'മരണം വരെ സമരം തുടരും, സര്‍ക്കാര്‍ അധികാരത്തിന്റെ ഹുങ്ക് കയ്യില്‍ വെച്ചാല്‍ മതി'; LPST സമര നേതാവ് വളര്‍മതി

ഇന്നലെ സമാധാനപരമായി സമരം ചെയ്യവേയാണ് പൊലീസുകാര്‍ വലിച്ചിഴച്ചു കൊണ്ടുപോയതെന്ന് അവർ പറഞ്ഞു

'മരണം വരെ സമരം തുടരും, സര്‍ക്കാര്‍ അധികാരത്തിന്റെ ഹുങ്ക് കയ്യില്‍ വെച്ചാല്‍ മതി'; LPST സമര നേതാവ് വളര്‍മതി
dot image

തിരുവനന്തപുരം: സമരം അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നു എന്ന് എല്‍പിഎസ്ടി സമര സമിതി കണ്‍വീനര്‍ വളര്‍മതി. നടത്താത്ത പ്രതിഷേധത്തിന് പേരില്‍ എഫ്‌ഐആര്‍ ഇടുന്നു. ഇന്നലെ നീചമായ പ്രവര്‍ത്തനമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പാവപ്പെട്ടവനെ എന്തും ചെയ്യാം എന്ന നിലപാടാണ് സര്‍ക്കാരെന്നും വളര്‍മതി കുറ്റപ്പെടുത്തി. ശക്തമായ സമരത്തിലൂടെ ആവശ്യങ്ങള്‍ നേടിയെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'ഇന്നലെ സമാധാനപരമായി സമരം ചെയ്യവേയാണ് പൊലീസുകാര്‍ വലിച്ചിഴച്ചു കൊണ്ടുപോയത്. ശരീരം മുഴുവന്‍ ഇപ്പോഴും വേദനയാണ്. ആറു ദിവസം നിരാഹാരം കിടന്ന വ്യക്തിയെ ഇങ്ങനെയാണോ അഡ്മിറ്റ് ചെയ്യാന്‍ കൊണ്ടുപോകുന്നത്. വെയില്‍ കൊണ്ടുള്ള തളര്‍ച്ച മാത്രമാണ് ഇന്നലെ ഉണ്ടായിരുന്ന'തെന്നും വളര്‍മതി വിശദീകരിച്ചു. ജനാധിപത്യ ഇന്ത്യയില്‍ നടക്കേണ്ട കാര്യം ഇതൊക്കെയാണോ എന്ന് ചോദിച്ച അവര്‍ ഏതൊക്കെ സമരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുമെന്നും ചോദ്യമുയര്‍ത്തി. ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍ ഫോണ്‍ വരെ പിടിച്ചു വാങ്ങി. അധികാരത്തിന്റെ ഹുങ്ക് കൈയില്‍ വെച്ചാല്‍ മതിയെന്നും ഇതിനെതിരെ ജനങ്ങള്‍ വിധിയെഴുതുന്ന ദിനം വരുമെന്നും വളര്‍മതി മുന്നറിയിപ്പ് നല്‍കി. മരണം സംഭവിച്ചാലും ഇവിടെ തന്നെ സമരം തുടരും. നാളെ യുവജനങ്ങള്‍ അണിനിരക്കുന്ന ശക്തമായ സമരം നടക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഡോക്ടർമാർ വളർമതിയെ പരിശോധിക്കുന്നു

45 ദിവസം കൊണ്ട് എല്ലാ പഠിച്ച ആളുകളാണ് തങ്ങള്‍. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ബോധം ഇല്ലേ. കുട്ടികളുടെ ജനന നിരക്ക് കുറവാണ്, അതുകൊണ്ടാണ് അനുപാതം കുറയ്ക്കണം എന്ന് ആവശ്യപ്പെടുന്നത്. എല്ലാം സര്‍ക്കാരിന്റെ അനാസ്ഥയാണെന്നും സമര സമിതി നേതാവ് കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ 45 ദിവസം ഒന്നും പഠിച്ചില്ല. കോഴ നിയമനത്തിന്റെ പങ്ക് സര്‍ക്കാര്‍ പറ്റുന്നു. എയ്ഡഡിന് വേണ്ടി സര്‍ക്കാര്‍ എന്തും ചെയ്യുമെന്നും അവര്‍ ആരോപിച്ചു. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ആരും ബന്ധപ്പെട്ടില്ലെന്നും വകുപ്പില്‍ നിന്ന് ഉള്ളത് തഴയുന്ന സമീപനമാണെന്നും വളര്‍മതി ചൂണ്ടിക്കാട്ടി. അഞ്ച് ആവശ്യങ്ങളും ഓര്‍ഡറായി ഇറങ്ങുന്നതുവരെ സമരം തുടരും. സമരം ചെയ്യാനുള്ള അവകാശമുണ്ടെന്നും ഗുണ്ടായിസം ഇവിടെ നടത്താന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

