

തിരുവനന്തപുരം: പിഎസ്സി ചെയര്‍മാനെ പിരിച്ചുവിടണമെന്ന് പുതിയ ഗവര്‍ണര്‍ ഓംപ്രകാശ് മാഥുറും. രാഷ്ട്രപതിക്ക് കത്തയക്കാനാണ് തീരുമാനം. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപി എംഎല്‍എമാരാണ് ഇക്കാര്യം അറിയിച്ചത്. പിഎസ്സി പരീക്ഷക്രമക്കേടുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കർ പിഎസ്സി ചെയര്മാന് ഉള്‍പ്പെടെയുള്ള ഭരണസമിതിയെ പിരിച്ചുവിടണമെന്ന ശുപാര്‍ശ കത്ത് രാഷ്ട്രപതിക്ക് നല്‍കിയത്. ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പായിരുന്നു അദ്ദേഹത്തിന്റെ നീക്കം. നിലവില്‍ പുതിയ ഗവര്‍ണറും അതേനിലപാട് തന്നെ സ്വീകരിക്കുമെന്നാണ് വ്യക്തമാകുന്നത്. മുന്‍ ഗവര്‍ണറിന്റെ നടപടിയില്‍ ഫോളോഅപ്പുകള്‍ നടത്തണമെന്നതാണ് ബിജെപിയുടെ നിലപാട്. ഇന്ന് തന്നെ കത്ത് നല്‍കുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഗവര്‍ണറുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ പിഎസ്സിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളും പരാതികളും, വിഷയത്തില്‍ മുന്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാടും ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ട്. പിന്നാലെയാണ് പിഎസ്സി ചെയര്മാന് എതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് നിലവിലെ ഗവര്‍ണറും ശുപാര്‍ശ കത്ത് രാഷ്ട്രപതിക്ക് നല്‍കുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കിയത്.
കഴിഞ്ഞദിവസം പിഎസ്സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഭരണപക്ഷം തയ്യാറായില്ലെന്ന വിമര്‍ശനം ബിജെപി എംഎല്‍എമാര്‍ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കൂടിയായ ബി ബി ഗോപകുമാര്‍ ഉള്‍പ്പെടുന്ന സംഘം ഗവര്‍ണറെ കണ്ടത്. സംസ്ഥാന സര്‍ക്കാരോ പ്രതിപക്ഷമോ വിഷയവുമായി ബന്ധപ്പെട്ട് ഒരു കാര്യങ്ങളും ചെയ്യുന്നില്ലെന്നും അതിനാലാണ് ഗവര്‍ണര്‍ വഴിയുള്ള ഒരു നീക്കത്തില്‍ ബിജെപി കടന്നതെന്നാണ് വിലയിരുത്തല്‍. മുന്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാടില്‍ പിഎസ്സിക്കും സര്‍ക്കാരിനും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. രാജേന്ദ്ര ആര്‍ലേക്കർ കത്തയച്ച കാര്യം അറിയില്ലെന്നായിരുന്നു സംസ്ഥാനത്തെ മന്ത്രിമാര്‍ അടക്കം പറഞ്ഞത്.
പിഎസ് സി പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഒരു ഭാഗത്ത് ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ പിഎസ്സി ചെയര്മാന് ഉള്‍പ്പെടെ ചോദ്യം ചെയ്യലിന് വിധേയമായി. പിഎസ്സിയിലെ പ്രധാനപ്പെട്ട രണ്ട് ഉദ്യോഗസ്ഥര്‍ കേസില്‍ പ്രതികളായിട്ടുണ്ട്.
Content Highlights: New Kerala Governor Om Prakash Mathur is planning to write to the President of India seeking the removal of the Public Service Commission (PSC) chairman