സുഗന്ധഗിരി മരംമുറി: വിജിലൻസ് റിപ്പോർട്ട് പൂഴ്ത്തി സർക്കാർ, ഉദ്യോഗസ്ഥരെ സംരക്ഷിക്കാനെന്ന് ആരോപണം

കോൺഗ്രസ് നേതാവ് പരാതിക്കാരനായ കേസിലെ സുപ്രധാന റിപ്പോർട്ട് കോൺഗ്രസ് സർക്കാർ പൂഴ്ത്തിവെച്ചു എന്നതും ശ്രദ്ധേയമാണ്

സുഗന്ധഗിരി മരംമുറി: വിജിലൻസ് റിപ്പോർട്ട് പൂഴ്ത്തി സർക്കാർ, ഉദ്യോഗസ്ഥരെ സംരക്ഷിക്കാനെന്ന് ആരോപണം
dot image

വയനാട്: സുഗന്ധഗിരി മരംമുറി കേസിലെ വനംവകുപ്പ് വിജിലൻസ് അന്വേഷണ റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയതായി ആരോപണം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് ശുപാർശ ചെയ്യുന്ന റിപ്പോർട്ട് അന്വേഷണ സംഘം സമർപ്പിച്ചിട്ടും, റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖയ്ക്ക് സർക്കാർ നൽകിയ മറുപടി. കേസിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ഈ നീക്കമെന്നാണ് പ്രധാന വിമർശനം.

സെപ്റ്റംബർ 6-നാണ് വനംവകുപ്പ് വിജിലൻസ് അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറിയത്. എന്നാൽ, സെപ്റ്റംബർ 10-ന് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് ഒരു മാസത്തിന് ശേഷം ലഭിച്ച മറുപടിയിൽ പറയുന്നത് റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ്. എന്നാൽ, റിപ്പോർട്ട് സെപ്റ്റംബറിൽ തന്നെ സമർപ്പിച്ചതായി അന്വേഷണ ചുമതലയുള്ള വിജിലൻസ് ഡിഎഫ്ഒ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. പുറത്തുവന്ന അന്വേഷണ റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങളിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് കൃത്യമായി പരാമർശിക്കുന്നുണ്ട്. ഗുരുതരമായ കണ്ടെത്തലുകൾ അടങ്ങിയ ഈ റിപ്പോർട്ടാണ് സർക്കാരിന്റെ പക്കലുള്ളപ്പോൾ 'അന്വേഷണം പുരോഗമിക്കുന്നു' എന്ന വിചിത്രമായ മറുപടി നൽകി മറച്ചുവെക്കാൻ ശ്രമിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും തെറ്റിദ്ധരിപ്പിക്കുന്ന മറുപടി നൽകിയത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.

സുഗന്ധഗിരിയിൽ 126 മരങ്ങൾ മുറിച്ചുമാറ്റാൻ നൽകിയ ഉത്തരവിന്റെ മറവിൽ വൻ ക്രമക്കേട് നടന്നുവെന്നാണ് കേസ്. ലേല നടപടികളിൽ തിരിമറി നടത്തിയെന്നും, മുറിക്കാൻ അനുമതി നൽകിയ മരങ്ങൾക്ക് പകരം മറ്റ് മരങ്ങൾ മുറിച്ചുകടത്തിയെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.

കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി ഷാജിർ അറഫാത്താണ് ഈ കേസിൽ പരാതിക്കാരൻ. കോൺഗ്രസ് നേതാവ് പരാതിക്കാരനായ കേസിലെ സുപ്രധാന റിപ്പോർട്ട് കോൺഗ്രസ് സർക്കാർ പൂഴ്ത്തിവെച്ചു എന്നതും ശ്രദ്ധേയമാണ്. വരുംദിവസങ്ങളിൽ ഇത്
വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചേക്കാം.

Content Highlights: A controversy has erupted over allegations that the Kerala government withheld the Forest Department's vigilance report in the Sugandhagiri tree-felling case, despite recommendations for strict action against officials.

dot image
To advertise here,contact us
dot image