

തിരുവനന്തപുരം: ചിറയിന്‍കീഴ് കയ്യാങ്കളി വിഷയത്തില്‍, രമ്യാ ഹരിദാസ് എംഎല്‍എക്ക് ഒപ്പം നില്ക്കുന്ന പാളയം പ്രദീപിന്റെ സസ്പെന്ഷന് കെപിസിസി പിന്‍വലിച്ചു. എതിര് പക്ഷത്തുള്ള ചിറയിന്‍കീഴ് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എസ് സജാദിനെയും തിരിച്ചെടുത്തു. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നല്കിയ പരാതി പിന്‍വലിക്കാമെന്ന് രമ്യാ ഹരിദാസ് ഉറപ്പു നല്‍കിയതിന് പിന്നാലെയാണ് നീക്കം. രമ്യാ ഹരിദാസ് ഉള്‍പ്പെട്ട ചിറയന്‍കീഴിലെ തമ്മിലടിക്ക് പിന്നാലെയായിരുന്നു പാര്‍ട്ടി ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്.
സെപ്റ്റംബര്‍ നാലാം തീയതിയായിരുന്നു ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായത്. എംഎല്‍എ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഔദ്യോഗിക യോഗത്തില്‍ എംഎല്‍എയുടെ അനുയായിയായ പാളയം പ്രദീപ് പങ്കെടുത്തതാണ് തര്‍ക്കത്തിന്റെ തുടക്കം. പ്രദീപ് യോഗത്തില്‍ പങ്കെടുക്കുകയും ചില കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തതില്‍ പ്രാദേശിക തലത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. യോഗത്തില്‍ പങ്കെടുക്കുന്ന പ്രദീപിന്റെ ദൃശ്യങ്ങള്‍ എംഎല്‍എ തന്നെ പിന്നീട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ സജാദ് ഗ്രൂപ്പില്‍ സന്ദേശം അയയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ രാത്രിയോടെ രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങള്‍ വായിപ്പിക്കാന്‍ ശ്രമിച്ചെന്ന് ഇവര്‍ ആരോപിച്ചിരുന്നു. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുമായ സജിത്ത് മുട്ടമ്പലം അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ഇതോടെയാണ് തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയത്.
സംഭവത്തിന് പിന്നാലെ രമ്യാ ഹരിദാസും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരുന്നു. പാര്‍ട്ടി പ്രാദേശിക നേതൃത്വം തന്നെ എംഎല്‍എയ്ക്ക് എതിരെ രംഗത്തെത്തുകയായിരുന്നു. രമ്യയ്ക്കെതിരെ ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. രമ്യാ ഹരിദാസ് പാര്‍ട്ടിക്ക് വിധേയമാകണമെന്ന് കിഴുവില്ലം, പൂന്തള്ളൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആസ്തി വികസന ഫണ്ട് എംഎല്‍എ വിനിയോഗിക്കണമെന്നും കൃത്യമായ പദ്ധതികള്‍ സമര്‍പ്പിക്കണമെന്നും പ്രമേയത്തിലൂടെ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. രണ്ട് കോണ്‍ഗ്രസ് കമ്മിറ്റികളുടെയും യോഗത്തില്‍ ഏകകണ്ഠമായി രമ്യയ്ക്ക് എതിരെ പ്രമേയം പാസാക്കുകയായിരുന്നു.
പാലോട് രവിയുടെ നേതൃത്വത്തിലുള്ള സമിതി സംഭവത്തില്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രമ്യാ ഹരിദാസ് മൊഴി നല്‍കാനെത്തിയിരുന്നില്ല. തന്റെ നിലപാട് അധ്യക്ഷനെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു രമ്യ ഹരിദാസിന്റെ വിശദീകരണം. തര്‍ക്കം തുടര്‍ന്നാല്‍ രമ്യ ഹരിദാസിന് മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും വിലയിരുത്തലുണ്ടായിരുന്നു.
Content Highlights: KPCC has revoked the suspension of Palayam Pradeep, who supports MLA Ramya Haridas, and reinstated Chirayinkeezhu Block Congress General Secretary S Sajad