

ഐപിഎല്‍ റെറ്റിന്‍ഷന്‍ ഡെഡ്ലൈന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന പേര് ഹാര്‍ദിക് പാണ്ഡ്യയുടേതാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഈ ഓള്‍റൗണ്ടര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടങ്ങിയ നിരവധി ഫ്രാഞ്ചൈസികളുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് തിരികെ പോകുന്നു എന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പഞ്ചാബ് കിംഗ്‌സാണ് ഈ ഓള്‍റൗണ്ടറെ സ്വന്തമാക്കാന്‍ മുന്‍പന്തിയിലുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ട്രേഡ് സാധ്യതകളെക്കുറിച്ച് സംസാരിക്കവെ, മുംബൈ ഇന്ത്യന്‍സിന് 'ഹാര്‍ദിക് പാണ്ഡ്യയുടെ കുറവ് അനുഭവപ്പെടില്ല' എന്ന ശക്തമായ പ്രതികരണവുമായി മുന്‍ കെകെആര്‍ താരവും ഇന്ത്യന്‍ ബാറ്ററുമായ ആകാശ് ചോപ്ര രംഗത്തെത്തി.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ആകാശ് ചോപ്ര ഹാര്‍ദിക് പഞ്ചാബിലേക്ക് മാറാനുള്ള സാധ്യതകളെയും അത് മുംബൈ ഇന്ത്യന്‍സിന്റെ ശക്തിയെ എങ്ങനെയെല്ലാം ബാധിക്കുമെന്നും വിലയിരുത്തിയത്. ആഗോള ക്രിക്കറ്റില്‍ ഹാര്‍ദിക്കിനുള്ള മികവിനെയും പദവിയെയും കുറിച്ച് തര്‍ക്കമില്ലെങ്കിലും, മുംബൈ ഇന്ത്യന്‍സിന് അദ്ദേഹത്തിന്റെ അഭാവം വലിയ പ്രശ്‌നമാകില്ലെന്നാണ് ചോപ്രയുടെ അഭിപ്രായം. 'മുംബൈയുടേത് വളരെ ശക്തമായ ഒരു ടീമാണ്. ഇത് പറയുന്നതിന് എന്നെ കുറ്റപ്പെടുത്തിയേക്കാം, പക്ഷേ ഹാര്‍ദിക്കിന്റെ കുറവ് അവര്‍ക്ക് അത്രയധികം അനുഭവപ്പെടില്ല. എനിക്ക് ഹാര്‍ദിക് പാണ്ഡ്യയെ എത്രത്തോളം ഇഷ്ടമാണെന്ന് നിങ്ങള്‍ക്ക് അറിയാം, എന്നാല്‍ യാഥാര്‍ത്ഥ്യം എന്തെന്നാല്‍ ടീമിന് ഇത് മാനേജ് ചെയ്യാന്‍ സാധിക്കും. അവരുടെ ബാറ്റിംഗ് നിര പരിശോധിച്ചാല്‍, രോഹിത് ശര്‍മ്മയ്ക്കൊപ്പം റയാന്‍ റിക്കല്‍ട്ടണ്‍ അല്ലെങ്കില്‍ ക്വിന്റണ്‍ ഡി കോക്ക് ഓപ്പണ്‍ ചെയ്യുന്നു. തുടര്‍ന്ന് മിഡില്‍ ഓര്‍ഡറില്‍ തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ്, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, നമാന്‍ ദിര്‍ എന്നിവരുണ്ട്. ബാറ്റിംഗില്‍ അവര്‍ക്ക് ആഴവും ഗുണനിലവാരവുമുണ്ട്. ഇനി വില്‍ ജാക്‌സിനെ അവര്‍ക്ക് എളുപ്പത്തില്‍ കളിപ്പിക്കാന്‍ കഴിയും' -ചോപ്ര വ്യക്തമാക്കി.
മുംബൈയുടെ ബാറ്റിംഗ് ആഴം ഒരു സുരക്ഷാ വലയായി ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, ഹാര്‍ദിക്കിനെപ്പോലൊരു ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടറെ നഷ്ടപ്പെടുന്നത് ഏതൊരു ടീമിനും എളുപ്പത്തില്‍ നികത്താനാകുന്ന ഒന്നല്ല. നിര്‍ണായകമായ നാല് ഓവറുകള്‍ വേഗത്തില്‍ എറിയാനും മത്സരങ്ങള്‍ മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാനും കഴിയുന്ന താരങ്ങള്‍ ട്വന്റി-20 ക്രിക്കറ്റില്‍ വളരെ അപൂര്‍വ്വമാണ്. നിലവില്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ പോലും ഹാര്‍ദിക്കിന് കൃത്യമായൊരു പകരക്കാരനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഹാര്‍ദിക്കില്ലാതെ ടീം പുനഃസംഘടിപ്പിക്കുമ്പോള്‍ ബൗളിംഗ് ആഴത്തിലോ ബാറ്റിംഗ് ഫ്‌ലെക്‌സിബിലിറ്റിയിലോ മുംബൈ ഇന്ത്യന്‍സിന് വിട്ടുവീഴ്ച ചെയ്യേണ്ടി വരും. പേപ്പറില്‍ മുംബൈ ഇന്ത്യന്‍സ് ശക്തരായി തുടരുമെങ്കിലും, ഹാര്‍ദിക് നല്‍കുന്ന സന്തുലിതാവസ്ഥയും വലിയ മത്സരങ്ങളിലെ പരിചയസമ്പത്തും പൂര്‍ണ്ണമായി നികത്തുക എന്നത് എളുപ്പമല്ല. ഹാര്‍ദിക് ഏത് ടീമിലേക്കായിരിക്കും ചേക്കേറുക എന്നതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ആകാംക്ഷ.
content highlights: 'Pandya's Absence Won't Be Felt by Mumbai': Former KKR Star Analyzes Blockbuster IPL Trade