൾ നീക്കം ചെയ്യുന്നത് സർക്കാരിന്റെ അറിവോടെയല്ല എന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി സ്വീകരിച്ചിരുന്ന നിലപാട്.
മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിക്കുന്ന റിപ്പോട്ടർ വാർത്ത അടക്കം സാമൂഹിക മാധ്യമങ്ങളിൽ നിന്ന് റിമൂവ് ചെയ്തത് മെറ്റയ്ക്ക് പറ്റിയ തെറ്റാണെന്ന മാധ്യമ വാർത്തകളും ആഭ്യന്തരമന്ത്രിയുടെ മറുപടിയോടെ പൊളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയെ വിമർശിക്കുന്ന സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തത് സർക്കാർ നിർദ്ദേശപ്രകാരമാണെന്ന് ആഭ്യന്തരമന്ത്രി ഔദ്യോഗികമായി അറിയിച്ചതോടെയാണ് ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും മീഡിയാവണ്ണും ഉൾപ്പെടെയുള്ള മാധ്യമങ്ങൾ സർക്കാരിനെ വെള്ളപൂശാൻ നടത്തിയ നീക്കങ്ങൾ ഇപ്പോൾ പൊളിയുന്നത്.
മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് മെറ്റ വ്യക്തമാക്കിയെന്നായിരുന്നു 2026 ആഗസ്റ്റ് 15ന് മീഡിയവൺ ഉൾപ്പെടെയുള്ള നൽകിയിരുന്ന വാർത്തയിൽ വ്യക്തമാക്കിയിരുന്നത്. എഐ സിസ്റ്റത്തിൽ വരുത്തിയ അപ്ഡേഷന്റെ ഭാഗമായി ഉണ്ടായ സാങ്കേതിക തകരാറാണ് പോസ്റ്റുകൾ അപ്രത്യക്ഷമാകാൻ കാരണമെന്ന് മെറ്റ സംസ്ഥാന സൈബർ പൊലീസിനെ ഔദ്യോഗികമായി അറിയിച്ചുവെന്നും വാർത്ത വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെയോ മറ്റ് ഏതെങ്കിലും ഏജൻസികളുടെയോ സമ്മർദ്ദത്തിന്റെയോ ഇടപെടലിന്റെയോ ഭാഗമായിട്ടല്ല പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതെന്നും മെറ്റ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നതായും ഈ വാർത്തയിൽ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ അത് ആധികാരികമായി ബോധ്യമാകുന്ന ആശയവിനിമയങ്ങളുടെ തെളിവുകൾ മാധ്യമങ്ങൾ വ്യക്തമാക്കിയിരുന്നില്ല.
Content Highlights: Ramesh Chennithala alleges that Meta removed news cards featuring VD Satheesan at the request of the Kerala government, raising concerns over social media censorship and freedom of expression