നിഗൂഢതയുണര്‍ത്തുന്ന പുത്തന്‍ പോസ്റ്ററുമായി മായന്‍ ടീം; ടീസര്‍ ഉടന്‍ പ്രേക്ഷകരിലേക്ക്

ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍

നിഗൂഢതയുണര്‍ത്തുന്ന പുത്തന്‍ പോസ്റ്ററുമായി മായന്‍ ടീം; ടീസര്‍ ഉടന്‍ പ്രേക്ഷകരിലേക്ക്
dot image

ജയസൂര്യയെ നായകനാക്കി ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രം 'മായന്‍ ചാപ്റ്റര്‍ 1'ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ടീസര്‍ ഉടന്‍ പുറത്തുവിടുമെന്ന പ്രഖ്യാപനവും പോസ്റ്ററിനൊപ്പമുണ്ട്. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം ഡിസംബര്‍ 3ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. 'ബിയോണ്ട് ദ ഷാഡോസ്' എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

പുതിയ പോസ്റ്ററിലും പോലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ കഥാപാത്രത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇരുണ്ട പശ്ചാത്തലവും തകര്‍ന്ന ചില്ലുകള്‍ക്കുള്ളിലെ കഥാപാത്രത്തിന്റെ തീവ്രമായ ഭാവവും ചിത്രത്തിന്റെ നിഗൂഢമായ അന്തരീക്ഷത്തിലേക്ക് സൂചന നല്‍കുന്നു. ടീസര്‍ ഉടന്‍ എത്തുമെന്ന പ്രഖ്യാപനം കൂടി വന്നതോടെ സിനിമയുടെ പ്രമേയത്തെക്കുറിച്ചും ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുമുള്ള ആകാംക്ഷ വര്‍ധിച്ചിരിക്കുകയാണ്. നേരത്തെ പുറത്തുവന്ന ടൈറ്റില്‍ വീഡിയോയും ചിത്രത്തിന്റെ വ്യത്യസ്തമായ കഥാലോകത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

'കളങ്കാവല്‍' എന്ന ചിത്രത്തിന് ശേഷം ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും 'മായന്‍ ചാപ്റ്റര്‍ 1'നുണ്ട്. 'ഓര്‍ഡിനറി', 'അനാര്‍ക്കലി' തുടങ്ങിയ വിജയചിത്രങ്ങള്‍ നിര്‍മ്മിച്ച രാജീവ് ഗോവിന്ദന്‍ മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. നൈല ഉഷയാണ് ചിത്രത്തിലെ നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിന്‍ ഗോപിനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

രാജ്യാതിര്‍ത്തികള്‍ കടന്നുപോകുന്ന നിഗൂഢതകളുടെ ലോകമാണ് ചിത്രം അവതരിപ്പിക്കുന്നതെന്നാണ് ഇതുവരെ പുറത്തുവന്ന സൂചനകള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള രഹസ്യ ആചാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന ശക്തികളും തമ്മിലുള്ള ബന്ധം കഥയുടെ പശ്ചാത്തലമാകുമെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധ നേടിയിട്ടുണ്ട്. കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന 'കറുത്തച്ചനൂട്ട്' എന്ന ദുര്‍മന്ത്രവാദ രീതിയും ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ടിരിക്കാമെന്ന ചര്‍ച്ചകളുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. നിഗൂഢതയും ആഗോള പശ്ചാത്തലവും സമന്വയിപ്പിക്കുന്ന മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ടീസര്‍ എത്തുന്നതോടെ സിനിമയുടെ കഥാലോകത്തെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധരും സിനിമാ പ്രേമികളും.

ഛായാഗ്രഹണം - ഫൈസല്‍ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റിംഗ് - പ്രവീണ്‍ പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - സുനില്‍ ദാസ്, ലൈന്‍ പ്രൊഡ്യൂസര്‍ - രോഹിത് ആര്‍ നായര്‍, കോസ്റ്റ്യൂം - സമീറ സനീഷ്, മേക്കപ്പ് - അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ബോസ് വി, വരികള്‍ - രാജീവ് ഗോവിന്ദന്‍, ജിതിന്‍ കെ ജോസ്, കോ - റൈറ്റര്‍ - ശ്രീഖില്‍ ശ്രീനിവാസന്‍, സ്റ്റില്‍സ് - സിനത് സേവ്യര്‍, പ്രോജക്ട് ഡിസൈനര്‍ - ആന്റണി സ്റ്റീഫന്‍, പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, വിപിന്‍ കുമാര്‍ വി.

Content Highlights: The 'Maayan' team has unveiled a new poster. A teaser will reach the audience soon. Jayasurya plays the lead role in the film.

dot image
To advertise here,contact us
dot image