

തിരുവനന്തപുരം: ഗവര്‍ണര്‍ സ്ഥാനമൊഴിയുന്നതിന് മുമ്പ് രാജേന്ദ്ര അര്‍ലേക്കര്‍ നടത്തിയ നിര്‍ണായക നീക്കത്തിന്റെ വിവരങ്ങള്‍ പുറത്ത്. പിഎസ്സി ചെയര്‍മാനെ പുറത്താക്കാണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കുകയായിരുന്നു. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഒഴിയുന്നതിന് തൊട്ടുമുമ്പാണ് രാജേന്ദ്ര അര്‍ലേക്കര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്. പരീക്ഷാക്രമക്കേട് പരാതിയിലാണ് നടപടി.
സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു നടപടിയുണ്ടാകുന്നത്. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പായിരുന്നു സുപ്രധാന നീക്കം. ചെയര്മാന് എം ആര് ബൈജു അടക്കം 16 അംഗങ്ങളെ പുറത്താക്കണമെന്നാണ് ശുപാര്‍ശയിലുള്ളത്. ഇക്കാര്യത്തില്‍ രാഷ്ട്രപതി എടുക്കുന്ന തീരുമാനം നിര്‍ണായകമാകും. പിഎസ്സി ഗുരുതരമായ പരീക്ഷാ ക്രമക്കേട് ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. അന്വേഷണത്തില്‍ ഗുരുതര കുറ്റങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്കും നിരവധി പരാതികളാണ് ലഭിച്ചത്. പിഎസ്സി ഉദ്യോഗാർത്ഥികൾ തന്നെ നേരിട്ട് ഗവർണർക്ക് പരാതി നൽകിയിരുന്നു. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനും പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കാനുള്ള ഗവര്‍ണറുടെ തീരുമാനമുണ്ടായത്. പരാതികളുടെ പകര്‍പ്പും മാധ്യമ വാര്‍ത്തകളും അടക്കമാണ് രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
ആസൂത്രണ ബോര്‍ഡില്‍ ഉള്‍പ്പെടെ ഗുരുതര ക്രമക്കേടാണ് പിഎസ്സിയുടെ പരീക്ഷാ നടത്തിപ്പില്‍ ഉണ്ടായത്. അഭിമുഖ പരീക്ഷകളിലും ക്രമക്കേട് നടന്നെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ആസൂത്രണബോര്ഡിലേക്ക് 58 ചോദ്യങ്ങളാണ് മൂല്യനിര്‍ണയം നടത്താതെ വിട്ടത്. ഈ കാര്യത്തിലടക്കം സര്‍ക്കാരിനെതിരെയും പിഎസ്സിക്കെതിരെയും ഹൈക്കോടതി അടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
അന്വേഷണത്തില്‍ സര്‍ക്കാരിന് അലംഭാവമെന്നാണ് ഹൈക്കോടതി ഇന്നലെ വിമര്‍ശിച്ചത്. പ്രതികളെ പിടികൂടുന്നില്ല എങ്കില്‍ അന്വേഷണം നടക്കുന്നില്ല എന്നാണ് മനസിലാക്കുന്നത്. പ്രധാന പ്രതികളെ ചോദ്യം ചെയ്യാത്തത് എന്താണെന്ന് ചോദിച്ച കോടതി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഭായി ഭായി കളിച്ചാല്‍ ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും സൂക്ഷിച്ചോളൂ എന്നും സര്‍ക്കാരിന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഒത്തുകളിച്ചാല്‍ മൂന്നാമതൊരു കൂട്ടര് കടന്നു വരാന്‍ ഇടയാകും. വേണമെങ്കില്‍ ജനങ്ങളുടെ വികാരം മനസിലാക്കിക്കോളൂ എന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് മുന്നറിയിപ്പ് നല്കി. ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് പിഎസ്സി നല്കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു വിമര്‍ശനം. എന്നാല്‍ അന്വേഷണത്തോട് പിഎസ്സി സഹകരിക്കുന്നില്ലെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നായിരുന്നു പിഎസ്സിയുടെ വാദം.
Content Highlights: Details have emerged of Governor Rajendra Arlekar’s reported recommendation to the President seeking the removal of the Kerala PSC chairman before leaving office.