

ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് പൊസിഷനിൽ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. ഒട്ടും പരിചിതമല്ലാത്ത ബാറ്റ് ചെയ്യാനിറങ്ങിയ വൈഭവ്, കരയിലേക്ക് പിടിച്ചിട്ട മീനിനെപ്പോലെ പ്രയാസപ്പെടുന്നതാണ് കണ്ടതെന്നും മൂന്നാം നമ്പറിലിറങ്ങി കളിക്കുന്നത് വൈഭവിന് വഴങ്ങുന്ന കാര്യമല്ലെന്നും അശ്വിൻ പറഞ്ഞു. അവനെ ഇറക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ അവന്റെ കംഫർട്ട് സോണായ ഓപണിംഗിൽ ഇറക്കണമെന്നും അശ്വിൻ പറഞ്ഞു.
സഞ്ജു സാംസണും അഭിഷേക് ശർമ്മയും ഓപ്പണർമാരായി എത്തിയ മത്സരത്തിൽ ആറാം ഓവറിലാണ് വൈഭവ് ബാറ്റിംഗിനിറങ്ങിയത്. എന്നാൽ എട്ട് പന്തിൽ നിന്ന് നാല് റൺസ് മാത്രമെടുത്ത് താരം പുറത്താവുകയായിരുന്നു. ഒരു യുവതാരത്തെ സംബന്ധിച്ച് ഒരു മത്സരത്തിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ കുറ്റം പറയുന്നത് ശരിയല്ലെങ്കിലും രണ്ടാം മത്സരത്തിൽമൂന്നാം നമ്പറിലിറങ്ങിയ വൈഭവ് പരാജയമായിരുന്നുവെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി.
അതേസമയം, ഇന്ത്യയുടെ മധ്യനിരക്കാരായ തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിര്‍ എന്നിവരുടെ പ്രകടനത്തെ അശ്വിൻ പ്രശംസിച്ചു. ആറ്, ഏഴ്, എട്ട് നമ്പറുകളിൽ എത്തുന്ന ഇവരുടെ പ്രകടനം ടീമിന് വലിയ കരുത്താണ് നൽകുന്നതെന്നും 181 റൺസ് വിജയലക്ഷ്യം മറികടക്കാൻ മധ്യനിരയുടെ പോരാട്ടം നിർണായകമായെന്നും അശ്വിൻ പറഞ്ഞു.
Content Highlights: ashwin on vaibhav suryavanshi batting order position