

ശ്രീനഗര്‍: പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ചുക്കിനെ 60 ദിവസത്തേക്ക് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതായി റിപ്പോർട്ട്. പൊതു റാലികളിലോ സമരങ്ങലിലോ പങ്കെടുക്കുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്. ഡിസംബര്‍ 4-ന് ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലഡാക്കി ഗ്രൂപ്പുകള്‍ പ്രതിഷേധിക്കുന്നതിനിടെയാണ് നടപടി. ഒരു പ്രതിഷേധ സ്ഥലത്തുനിന്ന് വാങ്ചുക്കിനെ നീക്കം ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് ലേ അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വാങ്ചുക്കിനെതിരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലേ പൊലീസ് മേധാവി നല്കിയ കത്തും പൊലീസ് റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയാണ് നടപടി. വാങ്ചുക്കിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി മജിസ്ട്രേറ്റ് ബിഎന്‍എസ്എസ് സെക്ഷന്‍ 163 പ്രകാരമുള്ള അധികാരം ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ട്.
ഈ ഉത്തരവ് അടിയന്തര പ്രാബല്യത്തോടെ നിലവില്‍ വരികയും 60 ദിവസത്തേക്ക് തുടരുകയും ചെയ്യുമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഡിസംബര്‍ 4-ന് നടക്കാനിരിക്കുന്ന ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശൈത്യകാല സാഹചര്യങ്ങളും ജനങ്ങളുടെ കാലാനുസൃതമായ കുടിയേറ്റവും കാരണം ലഡാക്കിലെ പല വോട്ടര്‍മാര്‍ക്കും വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി, വാങ്ചുക്കും മറ്റ് പ്രാദേശിക നേതാക്കളും തെരഞ്ഞെടുപ്പ് തീയതിയെ എതിര്‍ത്തിരുന്നു. തനിക്കെതിരായ നിയന്ത്രണ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, തന്നെ വീട്ടുതടങ്കലിലാക്കിയെന്നും ഡസന്‍ കണക്കിന് പൊലീസുകാര്‍ തന്റെ വീട് വളഞ്ഞിരിക്കുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകനായ വാങ്ചുക്ക് അറിയിച്ചിരുന്നു.
2019-ല്‍ ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി രൂപീകരിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ പ്രധാന തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ലഡാക്ക് ഭരണകൂടം തുടക്കമിടുന്നത്. ശൈത്യകാലത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ പ്രതിഷേധങ്ങളും ബഹിഷ്കരണ ആഹ്വാനങ്ങളും ഉയരുന്നതിനിടയില്‍, എട്ട് 'ഓട്ടോണമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സിലുകളിലേക്കും' (LAHDC) ഡിസംബര്‍ 4-ന് തെരഞ്ഞെടുപ്പ് നടക്കും. ഈ എട്ട് കൗണ്‍സിലുകളിലായി ആകെ 100 മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 36 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ലഡാക്ക് ഭരണകൂടം പ്രഖ്യാപിച്ച സമയക്രമമനുസരിച്ച്, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 17-ഉം, സൂക്ഷ്മപരിശോധന നവംബര്‍ 18-നും ആയിരിക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് നവംബര്‍ 20 വരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ട്. തെരഞ്ഞെടുപ്പ് നടപടികള്‍ ഡിസംബര്‍ 8-ഓടെ പൂര്‍ത്തിയാകും.
ലേ, കാര്‍ഗില്‍ എന്നിവിടങ്ങളില്‍ നീണ്ടുനില്‍ക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന പദവിയും, ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴില്‍ പ്രത്യേക സംരക്ഷണവും വേണമെന്നാണ് രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ ആവശ്യം. മുന്‍പ് ലേ, കാര്‍ഗില്‍ ജില്ലകളില്‍ 26 വീതം മണ്ഡലങ്ങളുണ്ടായിരുന്നത്, എട്ട് ജില്ലകള്‍ രൂപീകരിച്ചതോടെ ഓരോ ജില്ലയിലും 50 വീതമായി വര്‍ദ്ധിപ്പിച്ചു. ഇതോടെ ആകെ മണ്ഡലങ്ങളുടെ എണ്ണം 100 ആയി ഉയര്‍ന്നു.
കാലാവസ്ഥാ സാഹചര്യങ്ങള്‍ കാരണം വോട്ടര്‍മാര്‍ക്ക് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതില്‍ നിന്ന് പിന്മാറേണ്ടി വരാതിരിക്കാന്‍ ഭരണകൂടം മതിയായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ചീഫ് സെക്രട്ടറി ആഷിഷ് കുന്ദ്ര പറഞ്ഞു. പോളിംഗ് സ്റ്റേഷനുകളില്‍ ഹീറ്ററുകള്‍ സജ്ജീകരിക്കും. കൂടാതെ, മുതിര്‍ന്ന വോട്ടര്‍മാര്‍ക്കായി പ്രത്യേക ക്യൂകളും ഒരുക്കും. പോളിംഗ് സ്റ്റേഷനുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: Climate activist Sonam Wangchuk has reportedly been placed under house arrest for 60 days and barred from participating in public rallies and protests. The action comes amid protests by Ladakhi groups against the government's decision to hold Hill Council elections on December 4. The order was issued by the Leh Additional District Magistrate a day after Wangchuk was removed from a protest site. Citing a letter from the Leh police chief and a police report, the magistrate invoked powers under Section 163 of the BNSS to restrict Wangchuk's movement.