ഇന്നലെയാണ് എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ആവശ്യപ്പെട്ട് നിരാഹാരം കിടന്ന വളര്‍മതിയെ ബലം പ്രയോഗിച്ച് പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നാലെ സമരം കടുപ്പിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ തീരുമാനിച്ചിരുന്നു. സമരം നടത്തുന്ന ഉദ്യോഗാര്‍ഥികള്‍ കൂട്ട നിരാഹാരം പ്രഖ്യാപിച്ചിരുന്നു. നോര്‍ത്ത് ഗേറ്റിന് മുന്നില്‍ സമരം നടത്തിയ ഉദ്യോഗാര്‍ത്ഥികളും പൊലീസുമായി വാക്കേറ്റമുണ്ടായി. നോര്‍ത്ത് ഗേറ്റിന് മുന്നില്‍ നിന്നു പിരിഞ്ഞുപോകാന്‍ സമരക്കാര്‍ തയ്യാറാവാത്തതും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുവമോര്‍ച്ച, എബിവിപി പ്രവര്‍ത്തകരും എത്തിയതും വലിയ സംഘര്‍ഷത്തിലേക്ക് വഴിവെക്കുകയായിരുന്നു. പിന്നാലെ ഇന്നലെ രാത്രിയോടെയാണ് വളര്‍മതിയെ തിരികെ സമരവോദിയില്‍ എത്തിച്ചത്.

വളർമതിയെ ബലംപ്രയോഗിച്ച് പൊലീസ് ആശുപത്രിയിലേക്ക് മാറ്റുന്നു

സമരപന്തലിലിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. സെക്രട്ടറിയേറ്റ് മെയിന്‍ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസെടുത്തത്. തിരിച്ചറിഞ്ഞ 8 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമാണ് കേസ്. സമരത്തിന് നേതൃത്വം നല്‍കിയ വളര്‍മതിയായിരുന്നു ഒന്നാം പ്രതി. സെക്രട്ടറിയേറ്റ് ഗേറ്റിന്റെ മുന്‍ഭാഗത്ത് മുദ്രാവാക്യങ്ങള്‍ വിളിച്ച് പൊതുജനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയെന്നാണ് എഫ്‌ഐആറില്‍ ആരോപിക്കുന്നത്.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ സമരവുമായി രംഗത്തെത്തിയത്. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാതെ വന്നതോടെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സമരം ആരംഭിക്കുകയായിരുന്നു. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുന്നത് സാമ്പത്തിക ബാധ്യത വരുത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നതെന്ന് സമര സമിതി നേതാവ് വളര്‍മതി ആരോപിച്ചിരുന്നു. എയ്ഡഡ് സ്‌കൂളിലെ കോഴ വാങ്ങിച്ച് നിയമനം നല്‍കിയ അധ്യാപകര്‍ക്ക് അപ്രൂവല്‍ കൊടുക്കുന്നത് ബാധ്യത വരുത്തില്ലേ എന്നും സമരക്കാര്‍ വിമര്‍ശിച്ചിരുന്നു.

2025 മെയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നാമമാത്രമാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. പല ജില്ലകളിലും ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. പ്രതീകാത്മകമായി പുല്ലുതിന്നും മണ്ണ് തിന്നുമായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍ സമരം കടുപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വളര്‍മതി തലമണ്ഠനം ചെയ്ത് നിരാഹാര സമരം ആരംഭിച്ചത്.

Content Highlights: LPST strike committee convenor Valarmathi has accused the government of attempting to suppress the ongoing protest. She alleged that police registered an FIR over a demonstration that had not taken place and criticised the police action on the previous day. Valarmathi also accused the government of adopting an unfair approach towards economically weaker sections. She said the committee would continue its agitation and secure its demands through stronger protests.

dot image
To advertise here,contact us
dot image