

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ച പൊലീസ് നടപടിയിലും പോരാട്ടവീര്യം ചോരാതെ എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ. സമരസമിതി നേതാവ് വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ ഉദ്യോഗാർത്ഥിയായ ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുത്തു. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഉദ്യോഗാർത്ഥികൾ.
സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജയകൃഷ്ണൻ റിപ്പോർട്ടറിനോട് പറഞ്ഞു. 'പൊലീസ് പന്തല്‍ നശിപ്പിക്കുമെന്ന് വിചാരിച്ചില്ല. ഈ സമീപനത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. സമരത്തിന് പിന്തുണ അനുദിനം വര്‍ദ്ധിക്കുകയാണ്. ശക്തമായി മുന്നോട്ട് പോകും', ജയകൃഷ്ണൻ കൂട്ടിച്ചേർത്തു.
സമരപ്പന്തൽ നീക്കിയതിന് പിന്നാലെ അതേ സ്ഥലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ പുതിയ പന്തൽ കെട്ടിയിരുന്നു. പിന്നാലെ സമരക്കാർക്കെതിരെയും ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു. എൽപിഎസ്ടി റാങ്ക് ഹോൾഡർ ബിച്ചു, കണ്ടാലറിയാവുന്ന 50 പേർ എന്നിവർക്കെതിരെയാണ് കേസ്. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എൽ എസ് ലിജു, പ്രസിഡന്റ് വി എസ് ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗം അനൂപ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സെക്രട്ടേറിയറ്റിലേക്ക് ഡിവൈഎഫ്ഐയും യുവമോർച്ചയും ഇന്ന് മാർച്ച് നടത്തും.
അതേസമയം, പൊലീസ് നടപടിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ ഇന്നലെ രാത്രിയിലായിരുന്നു പൊലീസിന്റെ മിന്നല്‍ നീക്കം. സമരപ്പന്തല്‍ പൂര്‍ണമായും പൊളിച്ചുനീക്കുകയും നിരാഹാര സമരം നടത്തിയിരുന്ന വളര്‍മതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. സമരം ആരംഭിച്ച് 129-ാം ദിവസമാണ് സമരപ്പന്തല്‍ പൊലീസ് പൊളിച്ചത്.
പൊലീസ് നടപ്പാക്കുന്നത് സര്‍ക്കാരിന്റെ വാക്കുകളാണെന്നും പൊലീസ് അവരുടെ ഡ്യൂട്ടി ചെയ്യുന്നതില്‍ വിരോധമില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും വളര്‍മതി പ്രതികരിച്ചു. എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തല്‍ പൊളിച്ച് നീക്കിയത് സര്‍ക്കാരിന്റെ അസഹിഷ്ണുത എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രതികരിച്ചു. സമാധാനപരമായി സമരം ചെയ്യുന്നവരെ ബലപ്രയോഗത്തിലൂടെ നേരിടുകയാണ് സര്‍ക്കാര്‍. വളര്‍മതി മുടി മുറിച്ചപ്പോള്‍ കരഞ്ഞ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോൾ അതിക്രമത്തിന് നേതൃത്വം നല്‍കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സമരം ചെയ്യാനും പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം ജനാധിപത്യം ഓരോ പൗരനും ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. സമരങ്ങളെയും പ്രതിഷേധങ്ങളെയും ഭയപ്പെടുന്ന ഭരണസംവിധാനമല്ല, ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകുന്ന സര്‍ക്കാരാണ് ജനാധിപത്യത്തിന് ആവശ്യം. ഡല്‍ഹിയില്‍ നരേന്ദ്രമോദിയും സംഘപരിവാറും ചെയ്യുന്നത് കേരളത്തിലും ആവര്‍ത്തിക്കാമെന്ന വി ഡി സതീശന്റേയും യുഡിഎഫിന്റേയും വ്യാമോഹം ഇവിടെ നടക്കില്ല. ശക്തമായ ജനകീയ പ്രക്ഷോഭം ഇതിനെതിരെ ഉയര്‍ന്ന് വരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Content Highlights: LPS T candidates continued their agitation without losing their determination despite police action to dismantle their protest pandal