

തിരുവനന്തപുരം: ചാലയിലെ സ്വര്‍ണ കവര്‍ച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കവര്‍ച്ച ആസൂത്രണം ചെയ്തത് സ്വര്‍ണ ഇടപാട് സംഘമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. നന്ദകുമാറിനെ തകര്‍ക്കാന്‍ പദ്ധതിയിട്ടത് മഹാരാഷ്ട്ര സ്വദേശിയായ അമുല്‍ ആണ്. സ്വര്‍ണ കവര്‍ച്ച ആസൂത്രണം ചെയ്യാന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള അനിലിനെയും അമുല്‍ ഒപ്പം കൂട്ടി. നന്ദകുമാര്‍ കടയില്‍ നിന്നിറങ്ങുന്ന സമയം മോഷ്ടാക്കള്‍ക്ക് നല്‍കിയത് അമുല്‍ ആയിരുന്നു. രേഖകള്‍ ഇല്ലാത്ത സ്വര്‍ണം ആയതിനാല്‍ പരാതി ഉണ്ടാകില്ലെന്ന് ഇയാള്‍ കരുതി. മോഷണ മുതല്‍ പങ്കിട്ടെടുക്കാം എന്ന ധാരണയിലും പ്രതികളെത്തി. പ്രതികള്‍ക്ക് കവര്‍ച്ചയ്ക്കായി അമുല്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. ശനിയാഴ്ച രാത്രിയോടെ ആറ് പ്രതികള്‍ പിടിയിലായിരുന്നു. നാല് പേരെ വയനാട് ലക്കിടിയില്‍ നിന്നും രണ്ട് പേരെ തിരുവനന്തപുരത്തുനിന്നുമായിരുന്നു പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് സ്വർണ കവർച്ചയുടെ മുഖ്യ ആസൂത്രകൻ അമുൽ ആണെന്ന് വ്യക്തമായത്. ചാലയിൽ നടന്ന പൊലീസ് പരിശോധനയിൽ ഒന്നുമറിയാതെ പൊലീസിനൊപ്പം അമുലുമുണ്ടായിരുന്നു. ഇയാൾ നിലവിൽ എവിടെയാണെന്ന് വ്യക്തമല്ല.

മോഷണത്തിന് ശേഷം സംഘം ബൈക്കില്‍ തിരുവനന്തപുരത്തുനിന്ന് തമിഴ്‌നാട് അതിര്‍ത്തി വരെ സഞ്ചരിച്ചിരുന്നു. ബൈക്ക് ഉപേക്ഷിച്ച് കാറിലായിരുന്നു സഞ്ചാരം. കാര്‍ ബെംഗളൂരുവില്‍ ടോള്‍ പ്ലാസ കടന്നതോടെ പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പൊലീസ് പ്രതികളെ പിന്തുടര്‍ന്നു. ശനിയാഴ്ച ഉച്ചയോടെ കവര്‍ച്ച സംഘം മൈസൂരിലെത്തി. അന്നേ ദിവസം വൈകിട്ട് കേരളത്തിലെത്തി. ഹോണ്ട ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. അന്വേഷണത്തില്‍ ബൈക്ക് ഉടമ അനിലാണെന്ന് തിരിച്ചറിഞ്ഞു. അനിലിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതികള്‍ രക്ഷപ്പെട്ട വഴികളിലേക്ക് എത്തിക്കുകയായിരുന്നു. പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത് 450 ഗ്രാം സ്വര്‍ണമാണ്. കവര്‍ച്ച നടത്തിയത് എത്രത്തോളം സ്വര്‍ണമാണെന്ന് കണ്ടെത്തേണ്ടതുണ്ട്. കൂടുതല്‍ പേരുടെ പങ്കിനെക്കുറിച്ചും അന്വേഷിച്ചുവരികയാണ്.

വ്യാഴാഴ്ച രാത്രി 10.30 ഓടെയായിരുന്നു ചാലയില്‍ കവര്‍ച്ച നടന്നത്. വര്‍ഷങ്ങളായി ചാലയില്‍ സ്വര്‍ണക്കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി നന്ദകുമാറില്‍ നിന്ന് മോഷ്ടാക്കള്‍ സ്വര്‍ണം തട്ടിപ്പറിക്കുകയായിരുന്നു. നന്ദകുമാര്‍ രാത്രി കട പൂട്ടിയ ശേഷം വീട്ടിലേക്ക് പോകാനായി ഇറങ്ങവെയായിരുന്നു കവര്‍ച്ച. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബൈക്കിലെത്തിയ ആള്‍ സ്വര്‍ണവുമായി കടന്നുകളയുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു. മറ്റൊരു ദൃശ്യത്തില്‍ രണ്ട് പേര്‍ ഈ ബൈക്കില്‍ പോകുന്നതും കാണാമായിരുന്നു. പ്യൂരിഫൈ ചെയ്യുന്നതിനായി മറ്റ് കടക്കാര്‍ ഏല്‍പ്പിച്ച സ്വര്‍ണമായിരുന്നു കവര്‍ന്നതെന്ന് നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നാലഞ്ച് കടകളിലെ സ്വര്‍ണമുണ്ടായിരുന്നുവെന്നും നന്ദകുമാര്‍ വ്യക്തമാക്കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഹോണ്ട CB 350 ബൈക്കിലാണ് പ്രതികളെത്തിയതെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്.
Content Highlights- A key revelation has emerged in the Chala gold robbery case, with Maharashtra native Amul allegedly identified as the person who planned to target Nandakumar. The information marks a significant development in the ongoing investigation into the robbery.