'ഗവര്‍ണര്‍മാര്‍ക്ക് പെന്‍ഷന്‍ ഇല്ല, ജീവിത ചെലവിന് ജോലി ചെയ്യണം'; വീണ്ടും അഭിഭാഷകനാകാൻ പി എസ് ശ്രീധരന്‍പിള്ള

സിപിഐഎം - കോണ്‍ഗ്രസ് നേതാക്കളും കേസുകളുമായി സമീപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു

'ഗവര്‍ണര്‍മാര്‍ക്ക് പെന്‍ഷന്‍ ഇല്ല, ജീവിത ചെലവിന് ജോലി ചെയ്യണം'; വീണ്ടും അഭിഭാഷകനാകാൻ പി എസ് ശ്രീധരന്‍പിള്ള
dot image

കോഴിക്കോട്: ഗവര്‍ണര്‍ പദവി ഒഴിഞ്ഞതിന് പിന്നാലെ അഭിഭാഷക കുപ്പായം വീണ്ടും അണിയാന്‍ ബിജെപി നേതാവ് പി എസ് ശ്രീധരന്‍പിള്ള. ഗവര്‍ണര്‍ പദവിയില്‍ നിന്ന് ജോലിയിലേക്ക് തിരിച്ചുപോകുന്നത് അസാധാരണ നടപടിയാണെന്ന് ആദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വിരമിച്ച ഗവര്‍ണര്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളുമില്ലെന്നും ജീവിത ചെലവിന് ജോലി ചെയ്യണമെന്നും ശ്രീധരന്‍പിള്ള പറയുന്നു. സിപിഐഎം - കോണ്‍ഗ്രസ് നേതാക്കളും കേസുകളുമായി സമീപിച്ചിട്ടുണ്ട്. നവംബര്‍ ആറിന് ആദ്യത്തെ കേസില്‍ ഹാജരാകും. ഒരു വര്‍ഷം ബോധപൂര്‍വം മാറിനിന്നെന്നും ചെങ്ങന്നൂരില്‍ മത്സരിക്കാന്‍ പറഞ്ഞിട്ടും മാറി നിന്നത് ഒരു വര്‍ഷത്തെ കൂള്‍ ഓഫ് ടൈം കിട്ടാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

2019ല്‍ താന്‍ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തപ്പോള്‍ തന്നെ പദവി ഒഴിഞ്ഞ് തിരിച്ച് വന്നാല്‍ തന്റെ അഭിഭാഷക ജോലി ഏറ്റെടുക്കുമെന്ന് പറഞ്ഞിരുന്നു. അത് തന്റെ ജീവിതത്തോടൊപ്പം അലിഞ്ഞ് ചേര്‍ന്നതാണ്. പെന്‍ഷനില്ലെന്ന് വാദിക്കുന്ന ഏക ഗവര്‍ണര്‍ താനായിരിക്കും. മറ്റുള്ളവര്‍ക്കൊക്കെ അവര്‍ എംപിമാരോ എംഎല്‍എമാരോ ഒക്കെ ആയിരുന്ന കാലയളവിലെ പെന്‍ഷന്‍ ഉണ്ടാകും. തനിക്ക് എന്തായാലും അത് ഇല്ലാത്തതുകൊണ്ട് ദൈവം തന്ന കഴിവ് ഉപയോഗിച്ച് ജീവിക്കാനാണ് തീരുമാനം എന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ഒരിക്കല്‍ ഒരു ഗവര്‍ണറായാല്‍ എല്ലാ കാലത്തേക്കും ഗവര്‍ണറാണ് എന്നാണ് ജനാധിപത്യത്തിലെ മൂല്യബോധം. അതിനാലാണ് താന്‍ ഇപ്പോള്‍ കുറച്ച് കാലമായി മാറിനിന്നത്. എന്നാല്‍ ഇനി അഭിഭാഷക ജോലിയുമായി മുന്നോട്ട് പോകാതെ വഴിയില്ല. തനിക്ക് മുമ്പ് തന്നെ ബാര്‍ കൗണ്‍സില്‍ അഭിഭാഷകനായി തുടരാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താന്‍ രാഷ്ട്രീയത്തില്‍ ഇപ്പോഴുമുണ്ട്. പാര്‍ട്ടിക്ക് ആവശ്യം വരുമ്പോള്‍ ആവശ്യപ്പെടുന്ന നിലയില്‍ പ്രവര്‍ത്തിക്കും. ബാക്കി എല്ലാ ഇടത്ത് നിന്നും യുവതലമുറയ്ക്കായി മാറിക്കൊടുക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അതിനാലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. താന്‍ ഒരിക്കലും പദവികള്‍ക്ക് വേണ്ടി ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ പാര്‍ട്ടി തനിക്ക് എല്ലാം തന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: BJP leader P S Sreedharan Pillai plans to resume his legal practice after stepping down as governor. He described returning to work after holding the gubernatorial post as unusual and said retired governors do not receive a pension or benefits, making work necessary to meet living expenses. He also said leaders from the CPI(M) and Congress had approached him about cases and that he would appear in his first case on November 6. Pillai added that he had deliberately stayed away from active work for a year, including declining a suggestion to contest from Chengannur, to complete a one-year cooling-off period.

dot image
To advertise here,contact us
dot image