പിഎസ്‌സി നിയമനത്തിന് മാനദണ്ഡം പുതുക്കാന്‍ സര്‍ക്കാര്‍; നിയമനത്തിന് ചട്ട ഭേദഗതി കൊണ്ടുവരാന്‍ നീക്കം

ശുപാര്‍ശയില്‍ നിയമോപദേശം തേടാനാണ് സര്‍ക്കാര്‍ തീരുമാനം

പിഎസ്‌സി നിയമനത്തിന് മാനദണ്ഡം പുതുക്കാന്‍ സര്‍ക്കാര്‍; നിയമനത്തിന് ചട്ട ഭേദഗതി കൊണ്ടുവരാന്‍ നീക്കം
dot image

തിരുവനന്തപുരം: പിഎസ്‌സി നിയമനത്തിന് മാനദണ്ഡം പുതുക്കാന്‍ സര്‍ക്കാര്‍ നീക്കം. നിയമനത്തിന് ചട്ട ഭേദഗതി കൊണ്ടുവരാനാണ് നീക്കം. പിഎസ്‌സി അംഗങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പെടെ നിശ്ചയിക്കും. ക്രൈംബ്രാഞ്ച് ശുപാര്‍ശയിലാണ് സര്‍ക്കാര്‍ നീക്കം. ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗമാണ് ശുപാര്‍ശ നല്‍കിയത്. ശുപാര്‍ശയില്‍ നിയമോപദേശം തേടാനാണ് സര്‍ക്കാര്‍ തീരുമാനം.

നിലവില്‍ പിഎസ്‌സി അംഗങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, ബിരുദം അടിസ്ഥാന യോഗ്യതയാക്കി മാനദണ്ഡം നിശ്ചയിക്കണമെന്ന് പൊതുഭരണ സെക്രട്ടറി സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നുണ്ട്. പിഎസ്‌സി അംഗങ്ങളുടെ നിയമനത്തിന് പ്രത്യേക ഇന്റര്‍വ്യൂ ബോര്‍ഡ് വേണം. പിഎസ്‌സിയിലെ അംഗസംഖ്യ പരിമിതപ്പെടുത്തണമെന്നത് അടക്കം ശുപാര്‍ശയിലുണ്ട്.

അതേസമയം പിഎസ്‌സി ചെയര്‍മാനെ പുറത്താക്കാണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയിരിക്കുകയാണ്. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഒഴിയുന്നതിന് തൊട്ടുമുമ്പാണ് രാജേന്ദ്ര അര്‍ലേക്കര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്. പരീക്ഷാക്രമക്കേട് പരാതിയിലാണ് നടപടി.

സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു നടപടിയുണ്ടാകുന്നത്. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പായിരുന്നു സുപ്രധാന നീക്കം. ചെയര്‍മാന്‍ എം ആര്‍ ബൈജു അടക്കം 16 അംഗങ്ങളെ പുറത്താക്കണമെന്നാണ് ശുപാര്‍ശയിലുള്ളത്. ഇക്കാര്യത്തില്‍ രാഷ്ട്രപതി എടുക്കുന്ന തീരുമാനം നിര്‍ണായകമാകും. പിഎസ്‌സി ഗുരുതരമായ പരീക്ഷാ ക്രമക്കേട് ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. അന്വേഷണത്തില്‍ ഗുരുതര കുറ്റങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്കും നിരവധി പരാതികളാണ് ലഭിച്ചത്. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ തന്നെ നേരിട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനും പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കാനുള്ള ഗവര്‍ണറുടെ തീരുമാനമുണ്ടായത്. പരാതികളുടെ പകര്‍പ്പും മാധ്യമ വാര്‍ത്തകളും അടക്കമാണ് രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

Content Highlights: The Kerala government is considering amendments to recruitment rules to revise the criteria for appointments through the Public Service Commission.

dot image
To advertise here,contact us
dot image