'സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശം';LPST ഉദ്യോഗാർത്ഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടിയിൽ പ്രിയങ്ക ഗാന്ധി

സമാധാനപരമായ സമരങ്ങളെ തടയരുതെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു

'സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശം';LPST ഉദ്യോഗാർത്ഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടിയിൽ പ്രിയങ്ക ഗാന്ധി
dot image

തിരുവനന്തപുരം: എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരപ്പന്തല്‍ പൊളിച്ച പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി എംപി. സര്‍ക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അക്രമമുണ്ടായാല്‍ പൊലീസ് ഇടപെടണം. എന്നാല്‍ സമരം സമാധാനപരമാണെങ്കില്‍ പ്രതിഷേധിക്കാന്‍ അനുവദിക്കണം. സമാധാനപരമായ സമരങ്ങളെ തടയരുതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അന്തരിച്ച പത്മശ്രീ പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമന്റൈ വയനാട്ടിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

അതേസമയം സുപ്രീംകോടതിയുടെ വിധിയുള്ളതിനാലാണ് സമരപ്പന്തല്‍ പൊളിച്ചതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തെ കമ്മീഷണര്‍ക്കെതിരെ മൂന്നുതവണ കോടതി അലക്ഷ്യയലക്ഷ്യക്കേസുകള്‍ വന്നിരുന്നു. സമരത്തിന് ആരും എതിരല്ല. ഉദ്യോഗാര്‍ത്ഥികളുമായി നിരവധി തവണ ചര്‍ച്ച നടത്തിയതാണ്. ഉന്നയിച്ച അഞ്ച് ആവശ്യങ്ങളില്‍ നാലെണ്ണവും അംഗീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം മാറ്റുക എന്നത് ബുദ്ധിമുട്ടാണ്. നിരാഹാരം കിടക്കുന്നവരുടെ ആരോഗ്യപരമായ ബുദ്ധിമുട്ട് ആയതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സെക്രട്ടേറിയറ്റ് പടിക്കല്‍ ആരെങ്കിലും പന്തല്‍കെട്ടി സമരം ചെയ്യുന്നതിന് താന്‍ എതിരല്ല. സമരം ലോകത്തല്ലായിടത്തും സാധാരണമാണ്. സമരത്തോട് സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

സമരപ്പന്തല്‍ പൊളിച്ചത് നോട്ടീസ് നല്‍കിയ ശേഷമാണെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്റെ പ്രതികരണം. ജനാധിപത്യ സമരത്തോട് അസഹിഷ്ണുത ഇല്ല. പൊലീസ് പന്തല്‍ പൊളിച്ചത് കോടതി നിര്‍ദ്ദേശപ്രകാരമാണ്. വളര്‍മതിയുടെ ആരോഗ്യനില അപകടത്തിലായിരുന്നു. വഴി തടസ്സപ്പെടുത്തി നിര്‍മ്മിച്ച പന്തലാണ് മാറ്റിയതെന്നും മന്ത്രി പറഞ്ഞു. അതേസമയം സമരപ്പന്തല്‍ പൊളിച്ചത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഐഎം നേതാവ് പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ സമരത്തെ നേരിട്ടതിനെക്കാള്‍ ജനാധിപത്യവിരുദ്ധമായാണ് യുഡിഎഫ് സര്‍ക്കാര്‍ സമരത്തെ നേരിട്ടത്. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വി ഡി സതീശന്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ തുടങ്ങിയ സമരമാണ് എല്‍പിഎസ്ടി സമരം. വളര്‍മതി തലമുണ്ടനം ചെയ്യുന്നത് കണ്ടപ്പോള്‍ കരച്ചില്‍ വന്നുവെന്ന് പറഞ്ഞ വി ഡി സതീശന്‍ അവര്‍ക്കെതിരെ മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ആശാ സമരം നടന്നപ്പോള്‍ സമരപ്പന്തല്‍ അവിടെത്തന്നെ ഉണ്ടായിരുന്നു. എല്ലാ ദിവസവും പ്രതിപക്ഷ നേതാവ് സമരപ്പന്തലില്‍ പോവുകയും ചെയ്തിട്ടുണ്ട്. ഇത്രയും ഹിപ്പോക്രസി ഉള്ള അവസരവാദം സ്വീകരിക്കുന്ന, പറഞ്ഞതെല്ലാം വിഴുങ്ങുന്ന സര്‍ക്കാരാണ് ഭരിക്കുന്നതെന്നും പി രാജീവ് വിമര്‍ശിച്ചു.

അതിനിടെ വളര്‍മതി വീണ്ടും സമരപ്പന്തലില്‍ എത്തി നിരാഹാര സമരം പുനഃരാരംഭിച്ചു. സമരം അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടന്നതെന്ന് വളര്‍മതി പറഞ്ഞു. തന്റെ ആരോഗ്യത്തില്‍ കണ്‍സേണ്‍ ഉണ്ടായിരുന്നില്ല. വലിച്ചിഴച്ച് കൊണ്ടുപോകുകയാണ് ചെയ്തത്. തന്നെ ആശുപത്രിയില്‍ കിടത്തുകയായിരുന്നു അവരുടെ പദ്ധതിയെന്നും വളര്‍മതി പറഞ്ഞു. സമരപ്പന്തലില്‍ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വളര്‍മതി.

ബുധനാഴ്ച രാത്രി അപ്രതീക്ഷിതമായായിരുന്നു പൊലീസ് എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തല്‍ പൊളിച്ചുനീക്കിയത്. വളര്‍മതിയെ ബലം പ്രയോഗിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയിലും സമരം തുടരുന്ന നിലപാടായിരുന്നു വളര്‍മതി സ്വീകരിച്ചത്. പൊലീസ് സമരപ്പന്തല്‍ പൊളിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഡിവൈഎഫ്‌ഐ ഇടപെട്ട് അതേ സ്ഥലത്ത് തന്നെ സമരപ്പന്തല്‍ കെട്ടിയിരുന്നു. ഇതിന് പിന്നാലെ എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥിയും കാസര്‍കോട് സ്വദേശിയുമായ ജയകൃഷ്ണന്‍ നിരാഹാര സമരം ആരംഭിച്ചു.

പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തുവന്നിരുന്നു. വളര്‍മതി മുടി മുറിക്കുന്നതുകണ്ട് കരഞ്ഞ മുഖ്യമന്ത്രി തന്നെയല്ലേ അതിക്രമത്തിന് നേതൃത്വം നല്‍കുന്നത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചോദിച്ചത്. സമരം ചെയ്യാനും പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം ജനാധിപത്യം ഓരോ പൗരനും ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. സമരങ്ങളെയും പ്രതിഷേധങ്ങളെയും ഭയപ്പെടുന്ന ഭരണസംവിധാനമല്ല, ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകുന്ന സര്‍ക്കാരാണ് ജനാധിപത്യത്തിന് ആവശ്യം. ഡല്‍ഹിയില്‍ നരേന്ദ്രമോദിയും സംഘപരിവാറും ചെയ്യുന്നത് കേരളത്തിലും ആവര്‍ത്തിക്കാമെന്ന വി ഡി സതീശന്റേയും യുഡിഎഫിന്റേയും വ്യാമോഹം ഇവിടെ നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

Content Highlights- Priyanka Gandhi criticised the police action against LPST candidates protesting in Kerala. She stated that protesting against the government is a fundamental public right and expressed concern over the handling of the candidates' demonstration.

dot image
To advertise here,contact us
dot image