

ആഗോള വിപണിയിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ദുബായിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു. തുടർച്ചയായ അഞ്ചാം ദിവസവും അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില താഴ്ന്നതോടെ, കഴിഞ്ഞ 13 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ ദുബായിൽ സ്വർണ്ണവ്യാപാരം നടക്കുന്നത്. ദുബായ് വിപണിയിൽ 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 400 ദിർഹത്തിന് താഴെയെത്തിയത് സ്വർണ്ണാഭരണ പ്രേമികൾക്കും പ്രവാസികൾക്കും വലിയ ആശ്വാസമായിട്ടുണ്ട്. ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും വലിയ ആശ്വാസം നൽകുന്നതാണ് ഈ വിലക്കുറവ്.
ദുബായ് ചില്ലറ വിപണിയിൽ ഒറ്റരാത്രികൊണ്ട് വൻ വിലക്കുറവാണ് രേഖപ്പെടുത്തിയത്. 24 കാരറ്റ് സ്വർണ്ണം ഗ്രാമിന് 19 ദിർഹം കുറഞ്ഞ് 425.25 ദിർഹത്തിലെത്തി (നേരത്തെ 444.25 ദിർഹം). 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 17.50 ദിർഹം ഇടിഞ്ഞ് 393.75 ദിർഹമായി (നേരത്തെ 411.25 ദിർഹം). 18 കാരറ്റ് സ്വർണ്ണം 14.25 ദിർഹം കുറഞ്ഞ് 323.75 ദിർഹത്തിലും 14 കാരറ്റ് സ്വർണ്ണം 11.25 ദിർഹം കുറഞ്ഞ് 252.50 ദിർഹത്തിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ വെള്ളിയാഴ്ച രാവിലെ സ്വർണ്ണവില 3.27 ശതമാനം ഇടിഞ്ഞ് ഔൺസിന് 3,563 ഡോളറിന് താഴെയെത്തി. ഈ ആഴ്ച മാത്രം സ്വർണ്ണവിലയിൽ ഏകദേശം ഒമ്പത് ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 2025 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. സ്വർണ്ണത്തിന് പിന്നാലെ വെള്ളി വിലയിലും വൻ ഇടിവുണ്ടായി. ഈ ആഴ്ച വെള്ളി വില 14 ശതമാനത്തോളം താഴ്ന്ന് ഔൺസിന് 41.98 ഡോളറിലെത്തി.
അമേരിക്കൻ ഡോളർ കഴിഞ്ഞ 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തിയതാണ് സ്വർണ്ണവിലയെ പ്രധാനമായും തളർത്തിയത്. പ്രതീക്ഷിച്ചതിലും കൂടുതൽ കരുത്ത് ഡോളർ നേടിയത് സ്വർണ്ണത്തിന്റെ തിളക്കം കുറച്ചുവെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിലെ സാമ്പത്തിക വിദഗ്ധൻ മൻപ്രീത് ഗിൽ വ്യക്തമാക്കി. ഡോളർ ശക്തിപ്പെടുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണ്ണം വാങ്ങുന്നത് ചെലവേറിയതാകുന്നതാണ് ഇതിന് കാരണം.
ഇതിന് പുറമെ ആഗോള ഓഹരി വിപണിയിൽ നിർമ്മിത ബുദ്ധി (എഐ) മേഖലയിലെ കമ്പനികളുടെ ഓഹരികളിലുണ്ടായ വൻ ഇടിവും സ്വർണ്ണവിലയെ താഴേക്ക് വലിച്ചു. ഓഹരി വിപണിയിലുണ്ടായ നഷ്ടം നികത്താനായി നിക്ഷേപകർ കൈവശമുള്ള സ്വർണ്ണം കൂട്ടത്തോടെ വിറ്റഴിക്കാൻ തുടങ്ങിയതാണ് വില ഇത്രയധികം കുറയാൻ കാരണമായത്. ഫെബ്രുവരി അവസാനം അമേരിക്ക-ഇറാൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇതുവരെ സ്വർണ്ണവിലയിൽ ഏകദേശം മൂന്നിലൊന്ന് കുറവുണ്ടായിട്ടുണ്ടെന്നും വരും ദിവസങ്ങളിലും വില ഇനിയും താഴാൻ സാധ്യതയുണ്ടെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
Content Highlights: Gold prices in Dubai witnessed a sharp decline on Friday, November 20, 2026, falling by Dh19 per gram. At the opening of the market, 24-karat gold was priced at Dh425.25 per gram, while 22-karat gold stood at Dh393.75. This marks the lowest price level in 13 months, offering buyers an opportunity to purchase gold at comparatively lower rates.